കാബൂൾ: താലിബാന് കീഴിലെ സ്ത്രീ സ്വാതന്ത്ര്യം എത്രത്തോളമുണ്ടാകും എന്ന് പൊതുവേ എല്ലാവർക്കും വ്യക്തതയുള്ള കാര്യമാണ്. എന്നാൽ, അന്തർദേശിയ സമൂഹത്തിന്റെ പിന്തുണ തേടാൻ വേണ്ടി താലിബാൻ ഭരണകൂടം പ്രൊപ്പഗൻഡകളുമായി രംഗത്തുവന്നു. അഫ്ഗാനിസ്ഥാനിൽ താലിബാന് പിന്തുണയുമായി സ്ത്രീകളുടെ പ്രകടനം നടന്നു. മുഖവും ശരീരവും പൂർണമായി മറച്ച പർദ്ദയണിഞ്ഞ് എത്തിയ മൂന്നൂറോളം സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടുകയും താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

താലിബാന് എതിരെ അഫ്ഗാനിൽ ഉയരുന്ന പ്രതിഷേധങ്ങൾക്ക് മറുപടിയെന്ന നിലയിലാണ് പ്രകടനം നടന്നത്. താലിബാൻ അനുയായികളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പ്രകടനം സംഘടിപ്പിച്ചത്. എന്നാൽ, മുഖം മറയ്ക്കാതെ നേരത്തെ സ്ത്രീകൾ നടത്തിയ പ്രകടനത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു താലിബാൻ അനുയായികളുടെ പ്രകടനം. പാശ്ചാത്യ സംസ്‌കാരത്തിന് എതിരായ താലിബാൻ നേതാക്കൾ നടത്തിയ പ്രസംഗത്തിനിടെ ഇവർ താലിബാൻ പതാക ഉയർത്തി അഭിവാദ്യമർപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിൽ താലിബാന് എതിരെ സ്ത്രീകൾ വൻതോതിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇവർക്കെതിരെ താലിബാൻ വെടിയുതിർക്കുകയും ചെയ്തു. തങ്ങൾ ഈ പ്രതിഷേധത്തിന് എതിരാണെന്നും സ്ത്രീകളുടെ ശരീര സൗന്ദര്യം കണ്ടാണ് സമരക്കാർ അവരെ തെരുവിലേക്ക് ക്ഷണിക്കുന്നതെന്നും പരിപാടിയിൽ പങ്കെടുത്ത ഒരു യുവതി പറഞ്ഞു. മുഖവും ശരീരവും മറച്ച് ജീവിക്കുന്നതിൽ സന്തോഷമാണെന്നും പഴയ സർക്കാർ അഫ്ഗാൻ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും ഇവർ പറഞ്ഞു. താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ വർധിച്ചതായും പരിപാടിയിൽ പങ്കെടുത്തവർ അവകാശപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മന്ത്രി സഭയിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായേക്കുമെന്ന പ്രതീക്ഷ ഇനി വേണ്ട. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സൂചന താലിബാൻ വക്താവ് നൽകിയിരുന്നു. സ്ത്രീകൾ കുട്ടികളെ പ്രസവിക്കുകയാണ് വേണ്ടതെന്നാണ് താലിബാൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കുകയായിരുന്നു.

താലിബാന്റെ ആൺമേൽക്കോയ്മയിലുള്ള മന്ത്രിസഭാ രൂപീകരണം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ പ്രകോപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തി അവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പുരുഷന്മാർ മാത്രം അടങ്ങുന്ന സർക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും താലിബാൻ വക്താവ് സയിദ് സെക്രുള്ള ഹാഷിമിയാണ് മറുപടി നൽകിയത്. ''ഒരു സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല, അത് അവൾക്ക് താങ്ങാൻ കഴിയാത്ത ഭാരം കഴുത്തിൽ വെച്ചു കൊടുക്കുന്നതു പോലെയാണ്,'' എന്നാണ് ഹാഷിമി ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

തന്റെ വാക്കുകൾ തുടർന്ന ഹാഷിമി, ഒരു സ്ത്രീ മന്ത്രി സഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല എന്നും, സ്ത്രീകൾ ''പ്രസവിക്കുകയാണ് വേണ്ടതെന്നും'' കൂട്ടിച്ചേർത്തു. ''പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കാൻ സാധിക്കില്ലെന്നും'' ഹാഷിമി പറഞ്ഞു.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ഭരണം നിലവിൽ വന്നതോടു കൂടി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത പൗരാവകാശങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ വിറങ്ങലിച്ച് കഴിയുകയാണ് അഫ്ഗാൻ വനിതകൾ. താലിബാൻ വീണ്ടും ഭരണത്തിലെത്തിയപ്പോൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അഫ്ഗാൻ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ താലിബാൻ നേതാക്കൾ പറഞ്ഞത് ശരിയാ നിയമങ്ങൾക്കനുസൃതമായി സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ്.

അതേസമയം, ഇതിനോടകം തന്നെ സ്ത്രീകൾക്കെതിരായ പല ആക്രമ സംഭവങ്ങൾക്കും അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചു, ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചു, അത് പോലെ താലിബാൻ നേതൃത്വം സ്ത്രീകളുടെ 'അവകാശ പരിധി'യ്ക്ക് പുറത്തെന്നു കരുതുന്ന പല കാര്യങ്ങളിൽ നിന്നും അവരെ വിലക്കിയിരിക്കുകയാണ്.

ഇതിന് മുൻപ് 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിലാണ് താലിബാനികൾ അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്നത്. അന്ന് സ്ത്രീകൾക്ക് പുറത്തിറങ്ങി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല, പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ അനുവാദമില്ലായിരുന്നു. സ്ത്രീകൾക്ക് വീട്ടിൽ നിന്നും പുറത്തു പോകേണ്ട സാഹചര്യം വന്നാൽ അവരുടെ മുഖം മറയ്ക്കണമായിരുന്നു. കൂടാതെ തനിയെ പോകാൻ അനുവാദമില്ല, അടുത്ത ബന്ധത്തിലുള്ള ആണുങ്ങൾ ഒപ്പം വേണം ഇത്തരത്തിലുള്ള അടിച്ചമർത്തലുകളാണ് സ്ത്രീകൾ അന്നു നേരിട്ടിരുന്നത്.

അഫ്ഗാനിസ്ഥാന്റെ പുതിയ പുരുഷ കേന്ദ്രീകൃത സർക്കാരിനെതിരെ പ്രതിഷേധിച്ച അഫ്ഗാൻ സ്ത്രീകളെ ബുധനാഴ്ച താലിബാൻ ആട്ടിയോടിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താലിബാൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധകരെ ചാട്ടയും വടിയുപയോഗിച്ച് മർദ്ദിച്ചു എന്നാണ് സിഎൻഎൻ റിപ്പോർട്ട്. പ്രതിഷേധത്തിനെത്തിയ സ്ത്രീകളിൽ ചിലർ 'അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നീണാൾ വാഴട്ടെ' എന്ന് വിളിച്ച് പറയുന്ന വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സാക്ഷികളുടെ മൊഴി അനുസരിച്ച്, പ്രകടനങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെയും താലിബാൻ മർദ്ദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.