- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സുരക്ഷ' പ്രശ്നത്തിൽ കുരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ്; ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും കൈവിട്ടു; ഇനി പ്രതീക്ഷ അഫ്ഗാനിസ്ഥാനിൽ; പരമ്പര ക്രമീകരിക്കാൻ നീക്കം; അഫ്ഗാനിൽ ക്രിക്കറ്റ് കളിക്കാൻ ബാബർ അസമും സംഘവും
കറാച്ചി: സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീം പര്യടനത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടുത്ത പ്രതിസന്ധിയിൽ. രണ്ട് പരമ്പരകൾ ഒഴിവായതോടെ ഉണ്ടായേക്കാവുന്ന വരുമാന നഷ്ടം അടക്കം പ്രതിസന്ധിയെ ഏങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് ബോർഡ് അധികൃതർ. ഇതിനിടെ അഫ്ഗാനിസ്ഥാനുമായി ഒരു ക്രിക്കറ്റ് പരമ്പര ക്രമീകരിക്കാനുള്ള നീക്കം ആരംഭിച്ചു.
പരമ്പരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫസ്ലി ഞായറാഴ്ച പാക്കിസ്ഥാനിലെത്തും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജയുമായി അദ്ദേഹം ചർച്ച നടത്തും.
റമീസ് രാജയെ കാണാൻ ഫസ്ലി എത്തുന്ന വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ വിശ്വസനീയമായ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം തന്നെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിക്കാനാണ് ഫസ്ലിയുടെ സന്ദർശനം.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഈ വർഷം സെപ്റ്റംബറിൽ പരമ്പര കളിക്കാൻ ഇരുന്നതാണ്. ഇതിനിടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റതോടെ പരമ്പര റദ്ദാക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷമുള്ള ഇടവേളയിൽ പരമ്പര ക്രമീകരിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്.
അതേസമയം, താലിബാൻ രൂപീകരിച്ച സർക്കാരിന് പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി അംഗീകാരം നൽകാത്തതിനാൽ അവരുമായി ക്രിക്കറ്റ് പരമ്പര ക്രമീകരിക്കുന്നതിൽ പിസിബിക്ക് പരിമിതികളുണ്ട്. അഫ്ഗാനിലെ താലിബാൻ ഭരണകൂടം വനിതകൾ ക്രിക്കറ്റ് കളിക്കുന്നത് വിലക്കിയാൽ, അഫ്ഗാൻ പുരുഷ ടീമിനെ അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് വിലക്കുന്ന കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പരിഗണിക്കുന്നുമുണ്ട്.
താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചില വനിതാ ഫുട്ബോൾ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാജ്യം വിട്ടിരുന്നു. വനിതകൾ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് താലിബാൻ വിലക്കിയേക്കുമെന്ന ഭയത്തെ തുടർന്നായിരുന്നു ഇത്.
സ്പോർട്സ് ഡെസ്ക്