- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്താനിൽ താലിബാൻ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് ഇന്ത്യ; കലാപത്തിലൂടെ അധികാരം പിടിക്കാനുള്ള നീക്കം ലോകം അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി; ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും എസ്. ജയശങ്കർ
ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് ഇന്ത്യ. സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാനിൽ അധികാരം സ്ഥാപിക്കാൻ താലിബാൻ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്ന്
കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്.സി.ഒ.) സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണപരമ്പരകൾ നടത്തി രാജ്യത്തിന്റെ വിവിധ മേഖലകളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. അഫ്ഗാനിസ്താന്റെ 85 ശതമാനം പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചുവെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇത് തള്ളി.
സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടത്. കലുഷിതമായ രാജ്യത്തിന്റെ ചരിത്രത്തേയല്ല ഭാവിയിൽ അഫ്ഗാൻ ജനത കാണാൻ ആഗ്രഹിക്കുന്നത്. പ്രതീക്ഷയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന തലമുറ വളർന്നുവരുമ്പോൾ ഒരിക്കലും അവരുടെ പ്രതീക്ഷകളെ തകർക്കുന്ന നീക്കങ്ങളുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, സാമ്പത്തിക മേഖല എന്നിവ നേരിടുന്ന തകർച്ചയാണ് മേഖലയിലെ പ്രധാന പ്രശ്നമെന്നും ജയശങ്കർ പറഞ്ഞു.
താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്സെ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്