- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ തനിസ്വരൂപം പുറത്തെടുക്കും മുമ്പ് രക്ഷാപ്രവർത്തനം സജീവം; കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാമോയെന്ന് അമ്മമാരുടെ നിലവിളികളിൽ നെഞ്ചുപൊട്ടി ലോകം; അമേരിക്കൻ പിന്മാറ്റം സുരക്ഷിതമാക്കാൻ കാബൂളിനു മുകളിൽ വട്ടമിട്ടു യുഎസ് യുദ്ധവിമാനങ്ങൾ; അറബിക്കടലിൽ വിമാനവാഹിനിക്കപ്പലും
കാബൂൾ: അഫ്ഗാനിസ്ഥാൻ എന്ന രാഷ്ട്രം ഇപ്പോൾ പൂർണ്ണമായും താലിബാന്റെ അധീനതയിലാണ്. അധികം ഒരു പുതിയ ഭരണകൂടം സൃഷ്ടിക്കുക എന്ന ലക്ഷ്യം ഉള്ളതു കൊണ്ടും നാറ്റോയുമായും കരാർ ഒപ്പുവെച്ച സാഹചര്യത്തിലും ഈ ഭീകര സംഘടന ഇതിനോടകം അതിന്റെ ഭീകര രൂപം പുറത്തെടുത്തിട്ടില്ല. അങ്ങനെ ഉഗ്രരൂപം പ്രാപിക്കും മുമ്പുള്ള രക്ഷാപ്രവർത്തനങ്ങളാണ് അഫ്ഗാനിലെങ്ങും നടക്കുന്നത്. എങ്ങും പ്രാണരക്ഷാർഥമുള്ള പരക്കം പാച്ചിലുകളാണ്.
ഇതിനിടെ നെഞ്ചുപൊട്ടുന്ന ഒരു വീഡിയോയും സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്. താലിബാൻ ഭരണം പിടിച്ചതോടെ ഭയചകിതരായി നാടുവിടുന്ന അഫ്ഗാൻ ജനതയുടെ ദൈന്യതയുടെ നേർസാക്ഷ്യമാണ് ഈ വീഡിയോ. താലിബാന്റെ വരവിൽ ജീവിതം ദുസഹമാകുമെന്ന് വ്യക്തമായതോടെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒരുകൂട്ടം അമ്മമാരുടെ ശ്രമമാണ് വിഡിയോയിലുള്ളത്. കാബൂൾ വിമാനത്താവളത്തിനു കാവൽ നിൽക്കുന്ന യുഎസ്ബ്രിട്ടിഷ് സംയുക്ത സൈന്യത്തെ സുരക്ഷാ മതിലിന് ഇപ്പുറത്തുനിന്ന് ഒരു കുടുംബം കൈക്കുഞ്ഞിനെ ഏൽപ്പിക്കുന്നതാണ് വിഡിയോ ദൃശ്യം. താലിബാൻ ഭീകരതയെ എത്രത്തോളം ഇവർ ഭയക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ വീഡിയോയിലുള്ളത്.
താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ രാജ്യം വിടാനുള്ള തത്രപ്പാടിൽ കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിലെത്തിയ കുടുംബമാണ് തങ്ങളുടെ കൈക്കുഞ്ഞിനെ മതിലിനു മുകളിൽ നിൽക്കുന്ന യുഎസ് പട്ടാളക്കാരെ ഏൽപ്പിച്ചത്. വിമാനത്താവളത്തിന്റെ കവാടങ്ങൾ അടച്ചതോടെ ഒട്ടേറെ അമ്മമാരാണ് പരിഭ്രാന്തരായി കുട്ടികളെ യുഎസ് ബ്രിട്ടിഷ് സൈനികരെ ഏൽപ്പിക്കാൻ ശ്രമിച്ചത്. കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചായിരുന്നു ഇത്.
താലിബാന്റെ വരവിൽ ഭയചകിതരായ അഫ്ഗാൻ ജനത കൂട്ടത്തോടെ വിമാനത്താവളത്തിലെത്തി നാടുവിടാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങൾ ലോക മനഃസാക്ഷിയെ നോവിക്കുന്നതിനിടെയാണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനുള്ള അമ്മമാരുടെ ശ്രമം വിഡിയോ ദൃശ്യങ്ങളായി പുറത്തുവരുന്നത്. അതേസമയം, ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ആ കുഞ്ഞിനെ യുഎസ് സൈനികരെ ഏൽപ്പിച്ചതെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി വ്യക്തമാക്കി.
'നിങ്ങൾ സൂചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കണ്ടു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ സൈനികരെ ഏൽപ്പിച്ചത്. തുടർന്ന് സൈനികർ മതിലിനു മുകളിൽ കയറിനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി വിമാനത്താവളത്തിനുള്ളിലെ നോർവീജിയൻ ആശുപത്രിയിലാക്കി. ചികിത്സ ഉറപ്പാക്കിയശേഷം കുഞ്ഞിനെ മാതാപിതാക്കളെ തിരികെ ഏൽപ്പിക്കുകയും ചെയ്തു' ജോൺ കിർബി പറഞ്ഞു.
താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്ഥാനിൽനിന്ന് പൗരന്മാരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ. രക്ഷാദൗത്യം തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താലിബാന് മുന്നറിയിപ്പു നൽകിയിരുന്നു. കാബൂൾ വിമാനത്താവളം ഇപ്പോഴും യുഎസ് നിയന്ത്രണത്തിലാണ്.
അതിനിടെ താലിബാൻ ഭീകരരെ നിരീക്ഷിച്ച് കാബൂളിന് മുകളിൽ വട്ടമിട്ടു പറക്കുകയാണ് അമേരിക്കൻ വ്യോമസേനയുടെ വിമാനങ്ങൾ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം സുരക്ഷിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർവിമാനങ്ങൾ രംഗത്തുള്ളത്. അറബിക്കടലിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്നാണ് പോർവിമാനങ്ങളിൽ പലതും പറന്നുയരുന്നത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ നീക്കങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ ആഴ്ചകൾക്ക് മുൻപ് തന്നെ യുഎസ്എസ് റൊണാൾഡ് റീഗൺ അറബിക്കടലിൽ വിന്യസിച്ചിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചടക്കൽ വേഗത്തിലാവുകയും കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ പോലും രാജ്യം വിട്ടു പോകാൻ ശ്രമിക്കുന്നവരുടെ തള്ളിക്കയറ്റം കൂടുകയും ചെയ്തിരുന്നു. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ മാത്രം 5,200 സൈനികരെയാണ് പോർവിമാനങ്ങളിലും ഹെലിക്കോപ്റ്ററുകളിലുമായി അമേരിക്ക എത്തിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം സുരക്ഷിതമായും വിജയകരമായും പൂർത്തിയാക്കുന്നതിൽ ഈ വിമാനത്താവളത്തിന് നിർണായക പങ്കുണ്ട്.
കാബൂൾ നഗരത്തിനു മുകളിലൂടെ വളരെ താഴ്ന്ന് അമേരിക്കൻ പോർവിമാനങ്ങൾ പറക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് വസ്തുതയല്ലെന്നും ആവശ്യത്തിന് അകലം പാലിച്ചുകൊണ്ടാണ് പോർവിമാനങ്ങൾ പറക്കുന്നതെന്നുമാണ് പെന്റഗൺ വക്താവ് ജോൺ കിർബി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇത്തരം പോർവിമാനങ്ങൾ ആവശ്യം വന്നാൽ ആയുധങ്ങൾ പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് തന്ത്രപരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി: 'പൗരന്മാരേയും സൈനികരെയും സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്'.
ജാപ്പനീസ് തീരത്തായിരുന്ന യുഎസ്എസ് റൊണാൾഡ് റീഗൺ ജൂണിലാണ് അറബിക്കടലിലേക്ക് എത്തുന്നത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സേനാ പിന്മാറ്റം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു അത്. എഫ്/എ18, എഫ് 16, എവി 8 പോർവിമാനങ്ങൾ, എസി 130 പടക്കപ്പൽ, ബി52 എംക്യു 9 നിരീക്ഷണ ഡ്രോണുകൾ എന്നിവയെല്ലാം കാബൂളിന്റെ ആകാശത്ത് സജീവമാണ്. ഇവയ്ക്ക് പുറമേ കൂടുതൽ പേരെ അഫ്ഗാന് പുറത്തെത്തിക്കുന്നതിന് സി 17എസ്, സി 130 എന്നീ യാത്രാ ജെറ്റുകളും കാബൂളിലേക്ക് പറക്കുന്നുണ്ട്.
ഏകദേശം 7,000 അമേരിക്കൻ സൈനികരാണ് കാബൂൾ വിമാനത്താവളത്തിന്റെ മാത്രം സുരക്ഷാ ചുമതല നിർവഹിക്കുന്നത്. ആദ്യഘട്ടത്തിൽ കുറഞ്ഞത് 22,000 അഫ്ഗാനികളെയെങ്കിലും അമേരിക്കയിലേക്ക് എത്തിക്കാൻ ബൈഡൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ അഫ്ഗാൻ ഭരണത്തെ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്തിരുന്നവരിൽ താലിബാനിൽ നിന്നും ജീവന് ഭീഷണി നേരിടുന്നവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 31നകം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർത്തിയാക്കാനാണ് അമേരിക്കൻ തീരുമാനം. ഓരോ ദിവസവും 5,000 മുതൽ 9,000 പേരെ വരെ അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തെത്തിക്കാനാണ് ശ്രമം.
മറുനാടന് ഡെസ്ക്