- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഥനില്ലാത്ത വയലന്റ് സമരം മുന്നേറുന്നത് കണ്ണിൽ കാണുന്നതെല്ലാം തച്ചു തകർത്ത്; അഗ്നിപഥ് പ്രക്ഷോഭത്തിന് പിന്നിലാരെന്ന് കേന്ദ്രത്തിനും ഉത്തരമില്ല; ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളെന്ന നിഗമനമെങ്കിലും തെളിവില്ല; തൊഴിലില്ലാ യുവതയുടെ രോഷം അണപൊട്ടിയതെന്ന് രാഷ്ട്രീയ പാർട്ടികൾ; അഗ്നിപഥിനെതിരെ കോൺഗ്രസും
പട്ന: ഇന്ത്യൻ സൈന്യത്തിലെ വിപ്ലവകരമായ തീരുമാനം എന്നു പറഞ്ഞാണ് അഗ്നിപഥിനെ കേന്ദ്രസർക്കാർ മുന്നോട്ടു വെച്ചത്. എന്നാൽ ദ്വീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ യുവാക്കൾക്ക് കാര്യമായി പ്രയോജനം ചെയ്യില്ലെന്ന് മനസ്സിലാക്കിയതോടെ തൊഴിലില്ലാത്ത ജനത തെരുവിൽ ഇറങ്ങി കണ്ണിൽ കാണുന്നതെല്ലാം തച്ചു തകർക്കുന്ന അവസ്ഥയിലേക്ക് അഗ്നിപഥ് വിരുദ്ധ സമരം മാറി. ബിഹാറിനെയും ഉത്തർപ്രദേശിനെയും പോലെ തൊഴിലില്ലാ നിരക്ക് ഉയർന്ന സംസ്ഥാനങ്ങളിലാണ് വലിയ അക്രമം അരങ്ങേറുന്നത്. കർഷകർ സമരത്തെയും കടത്തി വെട്ടുന്ന വിധത്തിൽ വയലന്റ് സമരത്തിന്റെ പിടിയിലാണ് ഉത്തരേന്ത്യ.
ആരും ആഹ്വാനം ചെയ്യാതെയാണ് യുവാക്കൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇരച്ചു കയറുന്നതും ട്രെയിനുകൾക്ക് തീയിടുന്നതും. ഒരു രാഷ്ട്രീയ പാർട്ടിയും ആഹ്വാനം ചെയ്യാത്ത ഈ അക്രമ സമരത്തിന് പിന്നിലാരെനന്ന ചോദ്യം കേന്ദ്രത്തെയും കുഴയ്ക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റെയിൽവേ റിക്രൂട്മെന്റുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിന്റെ രീതിയിലാണ് ഇപ്പോൾ അഗ്നിപഥ് വിരുദ്ധ സമരങ്ങൾ ശക്തമായിരിക്കുന്നത്. ജനുവരിയിലെ സമരത്തിനും രാഷ്ട്രീയ കക്ഷികളുടെ നേതൃത്വമില്ലാതെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങുകയായിരുന്നു. ഇതോടെ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളാണോ ഇതിന് പിന്നിലെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.
കൃഷി നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനും രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വമില്ലായിരുന്നു. എന്നാൽ, അന്ന് സമരക്കാർ ആരെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുന്നത് ആരെന്നും കേന്ദ്ര സർക്കാരും ബിജെപിയും പല ആരോപണങ്ങളും ഉന്നയിച്ചു. രാഷ്ട്രീയക്കാരെ മുഖ്യ സമരവേദികളിൽനിന്ന് അകറ്റി നിർത്തുകയെന്നത് സമരക്കാരുടെ ബോധപൂർവമായ തീരുമാനമായിരുന്നു.
റെയിൽവേയിൽ സാങ്കേതികമല്ലാത്ത ജോലികൾക്കുള്ള റിക്രൂട്മെന്റ് പരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചാണ് ബിഹാറിലും യുപിയിലുമൊക്കെ ഉദ്യോഗാർഥികൾ സമരത്തിനിറങ്ങിയത്. സമരക്കാർ ബിഹാറിലെ ഗയയിൽ ഒരു ട്രെയിൻ കത്തിക്കുകയും പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളും മറ്റുമാണ് സമരത്തിനു പ്രേരിപ്പിക്കുന്നതെന്ന ആരോപണം സർക്കാർ കേന്ദ്രങ്ങളിൽനിന്ന് അന്ന് ഉയർന്നിരുന്നു. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ആരും പുറത്തുവിട്ടതുമില്ല. അന്നും ഉദ്യോഗാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് പല രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. എന്നാൽ, അന്നും ഇപ്പോഴും സമരനേതാക്കളെന്നു പറയാൻ ആരുമില്ലെന്നതു ശ്രദ്ധേയമാണ്.
സൈന്യത്തിലേക്കുള്ള നിയമനം 2 വർഷമായി നിർത്തിവച്ചിരിക്കുകയാണ്. അത് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഹ്രസ്വകാല പദ്ധതിയുമായി സർക്കാർ രംഗത്തെത്തിയത്. ഇതാണ് ഉദ്യോഗാർഥികൾക്കു വലിയ നിരാശയ്ക്കു കാരണമായത്. പ്രക്ഷോഭം ശക്തമായിരിക്കുന്ന സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും തൊഴിലില്ലായ്മ നിരക്കിൽ ദേശീയ ശരാശരിയെക്കാൾ മുകളിലാണ്.
വ്യാപക അക്രമം, 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; ബിഹാറിൽ ബന്ദ്
അതേസമയം 'അഗ്നിപഥി'നെതിരായ പ്രതിഷേധം ഉത്തരേന്ത്യയിൽ തുടരുകയാണ്. ഇരുനൂറിലധികം ട്രെയിനുകൾ റദ്ദാക്കി. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്കു പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ 340 ട്രെയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബിഹാറിലെ 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇതു തുടരും. ബിഹാറിൽ ശനിയാഴ്ച ആർജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ദർഭംഗയിൽ സ്കൂൾ ബസിനുനേരെ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതി ആക്രമിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. മധേപുരയിൽ ബിജെപി ഓഫീസിന് തീയിട്ടു. ദക്ഷിണ റയിൽവേ ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കുമുള്ള എല്ലാ ട്രെയിനുകളും താൽകാലികമായി റദ്ദാക്കി.
ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലെ സെക്കന്ദരബാദിൽ പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബസുകൾ തകർത്തു. വിവിധയിടങ്ങളിൽ ട്രെയിനുകൾക്ക് തീയിട്ടു. എന്നാൽ പദ്ധതി പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൂചിപ്പിച്ചു.
തീവണ്ടികൾ നിന്നു കത്തുന്നു, സ്കൂൾ ബസുകളും ബന്ദികളാക്കി
അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭത്തിൽ ബിഹാർ കലാപഭൂമിയായി. 10 ട്രെയിനുകൾക്കാണു തീയിട്ടത്. ദാനാപുർ, സമസ്തിപുർ, ലഖിസരായി, ഭോജ്പുർ, വൈശാലി, നളന്ദ, സുപോൾ, ഹാജിപുർ എന്നിവിടങ്ങളിലാണു പ്രക്ഷോഭകർ സംഘടിത ആക്രമണങ്ങൾ നടത്തിയത്. പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസം റെയിൽവേ സ്റ്റേഷനുകൾക്കു നേരെയുണ്ടായ ആസൂത്രിത ആക്രമണങ്ങൾ തടയാൻ കഴിയാത്തതു സുരക്ഷാ, ഇന്റലിജൻസ് വീഴ്ചയായി.
നഗര മേഖലകളിലും പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ദ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്. പട്ന നഗരത്തിലെ ദാനാപുർ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന അക്രമി സംഘം ട്രെയിനുകൾക്കും സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന വാഹനങ്ങൾക്കും തീയിട്ടു. ഫറാഖ എക്സ്പ്രസ് ട്രെയിനിലെ ഏതാനും ബോഗികൾ കത്തിനശിച്ചു.
ലഖിസരായി സ്റ്റേഷനിൽ വിക്രംശില എക്സ്പ്രസിനും ഇസ്ലംപുരിൽ മഗധ എക്സ്പ്രസിനും തീവച്ചു. ഫതുവയിൽ രാജ്ഗിർ ധാനാപുർ എക്സ്പ്രസാണ് അഗ്നിക്കിരയാക്കിയത്. അക്രമങ്ങളെ തുടർന്ന് പട്ന ബക്സർ റൂട്ടിൽ 5 മണിക്കൂറോളം ഗതാഗതം മുടങ്ങി. ബിഹാർ മേഖലയിൽ 45 സർവീസുകൾ റദ്ദാക്കുകയും 17 ട്രെയിനുകൾ യാത്ര പാതി വഴിക്കു നിർത്തുകയും ചെയ്തു. ദർഭംഗയിൽ സ്കൂൾ ബസ് തടഞ്ഞിട്ട അക്രമികൾ കുട്ടികളെ മണിക്കൂറുകളോളം ബന്ദികളാക്കി. സ്കൂൾ ബസിനുള്ളിൽ ഭയചകിതരായ കുട്ടികൾ കരഞ്ഞു വിളിക്കുന്ന ദൃശ്യങ്ങൾ പ്രക്ഷോഭത്തിന്റെ ഭീകരതയ്ക്കു തെളിവായി. പൊലീസ് സംഘമെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
അഗ്നിപഥ് ഉപേക്ഷിക്കണമെന്ന് കോൺ്ഗ്രസ്
അതേസമയം കേന്ദ്രസർക്കാറിനെതിരായ പ്രതിഷേധമായി അഗ്നിപഥ് വിരുദ്ധ സമരം മാറുമ്പോൾ അതിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നു. അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ജെഡിയുവും ആവശ്യപ്പെട്ടു. രാജ്യത്തിന് എന്താണ് ആവശ്യമെന്ന് പ്രധാനമന്ത്രിക്കു ബോധ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആസൂത്രണമില്ലാതെ നടപ്പിലാക്കിയ പദ്ധതിയെന്ന് പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. എന്നാൽ മുതിർന്ന നേതാവും ഏ23 അംഗവുമായ മനീഷ് തിവാരി പദ്ധതിയെ പിന്തുണച്ചത് കോൺഗ്രസിന് തലവേദനയായി.
അഗ്നിപഥ് പദ്ധതിക്കെതിരെ ബംഗാളിലും വൻ പ്രക്ഷോഭം ആരംഭിച്ചു. ഹൗറ പാലത്തിൽ ഗതാഗതം തടഞ്ഞ പ്രതിഷേധക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ ഗതാഗതം സ്തംഭിപ്പിച്ചു. കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച സമരക്കാർ കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ വീടിനടുത്തെത്തി. സമരത്തിന് തൃണമൂൽ കോൺഗ്രസ് പരോക്ഷ പിന്തുണ നൽകുകയാണ്.
മറുനാടന് ഡെസ്ക്