കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതും വിലക്കിയ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാകുക രാഷ്ട്രീയ പാർട്ടികൾക്ക്. അദ്ധ്യാപകർക്ക് മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഉത്തരവിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതൽ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷൻബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകൾ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. ഇതേ തുടർന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പല രാഷ്ട്രീയ പാർട്ടികൾക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അദ്ധ്യാപകർക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ രാജിവയ്ക്കേണ്ടിവരും.

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളായി മത്സര രംഗത്ത് എത്താറുള്ളത് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരാണ്. പ്രാദേശികമായി ജനങ്ങൾക്കിടയിലുള്ള ബന്ധവും മികച്ച പ്രതിച്ഛായയുമടക്കമുള്ള അനുകൂല ഘടകങ്ങളാണ് ഇവരുടെ സ്ഥാനാർത്ഥിത്വത്തിന് അനുകൂല ഘടകമാകുന്നത്.

സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിലും എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് അടക്കം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കുട്ടികളെ പഠിപ്പിക്കുകയെന്ന പ്രഥമ കർത്തവ്യം മാറ്റിവച്ചാണ് എയ്ഡഡ് അദ്ധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു ഹർജിക്കാരെന്റെ വാദം.

എന്നാൽ, എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം രാഷ്ട്രീയ പ്രവർത്തനത്തിന് ചട്ട പ്രകാരം അനുമതിയുണ്ടെന്നായിരുന്നു സർക്കാർ വാദം. സർക്കാറിൽ നിന്ന് പ്രതിഫലം പറ്റുന്നവരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യരാക്കുന്ന നിയമത്തിൽ നിന്ന് എയ്ഡഡ് അദ്ധ്യാപകർക്ക് ഇളവുണ്ട്.

1951ലെ കേരള ലെജിസ്േലറ്റീവ് അസംബ്ലീ റിമൂവൽ ഓഫ് ഡിസ്‌ക്വാളിഫിക്കേഷൻ നിയമത്തിലെ (അയോഗ്യതക്ക് ഇളവ് അനുവദിക്കൽ) 2(iv) വകുപ്പ് പ്രകാരമാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ നിയമത്തി?െന്റ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റർ 4(എ) തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകർക്ക് അവകാശം നൽകുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സ്‌കൂളുകളിലെ നിയമനം സർക്കാറും എയ്ഡഡ് സ്‌കൂളിലേത് മാനേജ്‌മെന്റുകളുമാണ് നടത്തുന്നത്.

കാഷ്വൽ ലീവ് പോലുള്ളവയുടെ കാര്യത്തിലെന്ന പോലെ സർക്കാർ മേഖലക്കും എയ്ഡഡിനും ഒരു പോലെ ബാധകമാക്കി കേരള വിദ്യാഭ്യാസ നിയമവും ചട്ടവും പ്രത്യേകം വ്യവസ്ഥ ചെയ്യാത്തതൊന്നും എയ്ഡഡ് മേഖലക്ക് ബാധകമാവില്ലെന്നും വ്യക്തമാക്കി.

എന്നാൽ, സർക്കാറിന്റെ പ്രതിഫലം പറ്റുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവകാശമില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരാണെങ്കിലും ശമ്പളം നൽകുന്നത് സർക്കാറാണ്.

അതിനാൽ, തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ ഇവർക്ക് അധികാരമില്ല. ഇതിന് വിരുദ്ധമായി കൊണ്ടുവന്ന അയോഗ്യതക്ക് ഇളവ് അനുവദിക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭരണഘടനാനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകെര മൽസരിക്കുന്നതിൽ നിന്ന് വിലക്കി കോടതി ഉത്തരവിട്ടത്.

എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരായ ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തനത്തിനായി പോകുന്നതോടെ സ്‌കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്‌കൂൾ ഉപേക്ഷിക്കുകയും എയ്ഡ്ഡ് ഡിവിഷനുകൾ നഷ്ടപ്പെടുന്ന സാഹചര്യവും രൂപപ്പെടുകയും ചെയ്തിരുന്നു.

എസ്സിഇആർടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) അടക്കമുള്ളയിടങ്ങളിൽ വിവിധതരം ജോലികൾക്കായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇത്തരം അദ്ധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്നില്ല. ഇതിനു പുറമേയാണു മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനവുമായും അദ്ധ്യാപകർ ഇറങ്ങിയിരുന്നത്. അദ്ധ്യാപകർ മറ്റു ജോലികൾക്കായി പോകുമ്പോൾ ഒഴിവുകളിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യത്തിനും സർക്കാർ അംഗീകാരം നൽകിയിരുന്നില്ല.

കൂടാതെ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകർക്ക് 'പൊതുപ്രവർത്തനത്തിന്' കൂടുതൽ അവധികൾ അനുവദിക്കാനുള്ള ഇടത് സർക്കാർ നീക്കങ്ങൾ അടക്കം നേരത്തെ വിവാദമായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളായിരുന്ന എയ്ഡഡ് സ്‌കൂൾ, കോളജ് അദ്ധ്യാപകർക്കു തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ ആവശ്യങ്ങൾക്കായി പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് സർക്കാർ അനുവദിച്ച നടപടി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു വർഷം 200 അക്കാദമിക് ദിവസങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുള്ളപ്പോൾ അദ്ധ്യാപകർക്ക് അവധി നൽകാനുള്ള തീരുമാനമാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നത്.