- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയിലേക്ക്; അമൃതസർ, വാരണാസി, ഭുവനേശ്വർ, ഇൻഡോർ, റായ്പുർ, ട്രിച്ചി എയർപോർട്ടുകളുടെ സ്വകാര്യവത്ക്കരണത്തിൽ തീരുമാനം നാളത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ; സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക നീണ്ടതാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി
ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദ്ദേശം നാളെ മന്ത്രിസഭായോഗത്തിൽ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലയമായ യുപിയിലെ വാരണാസി, പഞ്ചാബിലെ അമൃത്സർ, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ചത്തീസ്ഗഡിലെ റായ്പൂർ വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുള്ളത്. ഇതാണ് നാളത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുക.
വിമാനത്താവളങ്ങളെ രണ്ടാംഘട്ടമായി സ്വകാര്യവത്കരിക്കാനാണ് നീക്കം. ആദ്യഘട്ടമായി തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങൾ പൊതു–-സ്വകാര്യ പങ്കാളിത്തിലാക്കാൻ(പിപിപി ) കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഈ ആറുവിമാനത്താവളങ്ങളുടെയും കരാർ നേടിയത് അദാനി എന്റർപ്രൈസസാണ്. ഇതിൽ അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് പാട്ടം വ്യവസ്ഥയിൽ അദാനി ഗ്രൂപ്പിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് രണ്ടാംഘട്ടമായി ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ തീരുമാനിച്ചത്.
കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർപോർട്ട് അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള നൂറിലധികം വിമാനത്താവളങ്ങളിൽ 25ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് നീക്കം. എയർപോർട്ട് അഥോറിറ്റിക്ക് വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. നൂറിലേറെ വിമാനത്താവളങ്ങളാണ് എയർപോർട്ട് അഥോറിറ്റിയുടെ പക്കൽ ഉള്ളത്. ഇതു കുറച്ചുകൊണ്ടുവരികയാണ് സർക്കാർ നയം. സ്വകാര്യവത്കരിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക നീണ്ടതാണെന്ന് മന്ത്രി പറഞ്ഞു. 2030 ഓടെ രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിർഭർ ഭാരത് അഭിയാൻ' പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ വ്യക്തമാക്കിയിരുന്നു. നിലവിൽ 60% എയർസ്പേസ് മാത്രമാണ് യാത്രാ സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. എയർ സ്പേസിന്റെ പരമാവധി ഉപയോഗം സാധ്യമാകുന്നതിലൂടെ ഇന്ധന ഉപഭോഗവും സമയവും കുറയ്ക്കാൻ സാധിക്കും. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവർഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര നിലവാരമുള്ള വിമാനത്താവളങ്ങൾ രാജ്യത്തുണ്ടാക്കുമെന്നാണ് മന്ത്രി അന്ന് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ആറ് വിമാനത്താവളങ്ങൾ പി.പി.പി.യിലാക്കി. ഇതിൽ മൂന്നെണ്ണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ)യ്ക്കാണ് നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആറ് വിമാനത്താവളങ്ങളിൽനിന്നും ആയിരംകോടി രൂപ വരുമാനം ലഭിക്കും. നിലവിൽ ഇത് പ്രതിവർഷം 540 കോടിരൂപയാണ്. എ.എ.ഐ.ക്ക് 2,300 കോടിയുടെ ഡൗൺ പേയ്മെന്റ് ലഭിക്കും.
രണ്ടാംഘട്ടത്തിലേക്കുള്ള ആറ് വിമാനത്താവളങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ലേലവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ നടത്തും. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി 12 വിമാനത്താവളങ്ങൾ ലേലം ചെയ്യും. ഇതിലൂടെ 13,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടത്തിൽ ആറു വിമാനത്താവളങ്ങൾ കൂടി ലേലം ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്