- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ നാളെ പതാക ഉയരും; പൊതുസമ്മേളനം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ: വരും നാളുകളിൽ ഏറ്റെടുക്കേണ്ട സമര സംഘടനാ പ്രവർത്തനങ്ങൾക്കും ക്യാമ്പയിനുകൾക്കും രൂപം നൽകുന്നതിനും കെട്ടുറപ്പുള്ള സംഘടനാ സംവിധാനത്തിന്റെ തുടർച്ചകൾക്ക് രൂപം നൽകുന്നതിനുമായി എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ നാളെ പതാക ഉയരും. നിരവധിയായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂരിന്റെ മണ്ണിൽ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വന്നെത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് വിപ്ലവ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കണ്ണൂർ യുവജന പോരാളികളെ വരവേൽക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും സാമ്രാജ്യത്വ സാമ്പത്തിക നയങ്ങൾക്കും വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റത്തിനും എതിരായി അതിശക്തമായ പോരാട്ടങ്ങൾക്കാണ് രാജ്യത്ത് എഐവൈഎഫ് നേതൃത്വം നൽകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജനാധിപത്യമതനിരപേക്ഷമൂല്യങ്ങൾ ചവിട്ടിമെതിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ യോജിച്ച സമരമുഖം തുറക്കാനുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും സമ്മേളനം വേദിയാകും. വീണ്ടും സ്വാധീനമുറപ്പിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും യുവജനങ്ങളെ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന ലഹരിമാഫിയ സംഘങ്ങൾക്കെതിരെയും ആരംഭിച്ച ക്യാമ്പയിനുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകും.
സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമയ ബന്ധിതമായി പൂർത്തിയാക്കി. നാളെ വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ പ്രത്യേകം തയ്യാറാക്കിയ പ്രദീപ് പുതുക്കുടി നഗറിൽ പതാക-കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും. കുടപ്പനക്കുന്ന് ജയപ്രകാശ് സ്മൃതിമണ്ഡപത്തിൽ വെച്ച് ജി ആർ അനിൽ, അരുൺ കെ എസിനെ ഏൽപ്പിച്ച പതാക സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. പി സന്തോഷ് കുമാർ ഏറ്റുവാങ്ങും. തുടർന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തും. 3ന് കാലത്ത് പത്തിന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ(റബ്‌കോ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ് (കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ക്ഷണിതാക്കളടക്കം തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്