'കാമ്പുറത്ത് കാണാം' എന്ന ഒരു ചൊല്ലുണ്ടായിരുന്നു പണ്ട് കോഴിക്കോട്ട്. അതായത് യുവാക്കൾ തമ്മിലുള്ള ചില്ലറ പ്രശ്നങ്ങളൊക്കെ തല്ലി പരിഹരിക്കുന്നത് കാമ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു. എന്തിനാണ് ആരാണ് എതിരാളി എന്നുപോലും അറിയാത്ത പൂരത്തല്ലുകൾ ഒരു കാലത്ത് കേരളത്തിന് സുപരിചിതമായിരുന്നു. വെറുതെ നോക്കിയതിന്റെ പേരിൽപ്പോലും ''എന്താടാ നോക്കിപ്പേടിപ്പിക്കയാണോ'' എന്ന് പറഞ്ഞ് അടിപൊട്ടിയ കാലം! ഗാനമേളയായാലും, ബാലെ ആയാലും, നാടകം ആയാലും അവസാനം കൂട്ടത്തല്ല് ഉറപ്പ്. അത്തരത്തിലുള്ള വന്യമായ ഒരു പൂരപ്പറമ്പിന്റെ നടുക്ക് നിങ്ങൾ പെട്ടുപോയാൽ എങ്ങനെ ഇരിക്കും. 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ആദ്യ ചിത്രത്തിലൂടെ ചലച്ചിത്രപ്രേമികളുടെ മുക്തകണ്ഠ പ്രശംസനേടിയ ടിനുപാപ്പച്ചന്റെ രണ്ടാമത്തെ ചിത്രം 'അജഗജാന്തരം' ഒരു അടിപ്പൂരത്തിന്റെ അതേ ഇഫ്കറ്റാണ് നൽകുന്നത്. കൊട്ടും, പാട്ടും, ചീട്ടുകളിയും, കച്ചവടവും, ആനയും അമ്പാരിയും, ഒപ്പം മുട്ടിന് മുട്ടിന് അടിപിടിയുമുള്ള ഒരു കട്ട ലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കൂർ ചെലവിട്ടതിന്റെ അതേ സംത്രാസമാണ് ചിത്രം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകന് കിട്ടുന്നത്.

2018ൽ ഇറങ്ങിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന ചിത്രത്തിലെ പലരംഗങ്ങളും കണ്ട് ഈ ലേഖകനൊക്കെ അമ്പരന്നുപോയിരുന്നു. ക്രിസ്റ്റഫർ നോളനോട് കിടപിടിക്കാവുന്ന ചില രംഗങ്ങൾ ഒരു മലയാളി ഒരുക്കുകയോ. അതും ഒരു നവാഗതൻ. അതായിരുന്നു ടിനു പാപ്പച്ചൻ. ആ പ്രതീക്ഷ തന്റെ രണ്ടാമത്തെ ചിത്രത്തിലും നിലനിർത്താൻ ടിനുവിന് കഴിഞ്ഞു. മലയാള സിനിമയുടെ നിലവിലുള്ള പാറ്റേണുകളുമായി അജഗജാന്തരം വ്യത്യാസപ്പെട്ടിരിക്കുന്ന ഒരു ചിത്രമാണ്. നായികയില്ല, കഥാപാത്രങ്ങളുടെ ഡീറ്റെയിലങ്ങ് അധികമില്ല, ഒരു പൂരപ്പറമ്പിലേക്ക് ക്യാമറ അങ്ങോട്ട് അഴിച്ചുവിട്ടിരിക്കയാണ്. ടിനുവിന്റെ ഗുരുവായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനോട് ബാഹ്യ സാമ്യം തോനുന്ന ചിത്രമാണിത്. പക്ഷേ അങ്കമാലിയിൽനിന്ന് വ്യത്യസ്തമായി ഒരു ഈ ചിത്രത്തിന് പറ്റിപ്പോയത് തിരക്കഥയുടെ ബലക്കുറവാണ്. ഡീറ്റേലിങ്ങ് ഇല്ലാത്ത കഥകളുടെ ഒരു പ്രശ്നവും അതാണ്. കഥാപാത്രങ്ങളോട് നമുക്ക് ഇന്റിമസി തോന്നില്ല. തീയേറ്റർ വിട്ടാൽ ആ ബന്ധം തീർന്നു. അങ്കമാലിയിലെയും, സ്വാതന്ത്ര്യം അർധരാത്രിയിലെയും കഥപാത്രങ്ങൾ തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടുന്നതാണ്.

തല്ല് എന്നു പറഞ്ഞാൽ അന്തംവിട്ട തല്ലാണ് ചിത്രത്തിൽ. സംഘട്ടനത്തെ ഇത്രയധിയം സൗന്ദര്യത്തോടെ ഒപ്പിയെടുത്ത ചിത്രം വേറെയുണ്ടാവില്ല. കൂട്ടത്തല്ലിനിടെ ആനയിടഞ്ഞ ഉത്സവപ്പറമ്പിൽ രാത്രി അകപ്പെട്ട് പോയ പോലത്തെ അനുഭവം. ആനച്ചൂരും വെടിമരുന്നിന്റെ ഗന്ധവുമൊക്കെ ഫീൽ ചെയ്യുന്ന അവസ്ഥ.

വ്യത്യസ്തമായ ഓഡിയോ വിഷ്വൽ അനുഭവം

ശരിക്കും ഒരു ഉത്സവത്തിന്റെ ഒരു ഓഡിയോ, വിഷ്വൽ എക്സ്പീരിയൻസ് നിങ്ങൾക്ക് ഈ പടത്തിൽ കിട്ടും. ഒരു ക്ഷേത്രോത്സവ സ്ഥലത്ത് ഒരു രാത്രിയിൽ തുടങ്ങി അടുത്ത രാത്രിയിൽ അവസാനിക്കുന്ന കഥയാണിത്. വർഷങ്ങളായി ആന എത്താത്ത ഒരു ക്ഷേത്രോത്സവത്തിന് ഇത്തവണ ആനയെ കൊണ്ടുവരികയാണ് ഉത്സവക്കമ്മിറ്റിക്കാർ. 'നെയ്ശ്ശേരി പാർഥൻ' എന്ന ആനയ്ക്കൊപ്പം എത്തുന്ന പാപ്പാനും പാപ്പാന്റെ സുഹൃത്തും നാട്ടുകാരായ യുവാക്കളുമായി ഉണ്ടാവുന്ന വാക്കുതർക്കങ്ങൾ സംഘർഷങ്ങളിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാപ്പാൻ 'അമ്പി'യായി ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാൾ കൂടിയായ കിച്ചു ടെല്ലസും അമ്പിയുടെ സുഹൃത്ത് 'ലാലി'യായി ആന്റണി വർഗീസും.



ഒരു വശത്ത് ആനയുമായി നിൽക്കുന്ന അമ്പിയും ലാലിയും, മറുവശത്ത് നാട്ടിലെ യുവാക്കളുടെ സംഘമായ കണ്ണനും (അർജുൻ അശോകൻ) കൂട്ടുകാരും, മറ്റൊരു ഭാഗത്ത് 'സുഗ്രീവപ്പട' എന്ന ബാലെ അവതരിപ്പിക്കാൻ ആറര മണിക്കൂർ വൈകിയെത്തി പെട്ടുപോകുന്ന രാജേഷ് ശർമ്മയുടെ നാടകട്രൂപ്പുകാർ, നാട്ടിലെ പ്രധാന കേഡിയായ തരികിട സാബുവിന്റെ കഥാപാത്രം.അവിടെ നടക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉത്തരവാദപ്പെട്ട, അതിനായി ഓടിനടക്കുന്ന ജാഫർ ഇടുക്കിയുടെ കമ്മിറ്റി പ്രസിഡന്റ്, അതിനിടെയുള്ള വെള്ളമടി.... അങ്ങനെ മാലകോർത്ത് പോവുകയാണ് ചിത്രം.

ഫ്രയിം കോമ്പോസിഷനിൽ ടിനുപാപ്പച്ചനെ വെല്ലാൻ പറ്റിയ ഒരു സംവിധാകൻ മലയാളത്തിലുണ്ടെന്ന് തോനുന്നില്ല. അത്രക്ക് മികച്ചതാണ് ആദിമധ്യാന്തമുള്ള ഓരോ രംഗങ്ങളും.

പൂരപ്പറമ്പിലെ പുരുഷ യുദ്ധങ്ങൾ

പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ എന്നുപറയുന്ന 'പൊക' ടീമിന് കുറ്റങ്ങൾ എളുപ്പം കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സാധനം, ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ല എന്നതാവും. അടി സംഘത്തിലെ ഒരുത്തന്റെ കൂടെ ഒളിച്ചോടാൻ നിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട് മൂന്നാ നാലോ സീനുകളിൽ. അതുകഴിഞ്ഞാൽ സ്ത്രീകഥാപാത്രങ്ങൾ പൂരപ്പറമ്പിലെ കാഴ്ചക്കാരാണ്. പക്ഷേ ഇതുതന്നെ അല്ലേ വർഷങ്ങളായി കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരത്തിൽ എത്ര സ്ത്രീകളുണ്ട്. തലേന്നത്തെ സാമ്പിൾ പൂരം തന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമായി മാറ്റിവെച്ചിരിക്കപ്പെട്ടതാണ്. ഇന്നും പരുഷാരം എന്ന വാക്കിൽ മലയാളി പുരുഷനേ ഉള്ളൂ. ജനമൊഴുകുന്ന ഇടങ്ങളിൽ സത്രീ പ്രാതിനിധ്യം പൂജ്യത്തിന് സമമാണ്. അപ്പോൾപിന്നെ സമൂഹത്തിന്റെ പരിഛേദമെന്ന് നിങ്ങൾ വിളിക്കുന്ന ചലച്ചിത്രത്തിലും ആ അനുപാതം തന്നെയല്ലേ ഉണ്ടാവുക.

ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേക ഈ അടികൾക്കൊന്നും തന്നെ പ്രത്യേകിച്ച് ഒരു കാരണവും ഇല്ല എന്നതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഈഗോ. നമ്മുടെ നാട്ടിൽ വന്ന് അവൻ അങ്ങനെ ഷൈൻ ചെയ്യേണ്ട എന്നതടക്കമുള്ള കാര്യങ്ങൾ. ആനക്ക് പഴം കൊടുക്കാൻ വന്ന കൗമാരക്കാരോടുള്ള ഉടക്കാണ് ഒരു കൂട്ടത്തല്ലിന് ഇടയാക്കുന്നത്. ഇതുതന്നൊണ് നമ്മുടെ ഉത്സവപ്പറമ്പുകളിൽ വർഷങ്ങളായി കണ്ടുവരുന്നത്. എന്തിനോ വേണ്ടി തളിക്കുന്ന സാമ്പാർ എന്ന മട്ടിലുള്ള അടികൾ!

ഇനി നായകനെ സൽഗുണ സമ്പന്നനാക്കുന്ന രീതിയും ഈ പടത്തിലില്ല. നിസ്സാരകാര്യത്തിന് കട്ടക്കലിപ്പ് ഇളകുന്ന വന്യമായ മനസ്സുള്ളയാളാണ് നായകനും, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നപോലുള്ള അയാളുടെ കൂട്ടുകാരനും. അങ്ങനെ തീർത്തും റിയലിസ്റ്റിക്ക് സ്പേസിലാണ് ഈ ചിത്രം മുന്നോട്ടുപോവുന്നത്. ഈ രീതിയിലുള്ള ഉത്സവപ്പറമ്പുണ്ടോ, ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങൾ ഉത്സവങ്ങളുടെ പുറം കാഴ്ച മാത്രമേ കണ്ടിട്ടുള്ളൂവെന്നേ പറയാൻ കഴിയൂ. പൂരപ്പമ്പിലെ കൂട്ടത്തല്ലുകൾക്ക് ശമനമുണ്ടാക്കിയത് സി.സി.ടി.വിയും സ്്മാർട്ടുഫോണുകളുമാണ്. ചിത്രത്തിൽ മൊബൈൽ ഫോണുണ്ട്. പക്ഷേ റെക്കോർഡ് ചെയ്യാൻ തക്ക സ്മാർട്ട്ഫോണുകൾ വരുന്നതിന് മുമ്പുള്ള ഒരുകാലത്താണ് കഥ നടക്കുന്നതെന്ന് ചിത്രം കണ്ടാൽ അറിയാം. ഇന്ന് ഒരു ഉത്സവപ്പറമ്പിൽ തീവെട്ടികളുടെ വെളിച്ചത്തേക്കാൾ കൂടുതൽ സ്്മാർട്ട്ഫോണിന്റെ വെളിച്ചമാണേല്ലോ. ഒപ്പം സെൽഫികളുടെ പെരുമഴയും.

കൊലകൊല്ലിയായി ആന്റണി വർഗീസ്

അങ്കമാലി ഡയറീസിൽ പേരെടുത്ത ആന്റണി വർഗീസിന്റെ തീപാറുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷൻ രംഗങ്ങളിൽ ശരിക്കും കൊലകൊല്ലി. വന്യത എന്ന സാധനം കൃത്യമായി വരുന്നുണ്ട് ആ കണ്ണുകളിൽ. ടൈപ്പാവാതെ ശ്രദ്ധയോടെ കഥാപാത്രങ്ങളെ സെലക്്ട്് ചെയ്യുകയാണെങ്കിൽ ഒരു സൂപ്പർ സ്റ്റാർ വളർന്നുവരുന്നതിന്റെ മണമടിക്കുന്നുണ്ട്. അങ്കമാലിക്കുശേഷം, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കട്ട് ഇപ്പോൾ ഇതും. ഇത്രയും ചിത്രങ്ങളേ ആന്റണി ചെയ്തിട്ടുള്ളൂ. പക്ഷേ ഇതിൽ ആവർത്തിക്കപ്പെടുന്ന കലിപ്പൻ ലുക്ക് ടൈപ്പ് കാസ്റ്റിങ്ങിലേക്ക് ഈ യുവനടനെ കൊണ്ടുപോകാതിരിക്കട്ടെ. ആന്റണിക്കൊപ്പം കട്ടക്ക് അടിച്ചു നിൽക്കുന്ന കിച്ചു ടെല്ലസിന്റെ പ്രകടനവും കണാതെപോവാൻ അവില്ല. ജാഫർ ഇടുക്കിതൊട്ട് അർജുൻ അശോകൻ വരെയുള്ള ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ഒരാളും ഈ ചിത്രത്തിൽ മോശമാക്കിയിട്ടില്ല. എതാനും സീനുകളിൽ വരുന്ന അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെ കാണിക്കുമ്പോൾ തന്നെ തീയേറ്ററിൽ കൈയടികൾ ഉയരുന്നു.

സംഘട്ടനത്തിന്റെ സൗന്ദര്യമാണ് ഈ ചിത്രമെന്ന് പറയാം. പീറ്റർ ഹെയിനിനെപ്പോലുള്ളവരുടെ പറന്നുള്ള ഇടിയല്ല, ഒരു ഗ്രാമത്തിലെ നാടൻ തല്ലിന്റെ സൗന്ദര്യാവിഷ്‌ക്കാരമാണ് സംവിധായകനും, ആക്ഷൻ ഡയറക്ടർ സുപ്രീം സുന്ദറും ചേർന്ന് നിർവഹിച്ചിരക്കുന്നു. ഇവിടെ അടിയിൽ പലപ്പോഴും ആനയും കക്ഷിയാവുന്നുണ്ട്. കോടികൾ ചെലവിട്ട ഗ്രാഫിക്സ് ഒന്നുമില്ലാത്ത എത്ര വൃത്തിയിലും ഭംഗിയിലുമാണ് ഇവർ ഈ രംഗം ടുത്തിരിക്കുന്നത് എന്നുനോക്കണം. മരക്കാർ ടീമൊക്കെ കണ്ടുപഠിക്കണം.

ജിന്റോ ജോർജ് എന്ന ഛായാഗ്രാഹകന്റെ പേര് എടുത്തുപറയണം. ഇയാൾ ഭാവിയുടെ വാഗ്ധാനമാണ്. രാത്രി രംഗങ്ങളിലെ ജിന്റോയുടെ ക്യാമറയുടെ മാജിക്ക് കണ്ടുതന്നെ അറിയണം. ആനയുടെ കണ്ണിലൂടെ പ്രതിഫലിക്കുന്ന ഷോട്ടുകൾ തൊട്ട് പൂരത്തിന്റെ ആകാശദൃശ്യങ്ങൾവരെ. ചിത്രത്തിന്റെ സൗണ്ട് ചെയ്ത രംഗനാഥ് രവിയെയും സമ്മതിക്കണം. എഡിറ്റിങ്ങും കിടു.സ്‌ക്രിപിറ്റിങ്ങിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ തീർത്തും അസാധാരണമായ ഒരു ചലച്ചിത്ര അനുഭവം ആയിരുന്നു ഈ ചിത്രം. അതുപോലെ രണ്ടാംപകുതിയിൽ തരികിട സാബുവിന്റെ പിടികിട്ടാപ്പുള്ളിയെ തേടിയുള്ള ഓട്ടം പോലുള്ള ചില രംഗങ്ങൾ ഏച്ചുകെട്ടലായും തോനുന്നു. ചില്ലറ പോരായ്മകൾക്ക് ഇടയിലും ഒരു എന്റർടെയിനർ എന്ന നിലക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണിത്.

വാൽക്കഷ്ണം: സിനിമയുടെ കട്ട റോ ലുക്കുപോലെതന്നെയാണ് അജഗജാന്തരം എന്ന പേരും. ലിജോ ജോസ് പെല്ലിശ്ശേരയിട്ട ഈ പേരിനെ ചിത്രം ഒരിക്കലും സാധൂകരിക്കുന്നില്ല. എന്തിന് ഈ പേരിട്ടു എന്ന ചോദ്യത്തിന് നിർമ്മാതാക്കൾക്ക് പ്രത്യേകിച്ച് മറുപടിയൊന്നും പറയാൻ ഉണ്ടാവില്ല. അല്ലെങ്കിലും ഒരു പേരിൽ എന്താണ് ഇരിക്കുന്നത്!