- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജി ഫിലിപ്പ് നൽകിയത് മുൻകൂർ ജാമ്യഹർജിയല്ല; അത് വെറും റിട്ട്; അറസ്റ്റ് അട്ടിമറിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമല്ല; കേബിൾ മോഷ്ടാവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നത് അടൂർ പൊലീസ്: സിപിഎം സ്വാധീനവും പിന്നിൽ
അടൂർ: ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തുകയും സർക്കാർ ഭൂമിയിലെ മരം മുറിക്കുകയും ചെയ്ത കേസുകളിൽ ഒന്നാം പ്രതിയായ അജി ഫിലിപ്പിന്റെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് പൊലീസ് പറയുന്നത് മുഴുവൻ പച്ചക്കള്ളം. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്.
ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ അജി ഫിലിപ്പിന്റെ അറസ്റ്റാണ് അടൂർ പൊലീസ് വൈകിപ്പിക്കുന്നത്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന വിചിത്രമായ ന്യായവാദമാണ് ഇക്കാര്യത്തിൽ പൊലീസ് നിരത്തുന്നത്. അജി ഫിലിപ്പ് ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത് മുൻകൂർ ജാമ്യാപേക്ഷ അല്ല റിട്ടാണ് എന്നുള്ളതാണ് ഇതിന്റെ സത്യാവസ്ഥ.
മുൻകൂർ ജാമ്യഹർജിയുമായി ചെന്നാൽ കോടതി അപ്പോൾ തന്നെ തള്ളിക്കളയുമെന്ന് മനസിലാക്കി റിട്ട് നൽകുക എന്ന ബുദ്ധിപരമായ നീക്കമാണ് അജി നടത്തിയിരിക്കുന്നത്. കേബിൾ മുറിച്ചതിന് അടൂർ പൊലീസ് കേസ് എടുക്കുന്നുവെന്ന് അറിഞ്ഞ് അന്നു തന്നെ അജി ഫിലിപ്പ് മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. അന്ന് കേസില്ല എന്ന് പറഞ്ഞ് കോടതി ജാമ്യാപേക്ഷ തള്ളി.
അതിന് ശേഷമാണ് പൊലീസ് അജി ഫിലിപ്പിന്റെ സഹോദരൻ ഉൾപ്പെടെ മൂന്നു പേരെ കേബിൾ മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അജി ഒളിവിൽപ്പോയി. അവിടെ ഇരുന്നു കൊണ്ടാണ് അകത്തു പോകാനുള്ള വഴികൾ തെരഞ്ഞത്. മുൻകൂർ ജാമ്യഹർജി നൽകിയാൽ കോടതി ഒറ്റയടിക്ക് തള്ളുമെന്നും പിന്നെ അറസ്റ്റ് വരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മനസിലാക്കുകയും ചെയ്താണ് റിട്ട് ഹർജിയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
സഹോദരനെ മോഷണക്കേസിൽ പ്രതിയാക്കി തൊണ്ടി മുതൽ പൊലീസ് വീണ്ടെടുത്താൽ അന്വേഷണം പൂർത്തിയാകുമെന്നും അതിന് ശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹർജി കൊടുക്കാമെന്നുമായിരുന്നു കണക്കു കൂട്ടൽ. അറസ്റ്റും റിമാൻഡും കഴിഞ്ഞെങ്കിലും തൊണ്ടി മുതൽ പൂർണമായും കിട്ടാതെ വന്നതോടെ പണി പാളി.
ഇതോടെയാണ് പൊലീസ് അന്യായമായി തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് റിട്ട് നൽകിയത്. തന്നെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ മോഷണക്കേസിൽ ഒന്നാം പ്രതിയാണ് അജി ഫിലിപ്പ്. ആ നിലയ്ക്ക് റിട്ട് നൽകിയതു കൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല താനും. എന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാതെ ഇരിക്കുന്നതാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്.
അറസ്റ്റ് ഒഴിവാക്കുന്നതിന് പൊലീസ് നിരത്തുന്ന കാരണങ്ങൾ മുഴുവൻ പച്ചക്കള്ളമാണ്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചുവെന്നും മുൻകൂർ ജാമ്യഹർജി നൽകിയിരിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി നൽകിയത് മുൻകൂർ ജാമ്യഹർജിയല്ലെന്ന വിവരം പുറത്തു വന്നതോടെ പൊലീസിന്റെ കള്ളക്കളിയും പൊളിഞ്ഞിരിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ കോഴ കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അജി ഫിലിപ്പ് നൽകിയ റിട്ട് ഹർജിയിൽ പരാതിക്കാരും കക്ഷി ചേരാനിരിക്കുകയാണ്.
ഒരു കാരണവശാലും പൊലീസ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ അജി ഫിലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിട്ടുമുണ്ട്. 40 ലക്ഷം രൂപയുടെ ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ചു കടത്തിയെന്ന കരാറുകാരന്റെ പരാതിയിൽ അജി ഫിലിപ്പിന്റെ സഹോദരൻ ജിജി ഫിലിപ്പ് അടക്കം മൂന്നു പേർ അറസ്റ്റിലായിരുന്നു. ഇവർ ആഴ്ചകളായി റിമാൻഡിലാണ്. കേബിൾ മോഷണത്തിൽ അജിയുടെ ജീവനക്കാർ അറസ്റ്റിലായതിനൊപ്പം തന്നെയാണ് കെഐപി കനാൽ പുറമ്പോക്കിലെ മരം മുറിച്ചു കടത്തിയതിന് അജിക്ക് എതിരേ കേസ് എടുത്തത്.
കെഐപി അധികൃതർ നൽകിയ പരാതിയിൽ ഭരണ പാർട്ടിയുടെ സ്വാധീനം മൂലം പ്രതിസ്ഥാനത്ത് അജിയുടെ പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ, സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ പ്രതി ചേർക്കുകയായിരുന്നു വത്രേ. ഇടതു പക്ഷം ഭരിക്കുന്ന സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് ഇയാൾ. ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18), മറ്റൊരു ജീവനക്കാരൻ എന്നിവരാണ് കേബിൾ മോഷണത്തിന് അറസ്റ്റിലായത്. ഇവരുടെ ജാമ്യപേക്ഷ കോടതി തള്ളിയിരിക്കുകയുമാണ്.
ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് കേസുള്ളത്. ഏപ്രിൽ മുതൽ ഏഴംകുളം എക്സ്ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.
കഴിഞ്ഞ മാസം 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്