അടൂർ: 40 ലക്ഷം രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് മുറിച്ചു കടത്തുകയും പുറമ്പോക്ക് ഭൂമിയിലെ മരം മുറിക്കുകയും ചെയ്ത കേസുകളിലെ ഒന്നാം പ്രതി സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് യോഗത്തിനെത്തി ഒപ്പിട്ട് മുങ്ങി. ഏഴംകുളം ഗ്രേസ് വില്ലയിൽ അജി ഫിലിപ്പാണ് നെടുമൺ സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിനെത്തിയത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിരിക്കുന്ന കേസുകളിൽ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാകുന്നത് വരെ ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുകയാണ്.

ഒരു ഡയറക്ടർ ബോർഡംഗം തുടർച്ചയായ മൂന്നു കമ്മറ്റികളിൽ പങ്കെടുക്കാതിരുന്നാൽ അയാളുടെ അംഗത്വം നഷ്ടമാകും. മോഷണവും കേസും വഴക്കും കാരണം കഴിഞ്ഞ രണ്ട് ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ഇയാൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന മൂന്നാമത്തെ യോഗത്തിൽ കൂടി പങ്കെടുക്കാതിരുന്നാൽ സഹകരണ ചട്ടം പ്രകാരം ഇയാളുടെ അംഗത്വം റദ്ദാകുമായിരുന്നു. ഇതൊഴിവാക്കാനാണ് യോഗത്തിൽ ഒപ്പിടാൻ ഇയാൾക്ക് അവസരം ഒരുക്കി കൊടുത്തത്. ഓടിയെത്തി ഒപ്പിട്ട് ഇയാൾ മടങ്ങി. ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും അത് മായ്ച്ചു കളയാൻ നീക്കം നടക്കുന്നുവെന്നും പരാതിയുണ്ട്.

മോഷണക്കേസ് പ്രതിയുടെ അംഗത്വം നിലനിർത്താൻ വേണ്ടി ബാങ്ക് പ്രസിഡന്റ് നടത്തിയതാണ് ഈ നാടകമെന്ന് പറയുന്നു. ഇതിനെതിരേ ഡയറക്ടർ ബോർഡിലും സിപിഎമ്മിലും പ്രതിഷേധം ഉയരുകയാണ്.
ഒളിവിൽ കഴിയുന്ന കാലത്തെ രണ്ട് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന പ്രതിക്ക് ഇക്കഴിഞ്ഞ മൂന്നിന് ഉച്ചക്ക് ശേഷം നടന്ന യോഗത്തിൽ ഒളിച്ചെത്തി ഒപ്പിട്ട് ഉടൻ ഒരു മിനിറ്റിനകം മടങ്ങാൻ ആണ് പ്രസിഡന്റ് അവസരമൊരുക്കിയത്. പ്രതി വന്നതും ഉടൻ പോയതുമായ ബോർഡ് മീറ്റിങ് സമയത്തെ സിസി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും സൂചനയുണ്ട്.

ബിഎസ്എൻഎൽ കേബിൾ മോഷണത്തിന് ഏഴംകുളം നെടുമൺ തോണ്ടലിൽ ഗ്രേസ് വില്ലയിൽ ജിജി ഫിലിപ്പ്(52), പറക്കോട് അവറുവേലിൽ പുത്തൻവീട്ടിൽ അനൂപ് (18) എന്നിവരാണ് അറസ്റ്റിലായത്. ജിജി ഫിലിപ്പിന്റെ സഹോദരനാണ് അജി ഫിലിപ്പ്. ഇയാൾ നടത്തുന്ന ഏഴംകുളം സ്‌ക്രീൻ ആൻഡ് സൗണ്ട്‌സ് കേബിൾ നെറ്റ്‌വർക്കിന്റെ ജീവനക്കാരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതി അജി ഫിലിപ്പാണ്.

നാലു തവണയാണ് അജിഫിലിപ്പും കൂട്ടാളികളും ചേർന്ന് ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് കേബിൾ മോഷ്ടിച്ചു കടത്തിയത്. ഏപ്രിൽ 17 ന് തുടങ്ങിയ മോഷണം ജൂൺ 13 വരെ തുടർന്നു. പറക്കോട് ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ് ബാൻഡ് കണക്ഷൻ നൽകുന്നതിന് കരാർ എടുത്തിട്ടുള്ള ഇടത്തിട്ട രാഹുൽ നിവാസിൽ രാഹുൽ കൃഷ്ണൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏപ്രിൽ മുതൽ ഏഴംകുളം എക്‌സ്‌ചേഞ്ച് പരിധിയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ നൽകുന്നത് രാഹുലാണ്. കേബിൾ മോഷ്ടിച്ചും മുറിച്ചും കടത്തിയതിലൂടെ 40 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതി.

അറസ്റ്റിലായ പ്രതികൾ ഇതേ മേഖലയിൽ സ്വകാര്യ കേബിൾ ടിവി നെറ്റ്‌വർക്ക് നൽകുന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇവർക്കും ബ്രോഡ് ബാൻഡ് കണക്ഷനുണ്ട്. എങ്കിലും ബിഎസ്എൻഎല്ലിനോടാണ് നാട്ടുകാർ താൽപര്യം കാണിക്കുന്നത്. ജൂൺ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബിഎസ്എൻഎൽ കേബിളുകൾ സ്വിഫ്റ്റ് കാറിൽ എത്തി മോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കേബിളുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾ വലിച്ചെറിഞ്ഞ കേബിളും ഇതു കടത്താനുപയോഗിച്ച സ്വിഫ്ട് കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ മോഷണത്തിലൂടെ മാത്രം ഉണ്ടായത് എന്നാണ് രാഹുലിന്റെ പരാതി. ഇതിന് മുൻപ് ഏപ്രിൽ17, 18, ജൂൺ ഏഴ് ദിവസങ്ങളിലും സമാന രീതിയിൽ മോഷണം നടന്നുവെന്നും ഇതു വരെ ആകെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.

ഇതിനിടെയാണ് കെഐപിയുടെ ഭൂമിയിൽ നിന്ന മരം മുറിച്ചതിന് അജി ഫിലിപ്പിനെതിരേ നൽകിയിരുന്ന പരാതിയും പൊങ്ങി വന്നത്. ഏപ്രിൽ 23 ന് കല്ലട പദ്ധതി എൻജിനീയർ നൽകിയ പരാതി സിപിഎം സ്വാധീനം ഉപയോഗിച്ച് പ്രതി പൂഴ്്ത്തി വച്ചിരുന്നു. കേബിൾ മുറിച്ച കേസ് സജീവമായതോടെ മരം മുറിയും പൊലീസ് അന്വേഷിക്കാൻ തുടങ്ങി. ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജി ഫിലിപ്പിനെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ട്.