- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ
മുംബൈ: ഓണത്തിന് നാട്ടിലേക്ക് മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയത് നടുക്കുന്ന ദുരന്തവാർത്ത. തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിൽ മരിച്ചത്.
ആത്മഹത്യയാണെന്ന വാർത്തകൾ വരുമ്പോഴും ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണങ്ങളും ലഭിക്കാനുണ്ട്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്ന് നിരാശരായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം.
അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങൾ മുംബൈയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോർക്കയുടെ ആംബുലൻസിൽ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അരുണിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
എല്ലാ ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാർ അച്ഛൻ മധുസൂദനൻപിള്ളയും അമ്മയുമായി സംസാരിച്ചിരുന്നു. ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനൻ പിള്ള.