- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദരോഗം ബാധിച്ച സഹപാഠിയെ സഹായിക്കാൻ 2011ൽ ടീമുണ്ടാക്കി; ഐപിഎൽ മാതൃകയിൽ താരലേലം അടക്കമുള്ള കോളേജ് പ്രിമിയർ ലീഗ്; പത്തു കൊല്ലം കൊണ്ട് നിരവധി പേർക്ക് താങ്ങും തണലും; ഓൺലൈൻ റമ്മിയുടെ ചതികൾക്കിടെ ഇത് വേറിട്ട ക്രിക്കറ്റു കളി; അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് മാതൃക സൃഷ്ടിക്കുമ്പോൾ
പാലക്കാട്: നന്മകൾക്ക് അറുതിയില്ല. വേറിട്ട വഴിയിലൂടെ സമൂഹത്തിന് കൈതാങ്ങാകുകയാണ് നവകേരളത്തിന് അടിത്തറ പാകേണ്ട ഈ കുട്ടികൾ. തീർത്തും മാതൃകയാകേണ്ട ഇടപെടൽ. ഓൺലൈനിൽ റമ്മികളിച്ചും ചൂതാട്ട കേന്ദ്രത്തിൽ പോയി അയിരങ്ങൾ ഒഴുക്കിയും സ്വജീവൻ പോലും ബലികൊടുക്കുന്ന കുട്ടികളുള്ള കാലത്ത് ഈ മോഡൽ തീർത്തും അനുകരണീയമാണ്. പാവങ്ങൾക്ക് കൈതാങ്ങാകാനുള്ള ഈ ക്രിക്കറ്റ് കളി.
അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ ക്രിക്കറ്റ് കളിച്ച് പണം സ്വരൂപിച്ച് പലർക്കായി സഹായം നൽകിയത് 6 ലക്ഷം രൂപയാണ്. ഐപിഎൽ മാതൃകയിൽ നടക്കുന്ന കോളജ് പ്രീമിയർ ലീഗ് (സിപിഎൽ) ആരംഭിച്ചിട്ട് 10 വർഷത്തോളമായി. എല്ലാ വർഷവും നടക്കുന്ന സിപിഎൽ മത്സരങ്ങളിലൂടെയാണ് ഇത്രയും പണം സ്വരൂപിച്ചു സഹായം നൽകിയത്. കഴിഞ്ഞ മേയിൽ നടന്ന സിപിഎൽ സീസണിൽനിന്നു ലഭിച്ച 23,500 രൂപ പുതുപ്പരിയാരത്തെ മുൻ ജനപ്രതിനിധിക്കു ചികിത്സാ സഹായം നൽകി.
ദയനീയാവസ്ഥ മനസ്സിലാക്കിയ വിദ്യാർത്ഥികൾ വീട്ടിൽ നേരിട്ടെത്തിയാണ് തുക കൈമാറിയത്. കോളജ് ക്രിക്കറ്റ് ടീം, കോളജ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ സിപിഎൽ സംഘടിപ്പിക്കുന്നത്. ഐക്കൺ പ്ലെയർ, താരലേലം തുടങ്ങി ഐപിഎല്ലിന്റെ രീതികളെല്ലാം സിപിഎല്ലിനും ബാധകമാണ്. അതായത് ഐപിഎല്ലിന്റെ ചെറുമാതൃക. ഇതിൽ നിന്നും ചെറിയ ലാഭം മാത്രമാണ് കിട്ടുന്നത്. അതു മുഴുവൻ അശരണർക്കും.
താരലേലത്തിൽ പണത്തിനു പകരം കളിമികവിന്റെ അടിസ്ഥാനത്തിലുള്ള പോയിന്റാണു പരിഗണിക്കുന്നത്. പെൺകുട്ടികളും അദ്ധ്യാപകരും അടക്കമുള്ള ടീം മാനേജ്‌മെന്റുകളാണ് ഓരോ ടീമിനെയും രംഗത്തിറക്കുക, പങ്കെടുക്കാൻ താൽപര്യമുള്ള എല്ലാ വിദ്യാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യും. റജിസ്‌ട്രേഷൻ ഫീസായി ഈടാക്കുന്ന ചെറിയ തുകയും സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുന്ന തുകയുമാണ് വരുമാനം. ഇതിൽ നിന്ന് പ്രൈസ് മണിയും കൊടുക്കും. ബാക്കി പൊതുനന്മയ്ക്കും.
കോവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് നാടു മുക്തമാകുന്നതോടെ വരും സീസണുകളിൽ സിപിഎല്ലിലൂടെ കൂടുതൽ വരുമാനം കണ്ടെത്തി കൂടുതൽ പേർക്ക് സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികളെന്ന് കോളജ് കായിക വിഭാഗം മേധാവിയും സിപിഎൽ ടൂർണമെന്റ് കൺവീനറുമായ ഡോ.സി.ബി. രാജേഷ് പറഞ്ഞു. ജില്ലാ സി ഡിവിഷൻ ക്രിക്കറ്റ് ക്ലബ്ബായ കോളജ് ടീം ഇതിനകം ഒട്ടേറെ ടൂർണമെന്റുകളിൽ ജേതാക്കളായിട്ടുണ്ട്.
അർബുദരോഗം ബാധിച്ച സഹപാഠിയെ സഹായിക്കാൻ വേണ്ടി അകത്തേത്തറ എൻഎസ്എസ് കോളജിലെ വിദ്യാർത്ഥികൾ 2011ൽ ക്രിക്കറ്റ് ടീമുണ്ടാക്കി, കളിക്കാനായി കോളജ് പ്രീമയർ ലീഗ് (സിപിഎൽ) എന്ന മൽസരവും. അതാണ് ഇന്നും തുടരുന്നത്. കോളജിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു ടീമുകളുണ്ടാക്കിയാണു സിപിഎല്ലിനു തുടക്കം. കോളജ് ടീമിലെ നല്ല കളിക്കാരെ ഐക്കൺ താരമാക്കി ആദ്യമായി സിപിഎൽ മൽസരത്തിനുള്ള താരലേലം നടത്തിയപ്പോൾ ലക്ഷം രൂപ ലഭിച്ചു. കാശു വച്ചു ലേലം നടത്തുന്നതു സ്ഥാപനത്തിനു യോജിച്ചതല്ലാത്തതിനാൽ അതു നിർത്തി. താരലേലം എ, ബി, സി, ഡി കാറ്റഗറി തിരിച്ചു പോയിന്റ് അടിസ്ഥാനത്തിലാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയാണ് ടൂർണമെന്റിന്.
എട്ടു ടീമിനും പ്രത്യേക ജഴ്‌സിയും ലോഗോയുമുണ്ട്. കോളജിന്റെ അധ്യന ദിവസം നഷ്ടപ്പെടാത്ത തരത്തിൽ മൽസരക്രമവും ഒരുക്കും. കോളജിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ടീമുകളുടെ ഭാഗമാണ്. പൂർവവിദ്യാർത്ഥികളും കായികതാരങ്ങളും വ്യാപാര സ്ഥാപനങ്ങളും നൽകുന്ന തുകകളാണു സഹായം. ടൂർണമെന്റിനു ശേഷം സഹായം തേടിയെത്തിയവരിൽ അർഹരായവരെ കണ്ടെത്തി കുട്ടികൾ പണം നൽകും.
മറുനാടന് മലയാളി ബ്യൂറോ