ലണ്ടൻ: കഴിഞ്ഞ നാലുപതിറ്റാണ്ടായി ക്യാമറയുടെ പിന്നിലാണ് എൻ അളകപ്പൻ . താരങ്ങളുടെ ഭാവാഭിനയം പ്രേക്ഷകരിൽ എത്തും മുന്നേ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ഛായഗ്രാഹകൻ . ജന്മം കൊണ്ട് തമിഴ്‌നാട്ടിലെ നാഗർകോവിലാണ് ദേശം എങ്കിലും വളർന്നതും ജീവിതമാർഗം കണ്ടെത്തിയതും എല്ലാം മലയാളത്തിലൂടെ . അച്ഛന്റെ വീട്ടുകാർക്ക് ചേർത്തലയിലും 'അമ്മ വീട്ടുകാർക്കു വൈക്കത്തും ഒക്കെ ബന്ധുക്കൾ ഉള്ളതിനാൽ അളകപ്പന്റെ മലയാളവുമായുള്ള പൊക്കിൾ കൊടി ബന്ധത്തിന് ന്യായമായ കാരണങ്ങളുമുണ്ട് .

നാഗർകോവിലിൽ ജീവിക്കുമ്പോൾ ഒരിക്കലും കേരളത്തിന് പുറത്തുനിന്നാണെന്നു തോന്നിയിട്ടില്ല . ഇന്നും അവിടെ ഏറ്റവും കൂടുതലാളുകൾ ആഘോഷിക്കുന്നത് ഓണവും വിഷുവും ദീപാവലിയുമാണ് . കല്യാണം കഴിഞ്ഞ പുതുപ്പെണ്ണിനും ചെക്കനും ഈ ആഘോഷങ്ങൾ മൂന്നും മറ്റൊരു കല്യാണ നാളായി തന്നെയാണ് തോന്നുക . അത്രയ്ക്ക് ആഘോഷമാണ് ഈ മൂന്നവസരങ്ങളിലും . നാലു പതിറ്റാണ്ടായി ക്യാമറക്കണ്ണിലൂടെ സ്വപ്നങ്ങളും വിരഹവും സന്തോഷവും സങ്കടവും ഒക്കെ ജീവിതക്കാഴ്ചയായി സമ്മാനിക്കുന്ന സിനിമോട്ടാഗ്രാഫറായ എൻ അളകപ്പന്റെ ക്യാമറ ജീവിതത്തിനു നാല് പതിറ്റാണ്ടു തികയുകയാണ് .

മലയാള സിനിമയിൽ എത്തും മുന്നേ ആകാശവാണിയിലെയും ദൂരദർശനിലെയും ജോലിക്കിടയിൽ സംഭവിച്ച നീണ്ട 17 വർഷങ്ങൾ. അളകപ്പൻ എന്ന ഛായാഗ്രാഹകന്റെ ഈ ജീവിതം മലയാളിക്ക് പരിചിതമല്ല . അതിനാൽ ആദ്യ സിനിമയായ 1997 ലെ സമ്മാനം മുതലാണ് സാധാരണ മലയാളികൾ എണ്ണിത്തുടങ്ങുന്നത് . എങ്കിലും 23 വർഷത്തെ സിനിമ കണക്കിലും എണ്ണിയാലൊടുങ്ങാത്ത വിധം ചിത്രങ്ങളും . പലതും ഹിറ്റും സൂപ്പർഹിറ്റും . അഗ്‌നിസാക്ഷി പോലെ എന്നും മനസ്സിൽ സൂക്ഷിക്കാനുള്ളവയും കൂടെയുണ്ട് . സംസ്ഥാന സർക്കാർ പുരസ്‌കാരവും ഇദ്ദേഹത്തിന്റെ കൈകളിൽ എത്തിയത് വെറുതെയല്ല . ആകെയുള്ള ക്യാമറ ജീവിതത്തിൽ 250 ലേറെ സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ സാധ്യമായി എന്നത് മറ്റൊരു റെക്കോർഡ്.

കഴിഞ്ഞ ദിവസം യുകെയിലെ ചിത്രീകരണം പൂർത്തിയാക്കിയ ഫുട് പ്രിന്റ് ഓൺ വാട്ടർ എന്ന സിനിമയുടെ ജോലിത്തിരക്കുകൾ അവസാനിച്ചു ഇപ്പോൾ നാട്ടിലെത്തിയിരിക്കുകയാണ് അദ്ദേഹം . ഈ തിരക്കിനിടയിൽ അളകപ്പൻ മറുനാടൻ മലയാളിയുമായി പങ്കുവയ്ക്കുന്ന സിനിമ വിശേഷങ്ങളിൽ നിന്നും :

യുകെയിൽ ആകസ്മികമായി എത്തിപ്പെട്ടതാണോ?

എന്റെ മകൻ ശ്രീനാഥ് നിങ്ങളെ പോലെ യുകെ മലയാളിയാണ് . ചൈനീസ് പെൺകുട്ടിയായ ഷുഐ ലി യാണ് അവന്റെ ഭാര്യ . അവരെയും കുഞ്ഞിനേയും കാണുവാനാണ് ഞാനും ഭാര്യയും ഇംഗ്ലണ്ടിൽ എത്തുന്നത് . അതിനിടയിൽ രണ്ടു വർഷം മുൻപ് യുകെയിൽ നിർമ്മിച്ച മോഹൻലാൽ ചിത്രം ഡ്രാമയുടെ സെറ്റിൽ വച്ച് പരിചയപ്പെട്ട ഫിലിം പ്രൊഡ്യൂസർ മോഹൻ നടരാജൻ വലിയൊരു സിനിമ ചെയ്യുന്ന കാര്യം മുൻപ് പറഞ്ഞിരുന്നു . ബോളിവുഡ് , ഇംഗ്ലീഷ് താരങ്ങളെ അണിനിരത്തിയുള്ള ബിഗ് ബജറ്റ് പ്രോജക്ട് . എന്നാൽ കോവിഡ് തീർത്ത പ്രയാസം മൂലം അത് നടന്നില്ല . അതിനിടയിലാണ് അദ്ദേഹത്തിന് പരിചയമുള്ള നതാലിയ എന്ന മലയാളി പെൺകുട്ടിയുടെ കഥ എന്നോട് പറയുകയും സഹകരണം തേടുന്നതും .

ഞാൻ യുകെയിൽ എത്തി ക്വറന്റീൻ ഇരിക്കുന്ന സമയത്താണ് ഈ ചർച്ചകൾ . നടൻ മുകേഷിന്റെ പെങ്ങൾ ജയശ്രീയുടെ മക്കളായ നതാലിയയെയും നീതയെയും ചെറുപ്പം മുതലേ അറിയാം . ജയശ്രീ തിരുവനന്തപുരത്തു റേഡിയോ നിലയത്തിൽ ജോലി ചെയുമ്പോൾ ഞങ്ങളുടെ വീട്ടിലാണ് ഈ കുട്ടികളെ ഏൽപ്പിച്ചിരുന്നത് . അതിനാൽ സ്വന്തം മക്കളെ പോലെയുള്ള സ്വാതന്ത്ര്യം അവരോടുണ്ട് . ഫുട് പ്രിന്റ് ഓൺ വാട്ടർ എന്ന ഒരു അനധികൃത കുടിയേറ്റക്കാരന്റെ കഥ സിനിമയായി മാറുമ്പോൾ ഞാൻ ഇതിന്റെ ഭാഗമാകുന്നത് വെറും 15 ദിവസം കൊണ്ടാണ് .

ഏതു സിനിമ ചെയ്യും മുൻപേ സ്‌ക്രിപ്ട് വായിച്ചു അതുൾക്കൊള്ളുക എന്നത് ശീലമായതിനാൽ ഈ സിനിമയുടെ ത്രെഡും ഇഷ്ടമായതിനാലാണ് കൈ നല്കാൻ തയാറായത് .

അതിരിക്കട്ടെ , തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നിട്ടും മലയാള സിനിമയിൽ എത്താൻ കാരണം?

ഞാൻ നാഗർകോവിലിൽ കുട്ടിയായി വളരുമ്പോൾ എപ്പോഴും റേഡിയോയിൽ സിനിമ പാട്ടുകൾ കേട്ടിരുന്നത് മലയാളത്തിലാണ് . കാരണം തിരുവനന്തപുരം റേഡിയോ നിലയമാണ് ഞങ്ങൾക്ക് ട്യൂൺ ചെയ്താൽ കിട്ടുക . തമിഴ പാട്ടുകൾ അപൂർവമായേ കേട്ടിരുന്നുള്ളൂ . നാഗർകോവിലിൽ മലയാളവും തമിഴും കൂടിക്കലർന്ന ജീവിതമാണ് , കൂടുതൽ അടുപ്പം കേരളത്തോട് ആണെന്നും പറയാം . ഞങ്ങളുടെ വീട്ടിലൊക്കെ മലയാളം സാധാരണമാണ് . മുത്തശ്ശിയുടെ അച്ഛന്റെ പേരാണ് അളകപ്പൻ , അതോടെ ആ പേര് എനിക്കും കിട്ടി .

അഴകപ്പൻ എന്നാണ് ശരിക്കും തമിഴിൽ എഴുതുക . സായിപ്പിന്റെ സൗകര്യം നിമിത്തം യൂണിവേഴ്സിറ്റി അടക്കം അളകപ്പൻ യൂണിവേഴ്സിറ്റി എന്നാണ് അറിയപ്പെടുന്നത് . ഏതായാലും തമിഴ് തെലുങ്ക് സിനിമയോടൊന്നും തോന്നാത്ത പ്രിയമാണ് എനിക്ക് മലയാളത്തോട് . തിരുവനന്തപുരത്തു റേഡിയോയിലും ദൂരദർശനിലെയും ഒക്കെ ജോലി ചെയ്തതും ഒരു കാരണമായിരിക്കാം . ഒടുവിൽ ആ ഇഷ്ട്ടം തിരുവനന്തപുരത്തു തന്നെ താമസമാക്കാനും കാരണമായി .

ഇയ്യിടെയായി ചെറുപ്പക്കാരോടൊപ്പമാണല്ലോ പല സിനിമകളും , അവരോടു ഒത്തുപോകാൻ കഴിയുന്നുണ്ടോ?

അതെ , ചിലപ്പോൾ ഞാനും ഭയപ്പെട്ടിരുന്നു . പക്ഷെ അവരുടെ രീതികൾ നോക്കി മനസിലാക്കി അവരോടൊപ്പം ചേരുമ്പോൾ അത്തരം കാര്യം ഒന്നും ഒരു പ്രയാസവും ഇല്ല . ചെറുപ്പക്കാരോടൊപ്പം ജോലി ചെയുമ്പോൾ ഏറ്റവും പുതിയ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും . ഡിജിറ്റൽ ടെക്നോളജിയിൽ നമുക്കു 60 ശതമാനം കാര്യങ്ങൾ അറിയാമെങ്കിൽ ബാക്കി 40 ശതമാനം അവരിൽ നിന്നാകും കിട്ടുക . അടുത്തിടെ ചെറുപ്പക്കാരായ സിദ്ധാർഥ് ശിവ, ഗിരീഷ് ദാമോദരൻ , രമേശ് പിഷാരടി എന്നിവരോടൊക്കെ ഒപ്പമാണ് ഞാൻ പ്രവർത്തിച്ചത്.

ഏതു ടീമിലും ആദ്യ രണ്ടോ മൂന്നോ ദിവസം കൊണ്ട് നമ്മൾ നല്ല ചങ്ങാതികളാകും . ജാഡ കയ്യിൽ വച്ച് ഈ ജോലി ചെയ്യാനാകില്ല . നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മളോടുള്ള ഇഷ്ടമായി മാറുക . അവർ നിലത്തിരുന്നാൽ ഞാനും കൂടെ നിലത്തിരിക്കും , പ്രായം നോക്കി കസേര വേണമെന്ന് പറയില്ല . ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വർത്തമാനം എന്ന പടത്തിൽ പാർവതിയും റോഷനും ഒക്കെ കൂട്ടുകാരെ പോലെയാണ് പെരുമാറിയത് ,. ഡൽഹിയിൽ ഷൂട്ടിങ്ങിനിടയിൽ പാർവതിക്ക് ചില കോസ്റ്റും സിലക്റ്റ് ചെയ്യാൻ ഞങ്ങൾ രണ്ടു പേരും ചേർന്നാണ് ടാക്‌സിയിൽ പോയത് . ഞാൻ കൂടെ ചെന്നാൽ മതിയെന്ന് ആ കുട്ടി ധൈര്യത്തോടെ പറയുകായും കടയിൽ ചെന്ന് ഡ്രെസ് ഇട്ടു കാണിച്ചു ഒക്കെയാക്കിയതും ഒക്കെ കൂട്ടുകാരോട് ഇടപെടുന്ന പോലെ ആയിരുന്നു . ഒടുവിൽ പാക്ക് അപ് ദിവസം ഇക്കാര്യം ആ കുട്ടി സെറ്റിൽ പറയുകയും ചെയ്തു .

ഇതുപോലെ തന്നെയാണ് യുകെയിലും സംഭവിച്ചത് . ഞാൻ ആയിരുന്നു ആ ടീമിൽ ഏറ്റവും പ്രായം കൂടിയ ആൾ . പിന്നെ നായകനായ ആദിൽ ഹുസ്സൈൻ . ബാക്കിയുള്ള ചെറുപ്പകകരോടൊപ്പം നന്നായി ബ്ലെൻഡ് ആയ ഫീൽ ആണ് സെറ്റിൽ ഉണ്ടായതു .

മലയാളത്തിലെയും ഇന്ഗ്ലീഷിലേയും സെറ്റിലെ പ്രധാന വത്യാസം ?

ഭയങ്കര വത്യാസമാണ് . മലയാളത്തിൽ ആകെ ഒച്ചപ്പാടാണ് . ഇവിടെ ഏറെക്കുറെ നിശബ്ദമാണ് കാര്യങ്ങൾ . അതോടെ കൂടുതൽ ക്രിയേറ്റിവിറ്റി ഉണ്ടാകും . ആർക്കും സഹായികൾ ഇല്ല . എല്ലാവരും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയുന്നു . ഉദാഹരണമായി ആര്ട്ട് ഡിറക്ടർക്കു പോലും സഹായികളില്ല . സ്‌കോട്‌ലൻഡികാരിയായ ക്രിസ്റ്റീന ആയിരുന്നു ആര്ട്ട് ഡയറക്ടർ . അവർ തന്റെ ജോലി ശ്രദ്ധിച്ചു നിശബ്ദമായി കാര്യങ്ങൾ ചെയ്യുന്നു . ദേഹത്ത് അവിടെവിടെയായി തൂക്കിയിട്ട ടൂൾ കിറ്റിൽ അവർക്കാവശ്യമായ എല്ലാം കാണും . ആരെയും സഹായത്തിനു വിളിക്കുന്നില്ല, അങ്ങനെ സഹായിക്കാൻ ഒരാളും സെറ്റിൽ ഇല്ല . ഒരു ദിവസം എനിക്ക് ഒരു ടേപ്പ് ആവശ്യമായി വന്നപ്പോൾ ചോദിച്ചതേ ക്രിസ്റ്റീനയുടെ കയ്യിൽ റെഡി . യുകെയിലൊക്കെ അങ്ങനെയാണ് കാര്യങ്ങൾ . നമ്മളാണെങ്കിൽ സകലതിനും വേണ്ടി ഓടിപ്പാഞ്ഞു നടക്കും , ആകെ ബഹളമാക്കും .

മറ്റൊരു പ്രധാന കാര്യം ഇവിടെ ഈ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കൂ . എന്റെ മുൻ സിനിമ അങ്ങനെ ആയിരുന്നു , വരാനിരിക്കുന്ന സിനിമ ഇങ്ങനെയാണ് എന്നൊന്നും പറയാൻ പറ്റില്ല . പറഞ്ഞാൽ അപ്പോൾ ഇടപെടൽ വരും . ഈ സിനിമയേക്കുറിച്ചു സംസാരിക്കാൻ പറയും . ഞാൻ പഴയ സിനിമയെ കുറിച്ചു പറയാൻ ഒരുങ്ങിയപ്പോൾ അത്തരം തിരുത്തൽ ഉണ്ടായി . നമ്മുടെ നാട്ടിൽ ചെയുന്ന സിനിമയെ കുറിച്ച് കാര്യമായി ഒന്നും പറയില്ല . ചെയ്തതും ചെയ്യാൻ പോകുന്നതിനെ കുറിച്ചും വാ തോരാതെ സംസാരിക്കും .

മറ്റൊരു പ്രധാന കാര്യം മലയാളത്തിൽ പൊതുവെ എല്ലാം സീക്രസിയാണ് . കൂടെ നിൽക്കുന്ന അസിസ്റ്റാന്റിനോട് പോലും പറയില്ല . അടുത്ത നിമിഷം എന്തണ് എന്ന് എന്തോ വലിയ സസ്‌പെന്‌സിലാണ് മലയാളത്തിലെ സെറ്റുകൾ . ഇവിടെ എല്ലാ ചെറിയ കാര്യങ്ങളും കൂട്ടായ ചർച്ചയിലാണ് . ടീമിലെ ഏതു ചെറിയ വക്തിയും കാര്യങ്ങൾ അറിഞ്ഞിരിക്കും . മലയാളത്തിൽ ഇത് ആരും ബോധപൂർവം ചെയ്യുന്നതല്ല . പണ്ടാരോ തുടങ്ങി വച്ച കാര്യമാണ് , അത് മാറ്റമില്ലാതെ തുടരുന്നു . ഞാൻ കഴിവതും കൂടെയുള്ളവരോട് കാര്യങ്ങൾ പങ്കുവച്ചാണ് മുന്നോട്ടു പോകുക .

മറ്റൊന്നു ഇന്ഗ്ലീഷ് നാട്ടിൽ ഉള്ള സമയ ക്ലിപ്തത , അത് ഞാൻ പറയാതെ നിങ്ങൾക്കെല്ലാം അറിയാം . സെറ്റൽ എത്തുന്ന സമയത്തിലും പായ്ക് അപ് സമയത്തിലും ഒരു മാറ്റവുമില്ല . സമയം നോക്കി ജോലി ചെയ്യുന്നതും വേതനം നിശ്ചയിക്കുന്നതും ഒക്കെയാകാം ഒരു കാരണം .

ഛായാഗ്രാഹകനും സംവിധായകനും ഒരാൾ ആകുനതിന്റെ റിസ്‌കും നേട്ടവും എന്താണ് സ്വന്തം അനുഭവത്തിൽ ?

ഞാൻ രണ്ടു പടങ്ങളാണ് സംവിധാനം ചെയ്തത് . ഒന്ന് സല്യൂട് , അത് തിയറ്ററിൽ എത്തിയില്ല . പട്ടാളക്കാരന്റെ വിധവയുടെ കഥ ആയിരുന്നു . എന്നാൽ ആ പടം വാനപ്രസ്ഥം , ജലമർമരം , വാസന്തിയും ലക്ഷ്മിയും എന്നിവയ്ക്കൊപ്പം അവാർഡ് പരിഗണന ലിസ്റ്റിൽ എത്തി എന്നത് വലിയ സന്തോഷമാണ് തന്നത് . രണ്ടമത്തെ ചിത്രം പട്ടം പോലെ , ദുൽഖർ സൽമാൻ നായകനായ പടം . ചെറിയ സെറ്റ് അപ് ഉള്ള പടത്തിൽ സംവിധായകനും ഛായാഗ്രാഹകനും ഒരാൾക്ക് ചെയ്യാം , എന്നാൽ വലിയ സെറ്റിൽ ഇതത്ര പ്രായോഗികമല്ല . പലപ്പോഴും സംവിധായകന്റെ റോളിൽ ഞാൻ നിന്നപ്പോൾ സാർ ക്യാമറ ചെയ്‌തോളൂ എന്ന് ധൈര്യം നൽകുകയായിരുന്നു ദുൽഖർ .

പട്ടം പോലെ സന്തോഷം നൽകുന്നുണ്ടോ ? കഥയുടെ ക്‌ളൈമാക്‌സ് ശരിയായിരുന്നോ ?

നിങ്ങൾ പറഞ്ഞത് നൂറു ശതമാനം അംഗീകരിക്കുന്നു . ആ പടത്തിന്റെ ക്‌ളൈമാക്‌സ് അങ്ങനെ അല്ലായിരുന്നു വേണ്ടത് . അത് കാഴ്ചക്കാർക്ക് ഒരു ത്രിൽ നൽകിയില്ല എന്നതാണ് സത്യം . പക്ഷെ സെറ്റിൽ അവസാന ഘട്ടത്തിൽ ദുൽഖർ എന്നോട് ഇക്കാര്യം സുചിപ്പിച്ചിരുന്നു . അപ്പോൾ എനിക്കും ഒരു സന്ദേഹം തോന്നി . ഉടനെ ടീം മീറ്റിങ് നടത്തി നിർമ്മാതാവ് , സ്‌ക്രിപ്ട് റൈറ്റർ , ആര്ട്ട് ഡയറക്ടർ, ഏഴോളം അസിസ്റ്റന്റ്‌സ് എന്നിവവരോടൊക്കെ അഭിപ്രായം തേടി . എല്ലാവർക്കും ഈ എൻഡിങ് തന്നെ മതി . മറ്റൊരു ക്‌ളൈമാക്‌സ് ചെയ്യാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല . പക്ഷെ പ്രിവ്യു ചെയ്തപ്പോൾ ദുൽഖർ പറഞ്ഞത് ശരിയാണെന്നു എനിക്ക് ബോധ്യമായി .

അപ്പോഴും മറ്റുള്ളവർ പറഞ്ഞത് അളകാപ്പന്റെ ആദ്യ പടം ആയതിനാൽ ഉള്ള ടെൻഷൻ ആണെന്നായിരുന്നു . പടം റിലീസ് ചെയ്തു പത്തു ദിവസത്തിനുള്ളിൽ ക്രിട്ടിക് പുറത്തു വന്നു, അതോടെ ക്‌ളൈമാക്‌സ് മാറ്റി ചെയ്യാൻ നിർമ്മാതാവ് നിര്ബന്ധിതരായി . പക്ഷെ ഉടനെ തമിഴ് പടങ്ങളുടെ റിലീസ് വന്നതിനാൽ താരതമന്യേ പുതുമുഖം ആയ ദുൽഖറിന്റെ പടം മാറ്റാൻ സമ്മർദമായി . ചുരുക്കത്തിൽ ആ പടം കൈവിട്ടു പോയി . ദി ഹിന്ദുവിലെ സിനിമാ എഴുത്തുകാർ ഒക്കെ നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ് , പക്ഷെ അതൊരു പാഠമായി .

എന്തായിരുന്നു ആ  പാഠം ?

ഒന്നു എത്ര ചെറിയ ആൾ പറയുന്ന കാര്യവും നമ്മൾ അംഗീകരിക്കനും വിലയിരുത്താനും കഴിയാണം . ആരും പൂർണ്ണരല്ല . ആരിൽ നിന്നും നമുക്ക് പഠിക്കാൻ ഉണ്ടാകും .

ദുൽഖർ എന്തുകൊണ്ടാകും ആശങ്കപെട്ടത് ?

അദ്ദേഹം സിനിമ കണ്ടു വളർന്ന വക്തിയാണ് . ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല . സിനിമയെ ജീവിതമാക്കി മാറ്റുമ്പോൾ ഇത്തരം പാകപ്പിഴകൾ ഒക്കെ കയ്യോടെ അറിയാനാകും . സിനിമ ഒരു പാഷനായാലേ അത് സംഭവിക്കൂ , ദുൽഖറിന് സിനിമ ഒരു പാഷനാണ് .

സിനിമ ജീവിതത്തിൽ പെട്ടെന്ന് ഓർമ്മ വരുന്ന ഒരു സംഭവം ?

ഒന്നല്ല രണ്ടു കാര്യങ്ങൾ പറയാം . തികച്ചും അവിസ്മരണീയമായി സംഭവിച്ചത് . നമ്മൾ ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ അഭിനേതാവ് യഥാർത്ഥ കഥാപാത്രമായാണ് മുന്നിൽ വരിക . അങ്ങനെ കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടി ഒരു കാര്യം നടത്താൻ സർക്കാർ ഓഫിസും കളക്റ്റ്രേറ്റും ഒക്കെ കയറി ഇറങ്ങി അലഞ്ഞു നടക്കുന്ന മാധവനായി തകർത്തഭിനയിക്കുകയാണ് . ഒടുവിൽ നടന്നു നടന്നു തേഞ്ഞു തീരാറാകുന്ന ചെരുപ്പ്, ആ സിനിമയിൽ ഉപയോഗിച്ച് തന്നെ തേഞ്ഞതാണ് , സങ്കടത്തോടെയും അമർശത്തോടെയും പുഴയിലേക്ക് വലിച്ചെറിഞ്ഞിട്ടു നടന്നു വരുന്ന രംഗമുണ്ട് . ക്യാമറയിലൂടെ മമ്മൂക്കയുടെ നിറകണ്ണുകൾ എന്റെ മുന്നിൽ മാധവന്റേതു ആയിരുന്നു . ഞാൻ അറിയാതെ കരഞ്ഞു പോയി

.

രണ്ടാമത്തെ സംഭവം രസതന്ത്രത്തിന്റെ സെറ്റാണ് . പടം ഏകദേശം പൂർണമായും ചിത്രീകരിച്ചത് തൊടുപുഴയിലാണ് . മോഹൻലാൽ ചിതാഭസ്മം നിമജ്ഞനം ചെയ്യേണ്ട ഒരു സീനുണ്ട് . അതും തൊടുപുഴയിലെ പുഴക്കര തന്നെ ആയിരുന്നു പ്ലാൻ . എന്നാൽ ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ആ സീൻ അവസാനം കടലിന്റെ പശ്ചാത്തലത്തിൽ ചെയ്യാം എന്ന നിർദ്ദേശം സത്യൻ അന്തിക്കാടുമായും ലാലുമായും പങ്കുവച്ചു . അവർക്കും ഏറെക്കുറ സമ്മതം . സെറ്റ് ഒന്നാകെ തൊടുപുഴയിൽ നിന്നും നല്ല തിരയടിക്കുന്ന തിരുവനന്തപുരത്തേക്ക് . കോവളവും ശംഖുമുഖവും ആയിരുന്നു എന്റെ മനസ്സിൽ . രണ്ടു ദിവസത്തെ നിരീക്ഷണത്തിൽ പുലർച്ചെ ആറുമണിക്ക് നല്ല തിരകൾ ഉള്ള സമയമാണ് . ചിത്രത്തിന് അനുയോജ്യമായ മൂഡും ഉണ്ടാകും മൂന്നാം ദിവസം രാവിലെ ഷൂട്ട് നിശ്ചയിച്ചു . ലാൽ ആണെകിൽ ആറുമണി എന്ന് പറഞ്ഞാൽ അഞ്ചു മിനിറ്റ് മുന്നേ വരുന്ന ശീലക്കാരനും , അദ്ദേഹത്തിന് അന്ന് എട്ടുമണിക്ക് പോകുകയും വേണം . എന്നാൽ 45 മിനിറ്റ് കാത്തിരുന്നിട്ടും കടൽ അനങ്ങുന്നില്ല . എനിക്കാകെ നിരാശയായി . എല്ലാവരെയും കൂട്ടി വന്നത് ഞാനാണ് . സത്യനും ലാലുമൊക്കെ ഇനിയിതുമതി , തുടങ്ങാം എന്നായി. എനിക്കാണെങ്കിൽ ആകെ പ്രയാസവും . ഒടുവിൽ ലാൽ സീൻ തുടങ്ങിയതും എവിടെ നിന്നറിയില്ല , ഒരു കൂറ്റൻ തിര കടൽ ഇളക്കിയെത്തി . ഒരു നിമിഷം കളയാതെ ഞാനതു പകർത്തി . തികച്ചും അവിശ്വസനീയമായ സംഭവം .

ഇതുപോലെ അഗ്‌നിസാക്ഷി ചെയുമ്പോൾ ഹാരിദ്വാരിൽ നദിയുടെ തണുപ്പറിയാതെ കയർ കെട്ടി വെള്ളത്തിൽ ഇറങ്ങിയ അനുഭവവുമുണ്ട് . അതായതു ക്യാമറ കൈയിലെടുത്താൽ നാം നമ്മളെ മറക്കും .

മലയാളത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ നിലനിൽക്കുമോ ?

എല്ലാ പടങ്ങളും ബിഗ് ബജറ്റിൽ ചെയ്യാനാകില്ല . സൂപ്പർ താരങ്ങൾക്കേ അത് പറ്റൂ . കാരണം അവർക്കു മിനിമം ഗ്യാരന്റിയുണ്ട് , ഫാൻസ് ക്ലബുകൾ കാണാനെത്തും . ചീത്ത പടം പോലും വാണിജ്യ വിജയം നേടും . ലൂസിഫർ ഒക്കെ മാസ് പടമാണ് . ജനത്തിന് ലാലിനെ അങ്ങനെ കാണുവാന് കൂടുതൽ ഇഷ്ടമാണ് . അപ്പോൾ ധൈര്യമായി അത്തരം ചിത്രങ്ങൾക്ക് കാശിറക്കാം .

മറ്റു നാടുകളിലെ കാണികളെ പിടിക്കാൻ നമ്മൾ ഇറങ്ങിയിട്ട് കാര്യമില്ല . കാരണം അവർക്കു ഇല്ലാത്തതു ഒന്നും കൊടുക്കാൻ നമ്മുടെ കയ്യിൽ ഇല്ല . തമിഴ് സൂപ്പർ താര പടമൊക്കെ മിനിമം നാലു ഡബ്ബിങ് കയ്യോടെ പൂർത്തിയാക്കിയാണ് വിപണിയിൽ എത്തുക . തമിഴ് , തെലുങ്ക് , ബോളിവുഡ് കൂടാതെ വേൾഡ് റിലീസ് കൂടി അവരുടെ ലക്ഷ്യമാണ് . ലോകത്തെവിടെയുമുള്ള തമിഴരും തിയറ്ററിൽ പോയി സിനിമ കാണും . മലയാളി അങ്ങനെയല്ല , ടിവിയിൽ വരട്ടെ എന്ന് പറയും . തമിഴന്റെ കയ്യിൽ 50 രൂപ ഉണ്ടെങ്കിൽ അവൻ സിനിമ കണ്ടു സന്തോഷം കണ്ടെത്തും . നമ്മളാകട്ടെ ആ 50 രൂപ ഒരു ഷർട്ട് വാങ്ങാൻ ആയിരിക്കും മാറ്റി വയ്ക്കുക . അതാണ് വത്യസം .

മറ്റു മൂന്നു തെന്നിത്യൻ ഭാഷകളിലും സാംസ്‌കാരിക ചേരുവകൾ ഒന്നാണ് . കഥയിലും അത് ഫീൽ ചെയ്യും , വേഷവും ഒക്കെ അങ്ങനെ തന്നെ . എന്നാൽ മലയാളിയുടെ ചിരി പോലും വേറിട്ടതാണ് . തമാശയും സംഭാഷണവും ഒക്കെ അങ്ങനെ തന്നെ . നമ്മൾ എത്രയൊക്കെ അന്യനാട്ടുകാരോട് ഇഴുകാൻ നോക്കിയാലും അത് നൂറുശതമാനം വിജയിക്കില്ല . ഇത് സിനിമയെ ഗുരുതരമായി ബാധിക്കുന്ന ഘടകമാണ് .

സിനിമ ടീം വർക്ക് ആണെന്ന് പറയുമെങ്കിലും താരങ്ങൾക്കും സംവിധായകർക്കും ലഭിക്കുന്ന പരിഗണന മറ്റു സാങ്കേതിക പ്രവർത്തകർക്ക് ലഭിക്കുന്ന്‌നുണ്ടോ ? പ്രതിഫലത്തിലും മറ്റും വലിയ അന്തരമില്ലേ ?

വക്തിപരമായി പറഞ്ഞാൽ എനിക്ക് പരിഗണനയും ആദരവും ഒക്കെ കിട്ടുന്നുണ്ട് . എന്നാൽ എല്ലാവരുടെയും കാര്യത്തിൽ അങ്ങനെ ആകണം എന്നില്ല . തീർച്ചയായും അടുത്തിടെയായി വേതന കാര്യത്തിൽ ഒക്കെ വലിയ വത്യാസങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് . എങ്കിലും ഒരു കോടി രൂപ സംവിധായകന് ലഭിക്കുമ്പോൾ എത്ര മികച്ച ആൾ ആണെങ്കിലും ക്യാമറാമാന് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് വേതനം . അപ്പോൾ സാധാരണക്കാരായ ഒരാളുടെ കാര്യം ഊഹിക്കാമല്ലോ . വർഷത്തിൽ ഒരു പടം ചെയ്യാൻ കിട്ടുന്നവരുടെ ജീവിതാവസ്ഥ എന്തായിരിക്കും ? നടീനടന്മാരിൽ 20 ശതമാനത്തിനു മുകളിൽ മാന്യമായ തരത്തിൽ വേതനം കൈപ്പറ്റുമ്പോൾ രണ്ടാം തരത്തിൽ എത്തുന്ന സംവിധായകരും സ്‌ക്രിപ്ട് എഴുത്തുകാരും ഒക്കെ 15 ശതമാണമേ ജീവിക്കാൻ ഉള്ളത് സമ്പാദിക്കുന്നുള്ളൂ . ടെക്‌നിഷ്യന്മാരുടെ കാര്യത്തിൽ എത്തുമ്പോൾ ഈ കണക്കു പത്തു ശതമാനമാനമായി മാറും . അപ്പോൾ എവിടെയും എത്താതെ നിൽക്കുന്ന അസിസ്റ്റന്റുമാരുടെ ഒക്കെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ .

ഇതാണാവസ്ഥ എങ്കിൽ കോവിഡ് സാഹചര്യം എങ്ങനെയാകും സിനിമയെ ബാധിച്ചിരിക്കുക ?

ഞാൻ അടക്കം ഉള്ളവർ ഇത്രകാലം കൊണ്ട് മിച്ചം പിടിച്ച വകയിൽ രണ്ടോ മൂന്നോ വര്ഷം കുഴപ്പം ഇല്ലാതെ പിടിച്ചു നില്കും . കോടികൾ വാങ്ങുന്ന നടിനടന്മാർക്കും സംവിധായകർക്കും അവരുടെ വരുമാനത്തിൽ കുറവില്ല . അവർക്കു ജീവിത പ്രയാസം തോന്നുകയേ ഇല്ല . കാരണം പലരും സ്വപ്നം കാണാൻ പോലും സാധികാത്ത ജീവിതം ഇതിനകം സ്വന്തമാക്കിയവരാണ് . കോവിഡ് പ്രയാസ സമയം വീട്ടുകാർക്കൊപ്പം ചെലവിടാൻ പറ്റിയ ബോണസ് കാലമാണവർക്കു . ഇപ്പോഴും ഉത്ഘാടനവും ഷോയും പരസ്യവും ബിസിനസും ഒക്കെയായി ലൈം ലൈറ്റിൽ നിൽക്കുന്നവർ പണം ഉണ്ടാക്കുന്നുണ്ട് .

എന്നാൽ അനേകായിരങ്ങൾ ശരിക്കും പ്രയാസപ്പെടുകയാണ് . അമ്മയ്ക്ക് സ്വന്തമായി പണം ഉള്ളതുകൊണ്ട് കുറെയൊക്കെ ചെയ്യാനാകുന്നു . എന്നാൽ ഫെഫ്കയ്ക്കും മാക്ടക്കും ഒക്കെ പണ പരിമിതി വലിയ പ്രശനമാണ് . ആദ്യമൊക്കെ പരസ്യം ആഗ്രഹിക്കാത്തതിനാൽ രഹസ്യമായി നമുക്കറിയുന്ന പ്രയാസപ്പെടുന്ന പലരെയും അയ്യായിരം രൂപയൊക്കെ നൽകി സഹായിച്ചു . പിന്നീടത് നാലായിരവും പതുക്കെ രണ്ടായിരം വരെയായി കുറയ്ക്കേണ്ടി വന്നു . ഇപ്പോൾ ആർക്കും ഒന്നും നല്കാൻ പറ്റുന്നില്ല . രണ്ടായിരം രൂപ പോലും മാസം ആഗ്രഹിക്കുന്നവർ ഉണ്ടെന്നറിയുമ്പോഴാണ് നമുക്ക് ഈ പ്രതിസന്ധിയുടെ വേദനയും ആഴവും മനസ്സിലാവൂ , അവരും സിനിമ കൊണ്ട് ജീവിച്ചിരുന്നവരാണ് .