ന്യൂഡൽഹി: തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അധികാരം വടംവലികളുടെ ബാക്കിപത്രമാണ് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോബാധ്യയെ കേന്ദ്രം തിരികെ വിളിക്കുന്ന നടപടികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം പരിധിവിടുന്ന കാഴ്‌ച്ചയാണ് ബംഗാളിൽ കണ്ടത്. ചീഫ് സെക്രട്ടറിയായി മൂന്ന് മാസം അധികം കാലാവധി ചോദിച്ച ബന്ദോപാധ്യക്ക് അതിന് അനുമതി കേന്ദ്രം നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കേയാണ് അദ്ദേഹം കഴിഞ്ഞ ദിവസം രാജിവെച്ചതും.

കേന്ദ്രത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ലഭിച്ച നിർദ്ദേശം തള്ളിയാണു ആലാപൻ രാജിവെച്ചിരിക്കുന്നത്. ഇത് അച്ചടക്ക ലംഘനമെന്ന വ്യാഖ്യാനത്തിനും ഇടയാക്കിയേക്കാം. രാജിക്ക് പിന്നാലെ ആലാപനെ, മുഖ്യമന്ത്രി മമത ബാനർജി 3 വർഷത്തേക്കു തന്റെ മുഖ്യ ഉപദേഷ്ടാവായും എച്ച്.കെ. ദ്വിവേദിയെ പുതിയ ചീഫ് സെക്രട്ടറിയായും മമത ബാനർജി നിയമിച്ചു. നിയമനങ്ങൾക്കു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമത കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് മമത രംഗത്തെത്തിത്.

ഇത്രയും ഹൃദയശൂന്യനായ പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ലെന്ന് തുറന്നടിക്കുകയായിരുന്നു മമത ബാനർജി. ഉദ്യോഗസ്ഥരോട് അടിമകളോടെന്നോണമാണു പ്രധാനമന്ത്രി പെരുമാറുന്നത്. ജീവിതമത്രയും ജോലിക്കായി സമർപ്പിച്ച ഉദ്യോഗസ്ഥനെ ഇങ്ങനെ അപമാനിക്കുന്നതിലൂടെ എന്തു സന്ദേശമാണ് കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും നൽകുന്നത്? ബംഗാൾ കേഡർ ഉദ്യോഗസ്ഥർ പലരും കേന്ദ്രത്തിലുണ്ട്. കൂടിയാലോചനയില്ലാതെ എനിക്ക് അവരെ പിൻവലിക്കാനാവുമോ, മിസ്റ്റർ പ്രൈം മിനിസ്റ്റർ? മിസ്റ്റർ ബിസി പ്രൈം മിനിസ്റ്റർ? മിസ്റ്റർ മൻ കീ ബാത് പ്രൈം മിനിസ്റ്റർ? മമത ചോദിച്ചു.

ആലാപൻ ഇന്നലെ വിരമിക്കാനിരിക്കെ, അദ്ദേഹത്തിന് 3 മാസംകൂടി സംസ്ഥാനത്തു സർവീസിൽ തുടരാൻ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നടപടി. എന്നാൽ, കലൈകുണ്ഡയിൽ കഴിഞ്ഞ 28ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ മമതയും ചീഫ് സെക്രട്ടറിയും മനഃപൂർവം പങ്കെടുത്തില്ലെന്ന് ആരോപണമുണ്ടായി. തുടർന്നാണ്, ഇന്നലെ പഴ്‌സനേൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ ആലാപനു കേന്ദ്രം നിർദ്ദേശം നൽകിയത്.

ആലാപനെ ഡൽഹിയിലേക്ക് അയയ്ക്കില്ലെന്ന് ഇന്നലെ രാവിലെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമത വ്യക്തമാക്കി. എന്നാൽ, ആലാപൻ നിർദ്ദേശം അനുസരിക്കണമെന്നു കേന്ദ്രം മറുപടി നൽകി. തുടർന്നാണ് ആലാപൻ വിരമിക്കാൻ തീരുമാനിച്ചത്. വിരമിച്ചെങ്കിലും നിർദ്ദേശം ലംഘിച്ചതിന് ആലാപനെതിരെ നടപടിയുണ്ടാകുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമക്കുന്നു.

അതേസമയം ബംഗാളിൽ ബിജെപിക്കേറ്റ പരാജയത്തിനുള്ള പ്രതികാരമാണ് താനുമായുള്ള കേന്ദ്രത്തിന്റെ ഏറ്റമുട്ടലെന്നാണു മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം. ഇന്നലെ അയച്ച കത്തിൽ പ്രധാനമന്ത്രിയെത്തന്നെ അവർ പ്രതിസ്ഥാനത്തു നിർത്തുന്നു. ആലാപനെ സംസ്ഥാനവുമായി കൂടിയാലോചിക്കാതെ കേന്ദ്രത്തിലേക്കു തിരികെ വിളിച്ച നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മമത ചൂണ്ടിക്കാട്ടുന്നത്. 1954 ലെ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്കു വിരുദ്ധം. കീഴ്‌വഴക്കങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമാകുമെന്നും അവർ വാദിക്കുന്നു. ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിന് ഏകപക്ഷീയമായി തിരികെ വിളിക്കാമെങ്കിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും നൽകുന്ന ഉത്തരവുകൾ കീഴുദ്യോഗസ്ഥർ അനുസരിക്കുമോ? എന്ന ചോദ്യവും മമത ഉയർത്തുകയുണ്ടായി.

അതേസമസമയം, ഡൽഹിയിലെത്താനുള്ള കേന്ദ്ര നിർദ്ദേശം പാലിക്കാത്തതിനാൽ ആലാപനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഇതിനെ മമത ബാനർജി എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.ചീഫ് സെക്രട്ടറിയോട് തിങ്കളാഴ്ച രാവിലെ 10ന് ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. എന്നാൽ അദ്ദേഹം എത്തിയില്ല. ബംഗാളിലെത്തിയ പ്രധാനമന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി മമതയുമായി ചർച്ച തീരുമാനിച്ചെങ്കിലും മമത കൃത്യസമയത്ത് എത്തിയില്ല. വൈകി എത്തിയ മമതയ്ക്കൊപ്പം തന്നെ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയും മടങ്ങിയത് മോദിയുടെ അതൃപ്തിക്ക് ഇടയാക്കി.