- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയും ഗഡ്കരിയുമില്ല; കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുക വി മുരളീധരനും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങും; ജില്ലയിലെ മന്ത്രിമാരായ ഐസക്കിനെയും തിലോത്തമനെയും വെട്ടി കേന്ദ്രം; സ്ഥലം എംപി ആരിഫിനെയും ഒഴിവാക്കിയത് വിവാദത്തിൽ
ആലപ്പുഴ: പ്രധാനമന്ത്രി മോദി വരും ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് എന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അദ്ദേഹത്തെ കാത്തിരുന്നിട്ടും വരില്ലെന്ന ഘട്ടത്തിലാണ് ബൈപ്പാസ് ഉദ്ഘാടനം തീരുമാനിച്ചത്. അപ്പോഴാകട്ടെ തെരഞ്ഞെടുപ്പു അടുത്ത കാലത്തെ ഉദ്ഘാടന ചടങ്ങെന്ന നിലയിൽ നിതിൻ ഗഡ്കരിയും എത്തില്ലെന്ന അവസ്ഥയിലെത്തി. പകരം കേന്ദ്ര പ്രതിനിധികളായി നിയോഗിച്ചതാകട്ടെ വി മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയും. അതു മാത്രമല്ല, ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാരുടെ പേരും വെട്ടി. സ്ഥലം എംപി ആരിഫിനും ക്ഷണമില്ലാത്ത അവസ്ഥയായി. തെരഞ്ഞെടുപ്പു കാലത്തെ ഈ നടപടി ഏറെ വിവാദത്തിന് വഴിവെച്ചിരിക്കയാണ്.
ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നമാണ് 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടിയത്. റോഡ് ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരിട്ടു ചടങ്ങിൽ പങ്കെടുക്കില്ല. വി.മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനെയുമാണ് കേന്ദ്ര മന്ത്രാലയം ഉൾപ്പെടുത്തിയത്. എല്ലാം കേന്ദ്രം നിയന്ത്രിക്കുന്ന ചടങ്ങാക്കി മാറ്റിയതാണ് കേരളത്തെ ചൊടിപ്പിക്കുന്നത്.
ജില്ലയിൽനിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എംപിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിലുള്ളത്. ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്നു ബൈപാസ് നാടിനു സമർപ്പിക്കുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ, മുഖ്യമന്ത്രി ചടങ്ങിൽ നേരിട്ടെത്തിയാണോ വിഡിയോ കോൺഫറൻസ് വഴിയാണോ ഉദ്ഘാടനം ചെയ്യുക എന്നു തീരുമാനമായിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഒഴിവാക്കിയ പേരുകളും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിനു തിരിച്ചയച്ചിട്ടുണ്ട്. ജില്ലയിലെ 3 മന്ത്രിമാരെയും എംപിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയും ഉൾപ്പെടുത്തിയാണു സംസ്ഥാന സർക്കാർ പരിപാടി തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് അയച്ചതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നിന്ന് മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും അങ്ങനെ ചെയ്താൽ അതിനെ സംസ്ഥാന സർക്കാർ വെല്ലുവിളിക്കണമെന്നും എ.എം.ആരിഫ് എംപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് നടക്കുന്ന ജില്ലയിലെ എംപിമാരെ ഒഴിവാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. പരിപാടി നടത്തുന്നവരുടെ മനസ്സ് ജനങ്ങൾ മനസ്സിലാക്കിക്കൊള്ളുമെന്നും എംപി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ