ആലപ്പുഴ ബിജെപി നേതാവ് രൺജീത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണം തൽക്കാലം അവസാനിപ്പിച്ചു. ബെംഗളുരുവിൽനിന്ന് ഒരാളെ പിടികൂടിയെങ്കിലും പ്രധാന പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിലാണ് അന്വേഷണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനമായത്.ഇതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്വേഷണത്തിനു പോയ ഉദ്യോഗസ്ഥർ തിരിച്ചെത്തി.

എങ്കിലും അന്വേഷണം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ്, സൈബർ സെൽ എന്നിവയ്ക്കു പുറമേ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. കേസിലെ 2 പ്രതികളെ കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകി. ആലപ്പുഴ സ്വദേശികളായ ജസീബ്, അനൂപ് എന്നിവരെയാണ് ഇന്നലെ കസ്റ്റഡിയിൽ വിട്ടത്. ഇവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പു നടത്തും.

അതേസമയം എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ വധക്കേസിലെ പ്രതി മുരുകേശനെ ഒളിവിൽ താമസിപ്പിച്ച ആർഎസ്എസ് ആലുവ ജില്ലാ പ്രചാരക് കെ.വി.അനീഷിനെ ആലുവ ആർഎസ്എസ് കാര്യാലയത്തിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ഷാനിന്റെ യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ കൊലയാളികൾക്ക് കൈമാറിയ പ്രണവ്, ശ്രീരാജ് എന്നീ പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ചും തെളിവെടുപ്പു നടത്തി. കോടതിയിൽനിന്ന് കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്‌