- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു എന്നാരോപിച്ച് ചെങ്കൊടിയുമായി തെരുവിലിറങ്ങിയത് നൂറോളം സഖാക്കൾ; പാർട്ടി അച്ചടക്കം ലംഘിച്ചവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വവും; ആലപ്പുഴ നഗരസഭാ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ വിശദീകരണം തേടിയത് മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി മെമ്പർമാരോടും
ആലപ്പുഴ: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ സിപിഎം നടപടി എടുക്കും. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ വച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, പ്രകടനത്തിന് നേതൃത്വം നൽകിയവർക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി മെമ്പർമാരോടുമാണ് സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇന്ന് തന്നെ വിശദീകരണം എഴുതി നൽകണമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടത്.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നിൽ. ജയമ്മയും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമർശിക്കേണ്ട കാര്യമില്ല. ആർക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാർട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയതുകൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാർട്ടി പരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ൽ 35 സീറ്റ് നേടി. പ്രതിപക്ഷത്തിന് എല്ലാവർക്കും കൂടി 17 മാത്രമേയുള്ളൂ. സൗമ്യ രാജ് അധ്യക്ഷയായത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ അധ്യക്ഷ പദവിയെ ചൊല്ലി സിപിഎമ്മിനുള്ളിൽ ഉടലെടുത്ത തർക്കമാണ് ഒടുവിൽ പൊട്ടിത്തെറിയിൽ എത്തിയത്. പരിചയ സമ്പന്നയായ കെ കെ ജയമ്മയെ തഴഞ്ഞതാണ് അണികളെ പ്രകോപിപ്പിച്ചത്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പാർട്ടിയിൽ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗൺസിലർ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഈ നിയമനം നേതാക്കളുടെ താൽപ്പര്യം മുൻനിർത്തി ആണെന്നാണ് ആക്ഷേപം.
പാർട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവർത്തകരാണ് പാർട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഒരു സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരിയായതു കൊണ്ടാണ് ഈ തീരുമാനമെന്നുമാണ് ഉയർന്നിരിക്കുന്ന വിമർശനം.
പി.പി ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്. വലിയ മേധാവിത്വത്തിലായിരുന്നു ഇത്തവണ എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്ന് നഗരസഭാ അധികാരം പിടിച്ചെടുത്തിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയുടേതായ ഒരു മുഖം ഉണ്ടാവണമെന്നും നിർദ്ദേശം ഉയർന്നിരുന്നു.
അധ്യക്ഷ പദവയിലേക്ക് കെ.കെ ജയമ്മയുടേയും സൗമ്യ രാജിന്റേയും പേര് ഉയർന്ന് വന്നുവെങ്കിലും ഏറെ പേർക്കും താത്പര്യം കെ.കെ ജയമ്മയോടായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
അതേസമയം പ്രതിഷേധിച്ചാൽ തീരുമാനം മാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി നാസർ പറഞ്ഞു. സൗമ്യ രാജൻ തന്നെയാകും ചെയർപേഴ്‌സണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരസ്യ പ്രകടനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി ജി സുധാകരനും വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം നേടിയ ഏകസീറ്റായ ആലപ്പുഴയിൽ തദ്ദേശതെരഞ്ഞെടുപ്പിലും സിപിഎം സ്വന്തമാക്കിയത് നല്ല വിജയമാണ്.
ഇവിടെയാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ഒരു സംഘം പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു- എന്നടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഏറ്റുവിളിക്കുന്നത്. സിപിഎം കോട്ടയായ ആലപ്പുഴയിൽ ഇത്തരമൊരു കാഴ്ച അപൂർവവുമാണ്. വിശേഷിച്ച്, സിപിഎമ്മിന് ഇത്തരമൊരു പരസ്യപ്രതിഷേധം തടയാനായില്ല എന്നത് പാർട്ടിയിൽ ഉണ്ടാക്കുന്ന അലയൊലികൾ ചെറുതാവുകയുമില്ല.
മറുനാടന് ഡെസ്ക്