- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് തകർന്ന് കിടക്കുന്ന ടോൾ ബൂത്ത്; അപകടമുണ്ടാക്കിയത് തടിയുമായി എത്തിയ ലോറി; നിർത്താതെ പോയ വാഹനം കണ്ടെത്താൻ സിസിടിവി പരിശോധന ആലപ്പുഴ ബൈപ്പാസിൽ അപകട കെണികളോ? കൂടുതൽ കരുതലിന് ട്രാഫിക് പൊലീസ്
ആലപ്പുഴ: ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കകം ആലപ്പുഴ ബൈപ്പാസിന്റെ ടോൾബൂത്ത് തകർന്നത് നൽകുന്നത് പതിയിരിക്കുന്ന അപകട മുന്നറിയിപ്പ്. പുലർച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോൾ ബൂത്തിന് കേടുപാട് ഉണ്ടായത്. ടോൾ ബൂത്ത് തകർന്ന് തരിപ്പണമായി. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പുലർച്ചെ 4.45 ന് വലിയ ശബ്ദം കേട്ടിരുന്നു എന്നും ഓടിയെത്തിയപ്പോൾ ടോൾ ബൂത്ത് തകർന്ന് കിടക്കുന്നതാണ് കണ്ടതെന്നും സമീപ വാസികൾ പറഞ്ഞു.
ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം വാഹനങ്ങൾ കൂട്ടമായെത്തിയതോടെ ബൈപാസിൽ പലയിടത്തും വാഹനങ്ങൾ തമ്മിൽ കൂട്ടയിടിയും ഉരസലും നടക്കുകയാണ്. ബൈപാസ് ഉദ്ഘാടന ചിത്രങ്ങൾക്കൊപ്പം അപകട ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ബൈപാസിലെ ആദ്യപഞ്ചർ, അപകടം എന്നൊക്കെ തലക്കെട്ട് നൽകിയാണ് പലരും പ്രചരിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് മുൻപ് തന്നെ ബൈപാസിലേക്ക് പ്രവേശിക്കാൻ കളർകോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളാണ് കാത്തു കിടന്നത്. മണിക്കൂറുകളോളം കാത്തു കിടന്ന വാഹനങ്ങൾ ബൈപാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി. തുടർന്ന് പലയിടത്തും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ബൈപാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചറാവുകയും ചെയ്തു.
ഉദ്ഘാടനത്തിനു ശേഷം ബൈപാസിൽ കയറി ഫൊട്ടോ എടുക്കുന്നതിനും കടൽക്കാഴ്ച കാണുന്നതിനും രാത്രി വൈകുംവരെ ആളുകൾ ഉണ്ടായിരുന്നു. ഒടുവിൽ ചൂരൽ പ്രയോഗം നടത്തിയാണ് പൊലീസ് ആളുകളെ വിരട്ടിയോടിച്ചത്. വാഹനങ്ങളിൽ വന്നവരും കാൽനടയായി എത്തിയവരും ആയിരുന്നു ഇവർ. ബൈപാസിൽ കയറി നിൽക്കുന്നതിനും ഉദ്ഘാടന ദിവസത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്നതിനും സമയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ രാത്രി വൈകുംവരെ ബൈപാസിൽ കയറി നിന്നത്. ബൈപാസിൽ ഗതാഗതക്കുരുക്കുണ്ടായതാണ് പുലർച്ചെ പന്ത്രണ്ടോടെ ആളുകളെ പറഞ്ഞയക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം ബൈപാസ് തുറന്നതോടെ ദേശീയപാത കൊമ്മാടി ജംക്ഷനിൽ ഗതാഗതം താളം തെറ്റി. ഡ്രൈവർമാർക്ക് കൃത്യമായ നിർദ്ദേശം ലഭിക്കാത്തതാണ് പ്രധാന കാരണം. എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൊമ്മാടി ജംക്ഷനിലെ ഡിവൈഡറിന്റെ പടിഞ്ഞാറു വശത്തേക്കു പോകാനും കൊല്ലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഡിവൈഡറിന്റെ പടിഞ്ഞാറ് വശംചേർന്നു പോകാനും കൃത്യമായ സൂചനകൾ ഇല്ലാത്തതിനാൽ പലരും ഇതു പാലിക്കുന്നില്ല. ഇതോടെ ഇന്നലെ ജംക്ഷനിൽ കുരുക്കേറി. ബ്ലിങ്കർ സംവിധാനം ഇവിടെയുണ്ട്. തെക്കു നിന്നുള്ള വാഹനങ്ങൾ പലതും ഇപ്പോഴും ഡിവൈഡറിന്റെ വലതു വശത്തുകൂടിയാണ് പോകുന്നത്. ബൈപാസിലേക്കുള്ള വാഹനങ്ങളും ഡിവൈഡറിന്റെ കിഴക്കുകൂടി വന്ന് ജംക്ഷനിലെത്തി പടിഞ്ഞാറോട്ട് തിരിയുന്നു. കൃത്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾക്കും കാരണമാകാം.
കളർകോട്ട് സിഗ്നൽ പ്രവർത്തിപ്പിച്ചു തുടങ്ങിയെങ്കിലും ആശയക്കുഴപ്പമേറെയാണ്. ആലപ്പുഴ ടൗണിൽ നിന്നുള്ള വാഹനങ്ങൾക്കായി ഒരു സിഗ്നലും ബൈപാസിൽ നിന്നുള്ള വാഹനങ്ങൾക്കു മറ്റൊരു സിഗ്നലും ഉണ്ട്. എന്നാൽ, ആലപ്പുഴ ടൗണിൽ നിന്നുള്ള വാഹനങ്ങളുടെ ശ്രദ്ധ പതിയുന്നത് ബൈപാസ് സിഗ്നലിലാണ്. ടൗൺ കടന്നുവരുന്ന വാഹനങ്ങൾ ശ്രദ്ധിക്കേണ്ടത് ഇടതുഭാഗത്തെ സിഗ്നലാണ്; ബൈപാസിൽ നിന്നുള്ള വാഹനങ്ങൾ ശ്രദ്ധിക്കേണ്ടത് പാതയുടെ മധ്യത്തിലെ സിഗ്നലും.
വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നതിനെപ്പറ്റി ജനങ്ങൾക്ക് ധാരണ ഉണ്ടാകണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറയുന്നു. പകൽസമയത്തു പൊലീസിന്റെ സേവനം ഇരു ജംക്ഷനുകളിലും കുറച്ചുകാലത്തേക്ക് ഏർപ്പെടുത്തുമെന്നു ഡിവൈഎസ്പി എൻ.ആർ.ജയരാജ് അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.വേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ദേശീയപാത വിഭാഗവുമായി പൊലീസ് ചർച്ച ചെയ്യും. കൂടുതൽ സൂചനാ ബോർഡുകൾ ഇരു ജംക്ഷനുകളിലും സ്ഥാപിക്കേണ്ടത് ചൂണ്ടിക്കാട്ടും.