കൊച്ചി: ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ വകവരുത്തയത് അതിക്രൂരമായി. ഷാനിന്റെ ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളാണുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതിൽ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ.

ഞായറാഴ്ച രാവിലെ പത്ത് മണിയോട് കൂടിയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്. പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.

നാൽപ്പതിലേറെ മുറിവുകളാണ് ഷാനിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ഇതിൽ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രാഥമികമായി പറയുന്നത്. കഴുത്തിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു ഷാനിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയായിരുന്നു.

എസ്.ഡി.പി.ഐ. സംസ്ഥാന നേതാവിന്റെ വിലാപയാത്രയ്ക്കായി മെഡിക്കൽ കോളേജിന് പുറത്ത് നറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത്. ഇന്ന് തന്നെ ഷാനിന്റെ സംസ്‌കാര ചടങ്ങുകൾ ആലപ്പുഴയിൽ നടത്തുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബിജെപി. നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്

50 പേർ കസ്റ്റഡിയിൽ

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഐജി ഹർഷിത അട്ടല്ലൂരി അറിയിച്ചു. ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പ്രതികരിച്ചു. എഡിജിപി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി. ഹർഷിത അട്ടല്ലൂരി എന്നിവർ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ. പ്രവർത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവർത്തകരെ ആംബുലൻസിൽനിന്നാണ് പിടികൂടിയത്. എന്നാൽ ഇവരുടെയൊന്നും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലൻസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴ വയലാറിൽ ആർഎസ്എസ് പ്രവർത്തകനായ നന്ദുവിനെ എസ്ഡിപിഐ. പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെഎസ് ഷാനെ വകവരുത്തിയതെന്നാണ് സൂചന.

നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകിയതായും ഐജി പറഞ്ഞു. നിലവിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സംഘർഷസാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കർശനമാക്കി. ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.