ലണ്ടൻ: വൈറ്റ് ഹൗസിൽ എന്തൊക്കെയാണ് വിശേഷങ്ങൾ? സാധാരണ ലോകത്തു എന്തൊരു സംഭവങ്ങൾ നടക്കുമ്പോഴും ലോക വിശേഷങ്ങളിൽ താല്പര്യം കൂടുതൽ ഉള്ള മലയാളികൾ ആദ്യം അന്വേഷിക്കുക അമേരിക്കയിലെ വൈറ്റ് ഹൗസ് എന്ത് പറയുക ആയിരിക്കും എന്നറിയാനാണ് .പൊതുവെ ലോക ഭരണാധികാര കേന്ദ്രങ്ങളിൽ നിന്നും അത്ര എളുപ്പത്തിൽ ഒന്നും അണിയറ കഥകൾ പുറത്തുവരാറില്ല. രഹസ്യങ്ങൾ ഏറ്റവും ഭദ്രമായി സൂക്ഷിക്കാൻ അറിയുന്നവരാണ് അവിടെ പ്രവർത്തിക്കുക.

അതിനാൽ ലോക പൊലീസെന്നൊക്കെ അറിയപ്പെടുന്ന വൈറ്റ് ഹൗസിന്റെ കാര്യത്തിലാകുമ്പോൾ ഈ രഹസ്യങ്ങളൊക്കെ ഏഴു പൂട്ടിട്ട ആമാടപ്പെട്ടിയേക്കാൾ സുരക്ഷിതം ആയിരിക്കുകയും ചെയ്യും. എന്നാൽ വൈറ്റ് ഹൗസിലെ പല അണിയറക്കഥകളുടെയും പിന്നണിയിൽ പ്രവർത്തിക്കുന്ന ഒരു മലയാളി നമുക്ക് മുന്നിലെത്തിയാലോ? തീർച്ചയായും രസകരമായ കുറെ കാര്യങ്ങൾ കേൾക്കാനുണ്ടാകും. അത്തരം കുറച്ചു കാര്യങ്ങളുമായാണ് വൈറ്റ് ഹൗസ് വൈഡ് പോളിസി ഡെപ്യൂട്ടി അസോസിയേറ്റീവ് അഡ്‌മിനിസ്ട്രേറ്റർ ഫാ അലക്‌സാണ്ടർ കുര്യൻ യുകെ സന്ദർശനത്തിനിടയിൽ മറുനാടൻ മലയാളി ലേഖകനായ കെ ആർ ഷൈജുമോനുമായുള്ള സംഭാഷണത്തിൽ വെളിപ്പെടുത്തുന്നത്.

34 വർഷത്തിലേറെയായി അമേരിക്കയിൽ ഇന്ത്യൻ ഓർത്തോഡോക്സ് സഭയിൽ വൈദികനായും പ്രവർത്തിക്കുന്ന പള്ളിപ്പാട് സ്വദേശിയായ ഫാ അലക്‌സാണ്ടർ കുര്യൻ യുകെയിൽ ന്യൂകാസിൽ ഇന്ത്യൻ ഓർത്തോഡോക്സ് പള്ളിയുടെ വിശുദ്ധ വാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണ് ഒരാഴ്ചത്തെ സന്ദർശത്തിനു എത്തിയത്. അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

സത്യത്തിൽ വൈറ്റ് ഹൗസിൽ എന്തൊക്കെയാണ് ഇപ്പോൾ വിശേഷങ്ങൾ?

വലിയൊരു പ്രയാസഘട്ടത്തിലൂടെയാണ് ലോകവും അമേരിക്കയും ഒക്കെ കടന്നു പോകുന്നത്. കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധി തന്നെയാണ് പ്രധാനം. ഇപ്പോൾ യുക്രൈൻ യുദ്ധം സൃഷ്ടിക്കുന്ന പിരിമുറുക്കം കൂടെ കൂട്ടിനുണ്ട്. അത്ര എളുപ്പത്തിൽ നമുക്കീ പ്രയാസ കാലത്തിൽ നിന്നും പുറത്തുകടക്കാനാകില്ല. എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ മൂന്നോ നാലോ കൊല്ലം നിശ്ചയമായും വേണ്ടി വന്നേക്കാം. കോവിഡ് പ്രയാസത്തിന്റെ മധ്യ ഘട്ടത്തിലാണ് ബൈഡൻ യുഎസ് പ്രസിഡന്റ് ആകുന്നത്. ശ്രദ്ധ മുഴുവൻ അക്കര്യത്തിലുമായി. അതിനാൽ പുതിയ ഭരണത്തിന്റെ മാറ്റം അമേരിക്കയ്ക്കും ലോകത്തിനും ഫീൽ ചെയ്യാൻ കുറച്ചു കൂടി സമയം വേണ്ടി വരും.

ഇപ്പോൾ അമേരിക്കയ്ക്ക് മാത്രമായ പ്രശനങ്ങൾ എന്തൊക്കെയാണ്?

പ്രധാനമായും സാമ്പത്തിക പ്രതിസന്ധിയുടെ ഭീക്ഷണിയുണ്ട്. ബ്രിട്ടനിലെ പോലെ നാണയപ്പെരുപ്പം വളരെ ഉയരത്തിലാണ്. സ്വാഭാവികമായും ജന ജീവിതത്തിൽ അതിന്റെ പ്രയാസങ്ങൾ നേരിട്ട് ബോധ്യമാകുന്ന ഘട്ടം കൂടിയാണ്. അമേരിക്കയും നല്ല തോതിൽ ഇറക്കുമതി ചെയ്താണ് സാധാരണ ജീവിതത്തിനുള്ള വസ്തുവകകൾ ജനങ്ങൾക്ക് എത്തിക്കുന്നത്. ഇതിപ്പോൾ ചിലവേറിയ കാര്യമായി മാറിയിട്ടുണ്ട്. കാർ ഇറക്കുമതിയും ഉൽപ്പാദനവും ഒക്കെ വളരെ ചിലവേറിയ കാര്യമായി മാറിക്കഴിഞ്ഞു. ഫോക്സ്വാഗൺ, ടൊയോട്ട, ഹോണ്ട എന്നിവയുടെയൊക്കെ പാർട്സുകൾ തീ വില നൽകി വാങ്ങേണ്ട അവസ്ഥയാണ്. സപ്ലൈ ചെയിൻ മുറിയുന്നതും പോർട്ടുകളിലെ സെക്യൂരിറ്റി ചെക്ക് താമസവും ഒക്കെ ലോകത്തെ പല മികച്ച രാജ്യങ്ങൾക്കും തലവേദനയായത് അമേരിക്കയിലും സംഭവിച്ചു കൊണ്ടിരിക്കുന്നു. ജീവനക്കാരെ കിട്ടാനില്ലാത്തതു മറ്റൊരു പ്രശ്‌നമായി വളരുന്നു. കുടിയേറ്റ നിയന്ത്രണം കടുപ്പത്തിൽ തന്നെ തുടരുന്നത് പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഭീക്ഷണിയായി നിലനിൽക്കുകയും ചെയുന്നു. ഇനി വരുന്ന നവംബറിൽ മിഡ് ഇലക്ഷൻ നടക്കുകയാണ്. യുഎസ് കോൺഗ്രസിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബൈഡൻ ഭരണം നിയന്ത്രിക്കുന്നത്. ഇതിൽ ചെറിയ മാറ്റം ഉണ്ടായാൽ പോലും നയപരമായ തീരുമാനത്തെ അടിമുടി സ്വാധീനിക്കാൻ കഴിയും. ഏറ്റവും കൂടുതൽ തലവേദന ഞങ്ങളെ പോലെ നയപരമായ കാര്യങ്ങൾ ഡ്രാഫ്റ്റ് ചെയ്യുന്നവർക്ക് തന്നെയാണ്.

പക്ഷെ ബ്രിട്ടന് പറയാൻ ബ്രെക്സിറ്റ് എന്നൊരു കാരണം എങ്കിലുമുണ്ട് , അമേരിക്കയ്‌ക്കോ?

ശരിയാണ്, എടുത്തു പറയാൻ ബ്രെക്സിറ്റ് പോലെയൊരു കാരണം ഇല്ലെങ്കിലും അമേരിക്കയ്ക്ക് പൊതുവായ സ്വന്തം കാരണങ്ങളുമുണ്ട്. ട്രംപ് ഭരണത്തിൽ സംഭവിച്ച ചില നയമാറ്റങ്ങൾ കോവിഡിനൊപ്പം കൂട്ടി വയ്ക്കുമ്പോൾ തിരിച്ചടി കരുത്തുറ്റതാക്കി മാറ്റി എന്നതാണ് പ്രധാനം, കോവിഡ് വന്നതോടെ പല മേഖലകളിൽ നിന്നും സ്വയം വിരമിക്കൽ നടത്തി വീട്ടിലിരിക്കാൻ തുടങ്ങി. പകരം ഒഴിവുകൾ നികത്താൻ വിദേശത്തു നിന്നുള്ളവരെ ആശ്രയിക്കാൻ കുടിയേറ്റ നിയമത്തിലെ കടുംപിടുത്തം കാരണം വഴി ഇല്ലാതായി. ട്രംപ് ഭരണം നടത്തിയ കടുംവെട്ടിൽ ഇന്ത്യയിൽ നിന്നും മാത്രം 165000 എച ്വൺ വിസയിൽ എത്തിയിരുന്ന പ്രൊഫഷണലുകളുടെ എണ്ണം 25000 താഴെയായി മാറി. ഇതേകണക്കിൽ എല്ലായിടത്തും കുറവ് സംഭവിച്ചിട്ടുണ്ട്. സ്വദേശിവൽക്കരണത്തിന്റെ മോഡലിന് ട്രംപ് ശ്രമിച്ചപ്പോൾ ആവശ്യത്തിന് ആളുകളെ കിട്ടാനില്ല എന്നത് വേണ്ട രീതിയിൽ പരിഗണിച്ചിരുന്നോ എന്നതിൽ സംശയമുണ്ട്.

ട്രംപ് മോദിയുമായി കെട്ടിപ്പിടിച്ചപ്പോൾ വിസ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടും എന്നായിരുന്നല്ലോ വാർത്തകൾ?

അവർ ഇരുവരും ഏകദേശം ഒരേ തരത്തിൽ ചിന്തിക്കുന്ന നേതാക്കൾ ആയതുകൊണ്ട് കെട്ടിപ്പിടുത്തതിൽ ഒന്നും അസ്വാഭാവികത ഇല്ല. രാജ്യ തലവന്മാർ കെട്ടിപ്പിടിച്ചു എന്നതിന് രണ്ടു രാജ്യങ്ങളുടെ ആലിംഗനമായി വ്യാഖ്യാനം നൽകേണ്ട. അമേരിക്ക ഇന്ത്യയുടെ പുതിയ കൂട്ടാളി എന്നൊക്കെ ഇന്ത്യൻ മാധ്യമങ്ങൾ വിവരണം നൽകുമ്പോൾ അമേരിക്കയിൽ നിന്നും ചിരിക്കാൻ മാത്രമേ കഴിയൂ. ഒരു അമേരിക്കൻ മാധ്യമവും അത്തരത്തിൽ റിപ്പോർട്ട് ചെയ്യില്ല. അല്പം തീവ്ര സ്വഭാവവും വേഗത്തിൽ തീരുമാനം എടുക്കുന്ന രീതിയും ട്രംപിനെയും മോദിയെയും കൂടുതൽ അടുപ്പിച്ചു എന്നതാണ് കൂടുതൽ സത്യം. ആ അടുപ്പം വഴി ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രത്യേകമായ മമതയൊന്നും രൂപപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം .

അപ്പോൾ കമല ഹാരിസ് വന്നപ്പോൾ ഇന്ത്യ ബന്ധം കൂടുതൽ ദൃഢം ആകും എന്ന് കേട്ടതോ?

അത് മറ്റൊരു തമാശ. കമലയുടെ പൂർവിക ബന്ധം ഇന്ത്യയുമാണ് എന്നതിനപ്പുറം അത് വച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ അവിഹിതമായി ഒന്നും നടക്കാൻ പോകുന്നില്ല. വൈസ് പ്രെസിഡന്റ്റിന്റെ രാജ്യമല്ലേ അല്പം കൂടുതൽ ബഹുമാനവും സ്വീകാര്യതയും നൽകിയേക്കാം എന്നൊരു അമേരിക്കക്കാരനോ രാജ്യത്തെ നയവിദഗ്ധരോ തീരുമാനിക്കാൻ പോകുന്നില്ല .കമല ഹാരിസ് ഇന്ത്യയിൽ എത്തുമ്പോൾ കൂടുതൽ വൈകാരികമായ ഒരു സ്വീകരണം ലഭിച്ചേക്കാം , അതിൽ കൂടുതൽ ഒന്നുമില്ല.

ട്രംപ് ആയിരുന്നെകിൽ യുക്രൈൻ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന നിരീക്ഷണം ശരിയാണോ?

അതിനോട് യോജിക്കേണ്ടി വരും. കാരണം ട്രംപും മോദിയും പുട്ടിനും ഏകദേശം ഒരേ സ്വഭാവക്കാരാണ്. ഈ ത്രിമൂർത്തികളും കൂടുതൽ പരസ്പര ബഹുമാനത്തോടെ അടുത്തിടപഴകിയിരുന്നു എന്നതും വാസ്തവമാണ്. ട്രംപ് തന്നെയാണ് അമേരിക്കൻ പ്രെസിഡന്റ്് എങ്കിൽ യുക്രൈൻ യുദ്ധം മാറിപ്പോയേനെ. കാരണം പുടിനെ വ്യക്തിപരമായി വിളിക്കാൻ ഉള്ള സ്വാതന്ത്ര്യം ട്രംപ് ഉപയോഗിക്കും എന്നത് തന്നെ. ഒരുപക്ഷെ പുടിൻ യുക്രൈനെ ആക്രമിക്കാൻ കാത്തിരുന്നത് പോലും ട്രംപ് ഒഴിയുന്ന കാലത്തിനു വേണ്ടിയാകാം .

ട്രംപ് നയങ്ങൾ അപ്പാടെ പൊളിച്ചു മാറ്റുകയാണോ ഇപ്പോൾ?

മിക്കതും മാറിക്കൊണ്ടിരിക്കുന്നു. ഒബാമ അധികാരത്തിൽ ഇരുന്നപ്പോൾ വമ്പൻ മൾട്ടി നാഷണൽ കമ്പനികളായ ഐ ബി എം, എച് പി തുടങ്ങിയ ടെക് ഭീമന്മാർക്ക് നൽകിയ വമ്പൻ ടാക്സ് ഇളവുകൾ അപ്പാടെ ട്രംപ് നിർത്തലാക്കിയിരുന്നു. ഇതോടെ പ്രൊഫഷണൽ ആയി ജോലി ചെയ്യാൻ എത്തുന്നവരുടെ ഒഴുക്ക് നിലച്ചു. ബൈഡൻ വന്നതോടെ ഇതിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എന്നാൽ ജോലിക്കാരെ അഭിമുഖം നടത്താൻ പോലും ആളില്ല എന്ന അവസ്ഥയുണ്ട്. പല കമ്പനികളുടെയും ബാക് സപ്പോർട് സിസ്റ്റം തന്നെ നേരായ ട്രാക്കിലല്ല. ഒരു തരം റെഡ് ടാപ്പിസമാണ് നടക്കുന്നത്. ഓരോ പ്രെസിഡന്റ്റ് എത്തുമ്പോഴും അവരുടെ വീക്ഷണം അനുസരിച്ചുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്.

ബൈഡനു വയസാകുന്നു, ഓർമ്മക്കുറവിൽ പലതും വിളിച്ചു പറയുന്നു എന്നൊക്കെയാണല്ലോ കേൾവി?

അതിലൊന്നും വലിയ കാര്യമില്ല. പ്രായത്തിന്റെ സ്വഭാവം അനുസരിച്ചു തീരുമാനം എടുക്കാൻ അല്പം താമസം ഉണ്ടാകാം. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കാനാകില്ല . നാമെല്ലാം അതുപോലെയല്ലേ. ഫാസ്റ്റ് തിങ്കിങ് പ്രോസസ് അല്പം പതുക്കെയാകും എന്നത് മാത്രമേ മുന്നിലുള്ള തടസമാകൂ.

ലോകത്തെ മറ്റു പല രാജ്യങ്ങളെയും പരിഗണിക്കുമ്പോൾ അമേരിക്കയിൽ ആണല്ലോ കൂടുതൽ പ്രായമായ ഭരണാധികാരി?

അതൊരു പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാകാം. പിന്നെ അമെരിക്കയിലെ ചെറുപ്പക്കാർക്ക് കൂടുതൽ പ്രൊഡക്ടീവ് ആയി സ്വന്തം ജീവിതം കൂടി മാനേജ് ചെയ്യാൻ ആണ് ഇഷ്ടം. സാമൂഹ്യ സേവനവും രാഷ്ട്രീയവും ഒക്കെ ജീവിതത്തിന്റെ ഒരേടായി മാത്രമേ അവർ കാണുന്നുള്ളു . ഉല്ലാസവും കായികവും റൊമാൻസും എല്ലാം ചേർന്ന ഒരുതരം ബാലൻസ്ഡ് ലൈഫാണ് അമേരിക്കൻ യുവത്വത്തിന്റെ ആകർഷണം .

ക്ലിന്റൺ, ബുഷ് സീനിയറും ജൂനിയറും ഒബാമ , ട്രംപ് ഇപ്പോൾ ബൈഡൻ , ആറു അമേരിക്കൻ പ്രസിഡന്റുമാരിൽ ആർക്കാണ് കൂടുതൽ മാർക്ക് നൽകുക?

ഇക്കൂട്ടത്തിൽ ഏറ്റവും നന്നായി ജോലി ചെയ്യാൻ പറ്റിയിട്ടുള്ളത് ക്ലിന്റൺ , ബുഷ് ജൂനിയർ , ഒബാമ എന്നിവർക്കൊപ്പമാണ്. അതിൽ ഒരു സംശയവും ഇല്ലാതെ പറയാം ഒബാമ തന്നെയാണ് എന്റെ ഹീറോ. അതായതു ഒട്ടും സമ്മർദം ഇല്ലാതെ ജോലി ചെയ്യാൻ അദ്ദേഹത്തിന്റെ കീഴിൽ സാധിച്ചു. ഏത് അപ്പൻ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറയും പോലെ ഏതു പ്രസിഡന്റ വന്നാലും നയം മാറും, അത് ഉദ്യോഗസ്ഥരായ ഞനങ്ങൾക്കാണ് ഏറ്റവും തലവേദന സമ്മാനിക്കുക. ചിലപ്പോൾ അതുവരെ ചെയ്ത മുഴുവൻ കാര്യങ്ങളും മാറ്റി വച്ച് വീണ്ടും ഒന്നേ എന്ന് തുടങ്ങേണ്ടി വരും.

ബൈഡൻ ഇപ്പോൾ കൊണ്ട് വരുന്ന പ്രധാന നയം മാറ്റങ്ങൾ എന്തൊക്കെയാണ്?

ഒരുപാടു കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റ നയം അടക്കം. പക്ഷെ അതൊന്നും പ്രതീക്ഷിക്കുന്ന വേഗത്തിൽ നടക്കില്ല. കാരണം നയപരമായ ഒട്ടേറെ കടമ്പകൾ കടകേണ്ടതുണ്ട്. അമെരിക്കയിലെ ഏതു നയമാറ്റവും വലിയ ചർച്ചകളും ഒട്ടേറെ നിയമ സംഹിതകളോട് കെട്ടുപിണഞ്ഞ ഏർപ്പാടുമാണ്. അതിനാൽ ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന് എച് വൺ വിസയുടെ കാര്യത്തിൽ നയം ലളിതമായി മാറാൻ ഇനിയും വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം. അമേരിക്ക സ്വപ്നം കാണുന്ന മലയാളികൾ അടക്കമുള്ളവർ കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് ചുരുക്കം.

പണ്ട് കേരളത്തിൽ വന്നപ്പോൾ മോശം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ട്?

ഇക്കാര്യം ചോദിക്കില്ല എന്നാണ് ഞാൻ ഓർത്തത്. കോൺസുലേറ്റ് രൂപീകരണവമായി ബന്ധപ്പെട്ട കാര്യമാണ്. 2006 ലാണ് എന്നാണ് ഓർമ്മ . ഏതു സർക്കാർ എന്ന് കൃത്യമായി ഓർക്കുന്നില്ല. മകൻ ബുഷ് ഇന്ത്യ സന്ദർശിക്കുന്നതിന് ഭാഗമായി പുതിയൊരു കോൺസുലേറ്റ് ആരംഭിക്കം എന്ന് ഞാൻ അടങ്ങുന്ന ടീം നിർദ്ദേശം നൽകി. പരിഗണിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റും റെഡിയായി. കേരളവും കർണാടകയും ആന്ധ്രായുമാണ് ലിസ്റ്റിൽ. മുഖ്യമന്ത്രുമായി മുഖാമുഖം ചർച്ച വരെ നടന്നു, പക്ഷെ കേരളം നോ പറഞ്ഞു .കോൺസുലേറ്റ് വരാൻ കയ്യും നീട്ടി ഇരുന്ന ആന്ധ്രായിലെ റെഡ്ഢി സർക്കാർ അതിനെ വലിയ ഭരണനേട്ടമായി ആഘോഷിച്ചു . അക്കാലത്തു ഇറാഖിൽ സദ്ദാം ഹുസ്സൈൻ വധിക്കപ്പെട്ടതിൽ അമേരിക്ക വിരോധം കേരളത്തിൽ ആളിക്കത്തിക്കുന്ന സമയമാണ്. രാഷ്ട്രീയ മുതലെടുപ്പിൽ അമേരിക്കൻ പ്രെസിഡന്റ്റ് വന്നപ്പോൾ ബന്ദിന് പോലും കേരളത്തിൽ ആഹ്വനം ഉണ്ടായി . ഇത്തരം കാര്യങ്ങൾ കൊണ്ട് നമുക്കുണ്ടാകുന്ന നഷ്ടം എന്തെന്ന് നമ്മൾ തിരിച്ചറിയുന്നില്ല..

കേരളത്തിലെ കാര്യങ്ങൾ ഒകെ സസൂക്ഷമം ഇന്നും വീക്ഷിക്കുന്നുണ്ടോ?

തീർച്ചയായും. പ്രധനമായും അമ്മയിൽ നിന്നാണ് വിവരങ്ങൾ കിട്ടുന്നത്. പിന്നെ എല്ലാ ദിവസവും വീട്ടിൽ എല്ലാവരുമായി അല്പം സമയം ടിവിയും കാണും. മലയാള വാർത്തകളും അൽപ സമയം ശ്രദ്ധിക്കാറുണ്ട്. കോവിഡ് കാലത്തു കേരളത്തിൽ സർക്കാർ നന്നായി കാര്യങ്ങൾ ചെയ്‌തെന്നാണ് എനിക്ക് കിട്ടിയ ഫീഡ്ബാക്ക്. വിമർശവും മറ്റും രാഷ്ട്രീയ എതിർപ്പുമൂലം സംഭവിച്ചതാകാം

ഇന്നും വന്ന വഴി മറക്കാതെ മലയാളത്തെ വീട്ടിലും ഇഷ്ടപ്പെടുന്ന താങ്കൾ കേരളത്തെ കുറിച്ച് ഏതെങ്കിലും വിധത്തിൽ അസ്വസ്ഥനാണോ?

ലോകത്തെല്ലായിടത്തും മാറ്റങ്ങൾ ഉണ്ടല്ലോ. ഞങ്ങൾ എല്ലാവരും വീട്ടിൽ മലയാളമാണ് പറയുന്നത്. അത് നിർബന്ധവുമാണ്. എന്നേക്കാൾ നന്നായി പലപ്പോഴും കുട്ടികളാണ് മലയാളം പറയുക.എന്നും എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുന്ന അത്താഴം തനി കേരളീയമായിരിക്കും, അതും നിർബന്ധമാണ്. പക്ഷെ കേരളത്തിൽ ഇപ്പോൾ വെസ്റ്റേൺ ആയികൊണ്ടിരിക്കാൻ ഉള്ള ത്വര വളരെ അധികമാണ്, അതും വലിയ വേഗത്തിലും. എനിക്ക് കേരളത്തിലെ ചെറുപ്പക്കാരെ കുറിച്ച് അച്ഛൻ , വൈദികൻ , കുടുംബസ്ഥൻ എന്ന നിലയിൽ ഒക്കെ വലിയ ആശങ്കയുണ്ട്. സാംസ്‌കാരികമായ അധഃപതനം വലിയ വേഗത്തിൽ സംഭവിക്കുന്നു എന്നാണ് ഓരോ വർഷവും അവധിക്കു എത്തുന്ന എനിക്ക് തോന്നിയിട്ടുള്ളത്. ലോകത്തൊരിടത്തും ചെറുപ്പക്കാർക്ക് സംഭവിക്കാൻ പാടില്ലാത്ത പല കാര്യങ്ങളും കേരളത്തിലെ ചെറുപ്പകർക്കിടയിൽ ഇപ്പോൾ പുതുമ നഷ്ടമായ കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആർക്കും ആരോടും ഒരു ബാധ്യതയും ഇല്ലാത്ത തരത്തിലാണ് സമൂഹം രൂപപ്പെടുന്നത്. ഇത് തടയാൻ ശ്രമിക്കേണ്ടവർ സംസാരിക്കാൻ പോലും ഭയപ്പെടുന്നു. വലിയൊരു പ്രതിസന്ധിയാണ് മലയാളി സമൂഹം കേരളത്തിൽ കാത്തിരിക്കുന്നത്.

താങ്കളുടെ തീരുമാനം വഴി അമേരിക്കയിൽ സർക്കാരിനോ ജനത്തിനോ ഉണ്ടായ ഒരു പ്രധാന മാറ്റം പറയാനാകുമോ?

തീർച്ചയായും ഒരുപാടു കാര്യങ്ങളുണ്ട്. ട്രാവൽ, ഏവിയേഷൻ, റിയൽ എസ്റേററ് പ്രോപ്പർട്ടി തുടങ്ങി ഒന്പതോളം പോളിസി രൂപപ്പെടുത്തുന്നതിൽ ഭാഗമാകുകയാണ് എന്റെ ജോലി. ഇതിൽ ട്രാവൽ രംഗത്താണ് അടുത്തിടെ വലിയമാറ്റം സാധ്യമാക്കിയത്. ഹോട്ടൽ അലവൻസ്, മീൽ അലവൻസ് എന്നിവയിലൊക്കെയാണ് റേറ്റ് സംരക്ഷിക്കാനായതോടെ അര ബില്യൺ ഡോളറിന്റെ നേട്ടമാണ് ഉണ്ടായത്്. ഇക്കാലത്തിനിടയിൽ അഞ്ചു ബില്യൺ ഡോളറിന്റെയെങ്കിലും നേട്ടം സർക്കാരിന് സ്വന്തമാക്കുന്നതിൽ ഭാഗമായി മാറുവാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

പ്രായം ഷഷ്ഠി പൂർത്തിയോട് അടുക്കുക ആണെങ്കിലും കഴിഞ്ഞ നാല്പതു വര്ഷമായുള്ള അമേരിക്കൻ ജീവിതത്തിൽ നല്ല കാലവും സർക്കാർ സംവിദാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ഏക അമേരിക്കൻ മലയാളി എന്ന വിലാസമാകും ഇനിയുള്ള കാലം അദ്ദേഹത്തോടൊപ്പം കൂടുതൽ തിളക്കത്തോടെ ഉണ്ടാവുക .വീട്ടമ്മയായ അജിത (അന്ന ) യാണ് ഇദ്ദേഹത്തിന്റെ പത്നി. എലിസ , നടാഷാ , എലിജാ എന്നിവരാണ് മക്കൾ.