- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നിന്ന് സിപിഎം നേതാക്കൾ ഒന്നരക്കോടി കട്ടുമുടിച്ചുവെന്ന് ജീവനക്കാരൻ; അപേക്ഷ മാത്രം നൽകി ബന്ധുക്കളുടെ പേരിൽ എടുത്തത് ലക്ഷങ്ങൾ; നിക്ഷേപത്തിൽ നിന്ന് 2000 രൂപ ചോദിച്ചെത്തുന്നവർക്ക് പോലും നൽകാനില്ലെന്ന് സിപിഐ നേതാവ്; സെയിൽസ്മാൻ ഹരികുമാറിന്റെ വീഡിയോയിൽ വെട്ടിലായി പാർട്ടി
പത്തനംതിട്ട: സിപിഎം-സിപിഐ നേരിട്ട് ഏറ്റുമുട്ടുന്ന കൊടുമൺ പ്രദേശത്ത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിലാക്കി സിപിഐ നേതാവിന്റെ വീഡിയോ വൈറലായി. ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ സെയിൽസ് മാനും അങ്ങാടിക്കൽ വടക്ക് സിപിഐ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുമായ ഹരികുമാറാണ് സിപിഎം നേതാക്കളുടെ പകൽക്കൊള്ള ജനസമക്ഷം എത്തിച്ചിരിക്കുന്നത്. നേരത്തേ സിപിഎമ്മുകാരനായിരുന്ന ഹരികുമാർ അടുത്ത കാലത്ത് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. അങ്ങാടിക്കൽ വടക്ക് സിപിഐയുടെ ബ്രാഞ്ച് കമ്മറ്റിയും രൂപീകരിച്ചു.
സിപിഎം നേതാക്കളുടെ പകൽക്കൊള്ള കാരണം താൻ ജോലി ചെയ്യുന്ന ചന്ദനപ്പള്ളി സർവീസ് സഹകരണ ബാങ്ക് അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ഹരികുമാർ വീഡിയോയിൽ പറയുന്നു. ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ 12 വർഷമായി താൻ സെയിൽസ്മാനായി ജോലി ചെയ്യുന്നു. വലിയ കൊള്ളയാണ് ഇവിടെ സിപിഎം പ്രാദേശിക നേതാക്കൾ നടത്തുന്നതെന്ന് ഹരികുമാറിന്റെ തുറന്നു പറച്ചിലിൽ വ്യക്തമാണ്.
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പാനലിനെതിരേ സിപിഐ മത്സരിച്ചിരുന്നു. ഇങ്ങനെ മത്സരിക്കാനുണ്ടായ കാരണം ഹരികുമാർ പറയുന്നത് ചന്ദനപ്പള്ളി ബാങ്കിലെ അഴിമതിയാണെന്നാണ്. കഴിഞ്ഞ 15 വർഷമായി ചന്ദനപ്പള്ളി ബാങ്ക് ഭരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ഹരികുമാർ പറയുന്നു. വെറുതേയല്ല, വ്യക്തമായ തെളിവുകളും രേഖകളും തന്റെ കൈവശമുണ്ടെന്ന് ഹരികുമാർ അവകാശപ്പെടുന്നു.
ഒന്നരക്കോടി രൂപയുടെ വെട്ടിപ്പാണ് എഎൻ സലിം, കെകെ അശോക് കുമാർ, ചക്കാല മുരളി, ചുട്ടി എന്നിവർ ചേർന്ന് നടത്തിയിട്ടുള്ളതെന്ന് ഹരികുമാർ വീഡിയോയിൽ ആരോപിക്കുന്നു. ഇതു കാരണം ബാങ്കിലെ നിക്ഷേപകർക്ക് ഒരു പൈസ പോലും അക്കൗണ്ടിൽ നിന്ന് എടുക്കാൻ കഴിയുന്നില്ല. വെറും 2000 രൂപ എടുക്കാൻ എത്തുന്നവരെപ്പോലും പണമില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നു.
അങ്ങാടിക്കൽ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഈ ഗതി ഉണ്ടാകരുതെന്ന് കണ്ടാണ് സിപിഐ സിപിഎം പാനലിന് എതിരേ മത്സരിച്ചത്. അവിടെയും 15 വർഷമായി സിപിഎം ഭരിക്കുകയാണ്. ക്രമക്കേട് ആവർത്തിക്കുകയും വർധിക്കുകയും ചെയ്യുന്നു. സിപിഎമ്മിന്റെ കള്ളത്തരം തുറന്നു കാട്ടിയതിനും എതിർത്തതിനുമാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഡിവൈഎഫ്ഐ നേതാക്കൾ കയറിയും ഇറങ്ങിയും കള്ളനോട്ട് ചെയ്യുന്ന വിവരം പറയാൻ കൊടുമൺ ഇൻസ്പെക്ടർക്ക് സമീപത്തേക്ക് പോയ തന്നെ എഎൻ സലിം ക്രൂരമായി മർദിച്ചു. മർദനമേറ്റ് നാലു ദിവസം ആശുപത്രിയിൽ കിടന്നു. അതിന് ശേഷം ജോലിക്ക് ചെന്നപ്പോൾ നാലു ദിവസം അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിന്നുവെന്ന് കാട്ടി സസ്പെൻഡ് ചെയ്തുവെന്നും ഹരികുമാർ പറയുന്നു.
ചക്കാല മുരളി എന്ന നേതാവ് ഒരു അപേക്ഷ മാത്രം കൊടുത്താണ് 30 ലക്ഷം രൂപ ലോൺ എടുത്തിരിക്കുന്നത്. മറ്റു നേതാക്കളും ഇതേ പാത പിന്തുടരുന്നു. ഒന്നരക്കോടിയോളമാണ് ഈ വിധം അടിച്ചു മാറ്റിയിരിക്കുന്നത്. സഹകരണ ബാങ്കിൽ എടുക്കുന്ന വായ്പയ്ക്ക് ഇരട്ടിത്തുകയ്ക്കുള്ള ബോണ്ട് നൽകേണ്ടതുണ്ട്. അഞ്ചു ലക്ഷം രൂപ വായ്പ എടുക്കുന്നയാൾ 10 ലക്ഷത്തിന്റെ ബോണ്ട് വയ്ക്കണം. ഇവിടെയാകട്ടെ കഷ്ടിച്ച് അഞ്ചു ലക്ഷം പോലും കിട്ടാത്ത വസ്തുവിന്റെ പ്രമാണം വച്ച് 10 ലക്ഷം വരെ ലോൺ കൊടുക്കുന്നു. ഇതൊക്കെ പാർട്ടിക്കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് ലഭിക്കുക.
നമ്മുടെ നാട്ടിലെ പ്രധാന ബാങ്കുകൾ വായ്പ നൽകാൻ തയാറാകാത്തപ്പോഴാണ് ആളുകൾ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം, വീടുപണി, വിവാഹം അങ്ങനെ ആവശ്യങ്ങൾ പലതാണ്. ഇത്തരക്കാർക്ക് നൽകാത്ത വായ്പയാണ് നേതാക്കൾ ബന്ധുക്കളുടെ പേരിൽ അടിച്ചു മാറ്റുന്നത്. നിക്ഷേപകരാകട്ടെ പണം കഷ്ടപ്പെട്ട് സമ്പാദിച്ചു കൊണ്ട് ഇട്ടിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം അടക്കമുള്ള ആവശ്യത്തിനായിട്ടാണ് ഇങ്ങനെ പണം ഇട്ടിരിക്കുന്നത്. ആ പണം എപ്പോൾ ചോദിച്ചാലും തിരിച്ചു കൊടുക്കണം. അതിന് തയാറാകാതെ പ്രസ്ഥാനം നശിപ്പിക്കുകയാണ് സിപിഎമ്മിന്റെ നേതാക്കൾ.
എഎൻ സലിം, കെകെ അശോക് കുമാർ, അങ്ങാടിക്കൽ വടക്കേക്കര മുരളീധരൻ നായർ, ചുട്ടി തുടങ്ങിയ നേതാക്കൾക്കെതിരേ രൂക്ഷവിമർശനം ഹരികുമാർ ഉന്നയിക്കുന്നു. ഇവർ ആരും സിപിഎമ്മിനെ സ്നേഹിക്കുന്നില്ല. പാർട്ടിയെ വിനിയോഗിച്ച് അവരുടെ കാര്യങ്ങൾ നേടുന്നു. അവരുടെ ആൾക്കാർക്ക് ജോലി കൊടുക്കുക, ലോൺ കൊടുക്കുക, ഈടില്ലാതെ വായ്പ നൽകുക എന്നിവയാണ് പരിപാടി. ഈ അവസ്ഥ അങ്ങാടിക്കൽ ബാങ്കിലുണ്ടാകാതിരിക്കാൻ വേണ്ടി ശ്രമിച്ച സിപിഐക്കാരെയാണ് നടു റോഡിലിട്ട് പട്ടിയെപ്പോലെ തല്ലിയത്.
സിപിഐ ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചത് ഇവരുടെ അഴിമതി എതിർക്കാനാണ്. അതോടെ ഗുണ്ടായിസം തുടങ്ങി. ഭീഷണി മുഴക്കി, കൊടിമരം നശിപ്പിച്ചു. കള്ളവോട്ട് ചെയ്യാൻ വേണ്ടിയാണ് ഇവർ ശ്രമിക്കുന്നത്. ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണമെന്ന് ഓർമ വേണം. അത് പക്ഷേ, കള്ളത്തരത്തിലൂടെയാകരുത്. നേതാക്കളുടെ കള്ളത്തരം ചൂണ്ടിക്കാണിച്ചാൽ പ്രസ്ഥാനത്തിന് വിരുദ്ധനാകും. 91 ൽ സിപിഎം മെമ്പർഷിപ്പിൽ വന്നയാളാണ് താൻ. ഇപ്പോഴും കമ്യൂണിസ്റ്റുകാരനാണ്. സിപിഎമ്മിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നേതാക്കളുടെ ഭാഗത്ത് നിന്നുകുന്നത് വച്ചു പൊറുപ്പിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പിൽ കള്ളവോട്ട് എതിർത്തതിന് എന്റെ വീട്ടിൽ വന്ന് അമ്മയെ ഭീഷണിപ്പെടുത്തി. നാളെ നിന്റെ മകനെ കാണില്ല. കൈയും കാലും വെട്ടി നടുറോഡിലിടും എന്നാണ് അരുൺ ഷാജി എന്ന ഡിവൈഎഫ്ഐക്കാരൻ പയ്യൻ പറഞ്ഞത്. നേതാക്കന്മാരുടെ സ്വാർഥ താൽപര്യത്തിന് വേണ്ടി പാവം പിള്ളാർ അടിയുണ്ടാക്കാൻ നടക്കുകയാണ്. ഇവരുടെ ചെയ്തികൾ സത്യത്തിൽ അവരൊന്നും അറിയില്ല. ഇത്തരം രീതികൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ല.
ഈ നേതാക്കൾ നയവഞ്ചകരാണ്. പ്രസ്ഥാനത്തെയും നമ്മളെയും നശിപ്പിക്കും. എതിർക്കുന്നവരെ അടി കൊടുത്തിട്ടും കൈ വെട്ടി റോഡിൽ വച്ചിട്ടും സിപിഎം വലുതാണ് എന്ന് പറയുന്നതല്ല നല്ല കമ്യൂണിസ്റ്റുകാരൻ. എവിടെ അടിച്ചമർത്താൻ ശ്രമിക്കുന്നോ അവിടെ യഥാർഥ കമ്യൂണിസ്റ്റുകാരൻ വളരും എന്ന് നിങ്ങൾ ഓർത്താൽ നന്നെന്നും ഹരികുമാർ തുടരുന്നു.