കൊല്ലം: ചികിത്സാ പിഴവ് ചോദ്യം ചെയ്ത ബന്ധുകൾക്ക് ആശുപത്രി മാനേജ്മെന്റ് നൽകിയത് മാരകായുധങ്ങൾ കൊണ്ടുള്ള അക്രമവും ഭീഷണിയും. ആശുപത്രി അധികൃതരുടെ ഒത്താശയോടെ ഗുണ്ടകൾ മരണപ്പെട്ട രോഗിയുടെ ബന്ധുക്കളെ അക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കയാണ്.

ചൊവാഴ്‌ച്ച വൈകിട്ട് കരുനാഗപ്പള്ളി വെറ്റമുക്കിന് സമീപം കാറും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തെക്കൻ കേരളത്തിലെ പ്രമുഖ മുസ്ലിം മത പണ്ഡിതനും സാമുദായിക നേതാവുമായ ആണ്ടൂർക്കോണം സയ്യിദ് മഹൂദ് കോയാ തങ്ങളെയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരെയുമാണ് കരുനാഗപ്പള്ളി വലിയത്ത് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

കൂടെ ഉണ്ടായിരുന്നവർ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും നട്ടെല്ലിന് പരിക്ക് മാത്രമെ ഉള്ളു എന്നാണ് ക്യാഷുവാലിറ്റി സ്റ്റാഫ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ 10 മണിയോട് കൂടി തങ്ങൾ മരണപ്പെട്ടു എന്ന് അറിയിച്ച ഡ്യൂട്ടി ഡോക്ടർ മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയിച്ചില്ല. ക്യാഷുവാലിറ്റിയിൽ എമർജൻസി ട്രോമാ കെയർ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും ഡ്യൂട്ടി ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ട്രോമ കെയർ ഡോക്ടർമാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ചികത്സിച്ച യുവ ഡോക്ടർക്ക് പരിചയ കുറവ് ഉണ്ടായിരുന്നതായും സയ്യിദ് മഹൂദ് കോയ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ ആരോപിക്കുന്നു. ഗുരുതരമായ അനാസ്ഥ കാണിച്ച ആശുപത്രി അധികൃതർ മരണത്തിന്റെ കാരണം ബോധിപ്പിക്കുന്നതിന് പകരം 75000 രൂപയുടെ ഹോസ്പിറ്റൽ ബില്ലാണ് ബന്ധുകൾക്ക് നൽകിയത്. യാത്രയിലായിരുന്നതിനാൽ 25000 രൂപ ഇപ്പോൾ നൽകാമെന്നും ബാക്കി തുക രാവിലെ എത്തിക്കാമെന്നും പറഞ്ഞിട്ടും ആശുപത്രി അധികൃതർ വഴങ്ങിയില്ല.

അഡ്‌മിറ്റായ മറ്റ് മൂന്നു പേരെ ഡിസ്ചാർജ് ചെയ്ത് മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കണം എന്ന ആവിശ്യവും മുഴവൻ തുക നൽകാതെ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. തുടർന്ന് ബില്ലിലെ മൊത്തം തുകയും സംഘടിപ്പിച്ച് അടച്ചിട്ടും പരിക്കേറ്റവരെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ ഒരുക്കമല്ലായിരുന്നു. തുടർന്ന് ക്യാഷുവാലിറ്റിയിൽ ഉണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.

മൃതദേഹം വിട്ട് തരുന്നതിലും പരിക്കേറ്റവരെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിലും മനഃപൂർവ്വം കാലതാമസം വരുത്തുന്നത് ചോദ്യം ചെയ്ത ബന്ധുക്കളെ ആശുപത്രി സ്റ്റാഫും ഡോക്ടറും ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഗുണ്ടാ സംഘം വടിവാളും കമ്പിപാരയും അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഞ്ചു പേരുടെ സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. വലിയത്ത് ആശുപത്രിയിലെ സ്ഥിരം ഗുണ്ടാസംഘമാണ് ഇവർ.

പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ നേരിടാൻ ആശുപത്രി മാനേജ്മെന്റ് എല്ലാ ചിലവും നൽകി വളർത്തിയെടുത്ത ഗുണ്ടകളാണ് ആശുപത്രി കാണിച്ച അനാസ്ഥ ചോദ്യം ചെയ്തവർക്കെതിരെ അക്രമം അഴിച്ചുവിട്ടത്. കമ്പിപാരയുമായി എത്തിയ ഇവർ വിശദീകരണം ചോദിച്ച ബന്ധുക്കൾക്ക് നേരെ തട്ടി കയറുകയും, ഇരുമ്പ് ദണ്ഡുകൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ക്യാഷുവാലിറ്റിയിൽ ഉണ്ടായിരിക്കേണ്ട ട്രോമ കെയർ സംവിധാനങ്ങൾക്ക് പകരം വടിവാളും കമ്പിപാരയുമടക്കമുള്ള മാരകായുധങ്ങളുമാണ് വലിയത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ രോഗികളുമായി വരുന്നവരോടുള്ള ആശുപത്രി അധികൃതരുടെ അപമര്യാദമായ പെരുമാറ്റത്തെ കുറിച്ച് മുൻപും ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്.

ഗുണ്ടായിസത്തിലൂടെ എതിർ സ്വരങ്ങൾ അടിച്ചൊതുക്കുന്ന ആശുപത്രി മാനേജ്മെന്റിന് എല്ലാ വിധ സഹായവും നൽകി മൗനം പാലിക്കുകയാണ് കരുനാഗപ്പള്ളി പൊലീസ്. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വല്ല്യത്ത് ഇബ്രൃാഹിം കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിൽ കേരളത്തിലെ അറിയപ്പെടുന്ന ആത്മീയ നേതാവും മത പണ്ഡിതനുമായ സയ്യിദ് മഹൂദ് കോയാ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കരുനാഗപ്പള്ളി സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം വലിയത്ത് ആശുപത്രിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ചു.

നിരന്തരമായി ചികത്സാ പിഴവ് പ്രശ്നങ്ങൾ പുറത്ത് വരുന്ന വലിയത്ത് ഹോസ്പിറ്റലിനെതിരെ ഒരു വിധത്തിലുള്ള നിയമ നടപടി സ്വീകരിക്കാനും കരുനാഗപ്പള്ളി പൊലീസ് തയ്യാറായിട്ടില്ല. മാനേജ്മെന്റുമായി ഒത്ത് കളിച്ചു സാധാരണക്കാരുടെ ജീവിതം പന്താടുന്ന ആശുപത്രിയുടെ നിയമ ലംഘനങ്ങൾക്ക് കുടപ്പിടിക്കുകയാണ് പൊലീസ് ചെയ്യുന്നത്. നാലു മാസം മുൻപ് ചികത്സയിലുള്ള പിഴവ് മൂലം അമ്മയും കുഞ്ഞും മരണപ്പെട്ട വാർത്ത കേരളത്തെയാകെ ഞെട്ടിച്ച സംഭവമാണ്.

ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യ്തത് അല്ലാതെ തുടർ നടപടി ഒന്നും തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അന്ന് പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ടപ്പെട്ട നിർഭാഗ്യകരമായ സംഭവം ഒഴിവാക്കാമായിരുന്നു. നിലവാരമില്ലാത്ത ചികത്സ നിരവധി രോഗികളുടെ ജീവിതമാണ് തകർത്തിട്ടുള്ളത്. ഈ ചികത്സാ നിഷേധങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട മെഡിക്കൽ ബോർഡുകൾ അവരുടെ സഹപ്രവർത്തകരെ രക്ഷിക്കാനുള്ള ശ്രമത്തിൽ തകർന്നടിയുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതമാണ് .ജീവൻ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്ത് വരുന്ന ആതുരശുശ്രൂഷകരകർ തന്നെ രോഗികളുടെ ജീവനെടുക്കുമ്പോൾ നിയമത്തിന്റെയും സർക്കാരിന്റെയും സഹായമല്ലാതെ മറ്റൊന്നും ജനത്തിന് ലഭിക്കാനില്ല.

ആശുപത്രി മാനേജ്മെന്റ്കളുടെ പണക്കൊഴുപ്പിൽ പണം കൊടുത്താൽ കിട്ടാത്ത ജീവനുകളാണ് ആരോഗ്യ രംഗത്തെ ഒന്നാം സ്ഥാനക്കാരായ കേരളത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അധികൃതർ മൗനം പാലിക്കുമ്പോൾ ജനം പ്രത്യക്ഷ സമരങ്ങളുമായി മുൻപോട്ട് പോകാനുള്ള തീരുമാനത്തിലാണ്. ആദ്യപടിയായി വലിയത്ത് ആശുപത്രിയിലേക്ക് കരുനാഗപ്പള്ളി സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം നടത്തിയ പ്രതിഷേധ മാർച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൂറു കണക്കിന് ആളുകളാണ് അണിനിരന്നത്.