കാസർകോട് / പൊവ്വൽ: കുഴിയടയ്ക്കാൻ 28 തവണ കത്തയച്ചിട്ടും നടപടിയില്ലാതെ വന്നതോടെ കരാർ കമ്പനിയോട് മന്ത്രി മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചത് അടുത്തിടെയാണ്. കോഴിക്കോട്ടെ രാമനാട്ടുകര - വെങ്ങളം ബൈപാസിന്റെ വീതികൂട്ടൽ വൈകുന്നതിലാണ് കരാർ കമ്പനി ഉദ്യോഗസ്ഥരോട് മന്ത്രി ചൂടായത്. എന്നാൽ, കാസർകോഡ് നിർബാധം തുടരുന്ന ഒരു റോഡ് അഴിമതിയിൽ മന്ത്രി ഇതുവരെ നടപടി എടുക്കാത്തത് വിമർശനം ക്ഷണിച്ചുവരുത്തുന്നു.

ചെർക്കള- ജാൽസൂർ അന്തർസംസ്ഥാന പാതയിൽ പൊവ്വലിൽ ഡ്രെയിനേജ് നിർമ്മാണത്തിൽ അഴിമതി എന്നാരോപണം. നിർമ്മാണം പുരോഗമിക്കുന്നത് അശാസ്ത്രീയമായി എന്നും ആക്ഷേപമുണ്ട്. പൊവ്വലിൽ നിന്നും കെ എം 3/000 മുതൽ 3/900 നീളത്തിൽ നടക്കുന്ന ഡ്രൈനേജ് പ്രവർത്തിയിലാണ് ക്രമക്കേട്. എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നതിന് വിരുദ്ധമായാണ് നിർമ്മാണം.

500 മീറ്റർ നീളത്തിൽ കവർ സ്ലാബ് ചെയ്യുന്നത് ഉൾപ്പടെ 20 സെന്റിമീറ്റർ വീതിയും 60 സെന്റീമീറ്റർ ഉയരവും വളരെ കൃത്യമായി എസ്റ്റിമേറ്റിൽ പറയുന്നുണ്ട്. കരാറുകാർ നേരത്തെ നിർമ്മാണ സ്ഥലത്ത് ഉണ്ടായിരുന്ന പഴയ ഡ്രൈനേജ് ഭിത്തിയോട് ചേർന്ന് തന്നെ പുതുതായി കോൺക്രീറ്റ് ചെയ്തു ഉയർത്തുകയും താഴ് ഭാഗം വീതി കുറച്ചും നിർമ്മിച്ചെന്നാണ് ആരോപണം. തീരെ ഗുണമേന്മയില്ലാത്ത സിമന്റാണ് ഉപയോഗിച്ചിരിക്കുന്നത്.

വൻ അഴിമതിയാണ് നടക്കുന്നതെന്ന് പൊവ്വൽ ഡി വൈ എഫ് ഐ യൂണിറ്റ് ആരോപിക്കുന്നു.നിലവിൽ കവർ സ്ലാബ് ചെയ്ത ഭാഗം ഉൾപ്പടെ വേണ്ട രീതിയിൽ സിമന്റോ കമ്പിയോ ഉപയോഗിക്കാതെയാണ് നിർനമാണം. ജനങ്ങളെ മണ്ടരാക്കി എത്രയും പെട്ടെന്ന് പ്രവർത്തികൾ തീർത്തു പോകാനുള്ള ശ്രമമാണ് നടക്കുന്നതന്നും ആരോപണമുണ്ട്.

അശാസ്ത്രീയ നിർമ്മാണം നാട്ടുകാരുടെയും ഡി വൈ എഫ് ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ തടഞ്ഞു. ഇത് നേരിയ സംഘർഷത്തിനും വാക്കേറ്റത്തിനും കാരണമായി. ആദൂർ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നിർമ്മാണ പ്രവർത്തിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും അശാസ്ത്രീയമായി പ്രവർത്തി തുടർന്നാൽ ഇനിയും തടയുമെന്നും നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, വിജിലൻസിനും പരാതി നൽകിയെങ്കിലും മറുപടി കിട്ടിയില്ലെന്നും പരാതിക്കാർ കുറ്റപ്പെടുത്തുന്നു.

'ഞങ്ങൾ വിജിലൻസിന് പരാതി നൽകി. പൊതുമരാമത്ത് മന്ത്രിക്കും പിഡബ്ല്യുഡി എൻജിനീയർമാർക്കും ...എല്ലാവർക്കും നൽകി. പരാതിയിൽ തിരിഞ്ഞുനോക്കാതെ കരാറുകാരൻ ഒപ്പം നിൽക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. കണ്ണുകൊണ്ട് കാണാവുന്ന അഴിമതി നടത്തിയിട്ടും ഒരു മിണ്ടാട്ടം ഇല്ലെങ്കിൽ ഞങ്ങൾ അത് തിരുത്തിക്കും. മന്ത്രി ഇടപെടണം ...ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കണം. പരിശോധിക്കണം.ഞങ്ങളുടെ ഭാഗത്താണ് തെറ്റ് എങ്കിൽ അത് പറയണം. അല്ലാതെ കാസർകോട് പൊവ്വലിൽ ഈ പ്രവർത്തി തുടരാൻ ഞങ്ങൾ അനുവദിക്കില്ല, നാട്ടുകാർ പറയുനന്നു.