- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്നുകിടക്കുമ്പോൾ ക്രൂരമായ ബലാൽസംഗം; വിവാഹവാഗ്ദാനം നൽകി തുടർചൂഷണവും ഒടുവിൽ വഞ്ചനയും; കുറ്റാരോപിതൻ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിന്റെ സഹസംവിധായകൻ രാഹുൽ സി ബി; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതും മാർട്ടിൻ പ്രക്കാട്ട്; കേസിൽ നിന്ന് പിന്മാറാനും സമ്മർദ്ദം; കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി
കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാട്ടി ഇരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. മലയാള സിനിമയിൽ സഹസംവിധായകനായി ജോലി ചെയ്യുന്ന പള്ളുരുത്തി കമ്പത്തോടത്ത് വീട്ടിൽ രാഹുൽ സി ബി (രാഹുൽ ചിറയ്ക്കൽ) എന്നയാൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം രാഹുൽ വഞ്ചിച്ചെന്നും പൊലീസിൽ പരാതി നൽകിയതിന് ശേഷം നിരന്തരം വധ ഭീഷണിമുഴക്കുകയാണെന്നും കത്തിൽ പറയുന്നു.
അപകടത്തിൽ പെട്ട് ഇടുപ്പെല്ല് തകർന്ന് കിടന്ന സമയത്താണ് രാഹുൽ ബലാത്സംഗം ചെയ്തത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി പലരേയും പീഡിപ്പിച്ചെന്ന് പിന്നീട് അറിഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ കിടന്ന സമയത്തും പ്രതിയുടെ സുഹൃത്തുക്കൾ സ്വാധീനിക്കാൻ ശ്രമിച്ചു. അസിസ്റ്റന്റ് ഡയറക്ടറായ രാഹുലിനെ സ്വാധീനമുപയോഗിച്ചും പണം കൊണ്ടും പിന്തുണയ്ക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിൽ വെച്ച് പ്രക്കാട്ടും രാഹുലും മാർട്ടിൻ പ്രക്കാട്ടിന്റെ സുഹൃത്തായ ഷബ്‌ന മുഹമ്മദും (വാങ്ക് തിരക്കഥാകൃത്ത്) ഉൾപ്പെടെയുള്ളവർ കേസ് പിൻവലിക്കാനായി തന്നെ സ്വാധീനിക്കാൻ പലവട്ടം ശ്രമിച്ചു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് താൻ തന്നെയാണെന്ന് മാർട്ടിൻ പ്രക്കാട്ട് വെളിപ്പെടുത്തിയെന്നും യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു.
2014 ൽ നൈക്കി ഷോറൂം മാനേജരായിരുന്ന രാഹുലിനെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളർന്നു. 2017 മുതൽ രാഹുൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ചൂഷണം ചെയ്തു തുടങ്ങി. ഇതിനിടയിൽ പലപ്പോഴായി ആറു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തു കഴിഞ്ഞതിന് ശേഷം വിവാഹം കഴിക്കാം എന്ന ധാരണയിലായിരുന്നു യുവതിയെ ഇയാൾ ചൂഷണം ചെയ്തിരുന്നത്. ഇയാളുടെ താമസ സ്ഥലത്തും ഹോട്ടലുകളിലുമാണ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ യുവതിയുടെ ശമ്പളം മുഴുവൻ ഇയാൾ പല ആവശ്യങ്ങൾ പറഞ്ഞ് മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു.
വിവിധ സ്ഥലങ്ങളിൽ ഇയാൾ യുവതിയുമായി ചുറ്റിക്കറങ്ങിയിരുന്നു. യുവതിയിൽ നിന്നും പണം കടംവാങ്ങുകയും ചെയ്തിരുന്നു. ലോക്ക് ഡൗണായപ്പോൾ യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയതോടെ ഇയാളുടെ ഫോൺവിളികൾ കുറഞ്ഞു. പിന്നീട് വിളിച്ചാൽ ഫോണെടുക്കാത്ത അവസ്ഥയിലായി. ഇതോടെ യുവതി ഇയാളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയുന്നത്. മൂന്ന് വർഷത്തോളം യുവതിയെ ചൂഷണം ചെയ്ത ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞതോടെയാണ് യുവതി വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്. തുടർന്ന് യുവതി രാഹുലിനെ ഫോണിൽ വിളിച്ചപ്പോൾ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് രാഹുലിനെതിരെ കേസെടുക്കുകയായിരുന്നു.
യുവതി പരാതി നൽകിയതോടെ മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതിയും പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തെങ്കിലും വിവരം രാഹുലിനെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇതോടെ പരാതിക്കാരിയായ മലപ്പുറം സ്വദേശിക്ക് നേരെ ഇവർ ഭീഷണി മുഴക്കാൻ തുടങ്ങി. പൊലീസ് വഴി വിട്ട് സഹായം ചെയ്യുന്നതായാണ് പത്തനംതിട്ട സ്വദേശിനി മറുനാടനോട് പറഞ്ഞത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ആലുവ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നൽകിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. നിലവിലെ കേസിൽ ജാമ്യം റദ്ദ്് ചെയ്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് എന്ന് യുവതി പറയുന്നു. മാർട്ടിൻ പ്രാക്കോട്ടിനൊപ്പം സിനിമകളിൽ പ്രവർത്തിക്കുന്ന ഇയാൾ ദുൽഖർ സൽമാൻ അഭിനിയിച്ച ചാർലി ഉൾപ്പെടെയുള്ള സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
യുവതി മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നത് ഇങ്ങനെ
ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,
2018 ഏപ്രിൽ 29ന് രാഹുൽ സിബി ഇടുപ്പെല്ലിന് തകരാറുള്ള എന്നെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ഇയാൾ എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി. വിവാഹവാഗ്ദാനം നൽകി എന്നെ ലൈംഗികമായി ചൂഷണം ചെയ്യൽ ഇയാൾ തുടരുകയും ഒടുവിൽ വഞ്ചിക്കുകയും ചെയ്തു. എന്റെ ലാപ്‌ടോപ്പും സ്വർണാഭരണങ്ങളും ആറ് ലക്ഷം രൂപയും തട്ടിയെടുത്തു.
2020 ജൂലൈ 11ന് ഞാൻ എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്രൈം നമ്പർ 550/2020ൽ ഇന്ത്യൻ ശിക്ഷാ നിയമം 417, 376 (2) വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതി സെഷൻസ് കോടതിയെ സമീപിച്ചു. ബഹു: കോടതി പ്രതി എന്നോട് ചെയ്ത അതിക്രമത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജാമ്യഹർജി തള്ളി. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയമായതിനാലും ജയിലിൽ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ടും കേസിന്റെ മെറിറ്റ് നോക്കാതെ ഹൈക്കോടതി കുറ്റാരോപിതന് മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ മൂന്നാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്:
'അന്വേഷണവുമായി പൂർണമായും സഹകരിക്കണം. നേരിട്ടോ അല്ലാതെയോ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ കോടതിയോടോ പൊലീസ് ഉദ്യോഗസ്ഥനോടോ വെളിപ്പെടുത്തുന്നതിൽ നിന്നും ആരേയും തടയുവാനോ ഭീഷണിപ്പെടുത്തുവാനോ, പ്രലോഭിപ്പിക്കാനോ, പ്രേരിപ്പിക്കുവാനോ പാടില്ല'
കേസിന്റെ തുടക്കം മുതൽ തന്നെ പ്രതി രാഹുലിന്റെ സുഹൃത്തായ ഷബ്‌ന മുഹമ്മദ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരുന്നു. ജാമ്യം കിട്ടിയതിന് ശേഷം പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഇതിനിടെ എന്നെ വഞ്ചിച്ച അതേ രീതിയിൽ മലബാർ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയേയും ഇയാൾ വഞ്ചിച്ചെന്ന് ഞാൻ അറിഞ്ഞു. ഒരേ സമയത്ത് പല സ്ത്രീകൾക്ക് ഇയാൾ വിവാഹവാഗ്ദാനം നൽകിയിരുന്നു. പ്രതിയുടെ സുഹൃത്തുക്കൾ എന്റെ പരിചയക്കാർക്കിടയിൽ എനിക്കെതിരെ അപവാദപ്രചാരണം നടത്താൻ ആരംഭിച്ചു. എന്റേത് കള്ളക്കേസാണെന്ന് ആരോപിച്ച് തേജോവധം ചെയ്തു. ഇതെല്ലാം കൂടിയായപ്പോൾ ഞാൻ തകർന്നുപോയി. ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 21-ാം തീയതി പുലർച്ചെ എന്നെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന സമയത്ത് എന്നെ ഷബ്‌ന മുഹമ്മദ് വിളിച്ചു. ഞാൻ രാഹുലിനോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ഏറ്റവും ആദ്യത്തെ പ്രതികരണം. ഇതേ രാഹുൽ കാരണമാണ് ഞാൻ വിഷാദ അവസ്ഥയിലെത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതെന്ന കാര്യം കണക്കിലെടുക്കാതെയായിരുന്നു ആ ഇടപെടൽ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ ജയിലിൽ പോകുമെന്ന് പൊലീസ് രാഹുൽ തന്നോട് പറഞ്ഞെന്ന് ഷബ്‌ന സൂചിപ്പിച്ചു. നിയമനടപടികൾക്ക് പുറത്ത് ഒരു ചർച്ച നടത്താമെന്ന് മെസ്സേജ് അയച്ചു.
ഞാൻ ആശുപത്രി വിട്ട ദിവസം ഷബ്‌ന എന്റെ ഫ്‌ളാറ്റിലെത്തി മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിർബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവർ അവിടേക്ക് കൊണ്ടുപോയി. മാർട്ടിൻ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവർ മൂന്ന് പേരും ചേർന്ന് നേരിട്ടും അല്ലാതേയും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുൽ ഉറപ്പായും ജയിലിൽ പോകുമെന്നും ഞാൻ പരിഗണിച്ചില്ലെങ്കിൽ രാഹുൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവർ എന്നെ ഒത്തുതീർപ്പിന് നിർബന്ധിച്ചു. ലോക് ഡൗൺ സമയത്ത് വിഷയം മുഴുവനായി താൻ അറിഞ്ഞെന്നും പക്ഷെ ഞാൻ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാർട്ടിൻ പ്രക്കാട്ട് പറഞ്ഞു. സിനിമാ ഇൻഡസ്ട്രിയിൽ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി. മുൻകൂർ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് ഒഴിവാക്കാൻ താൻ കാക്കനാട്, മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയാൻ രാഹുലിനെ സഹായിച്ചതിനേക്കുറിച്ചും മാർട്ടിൻ പ്രക്കാട്ട് വെളിപ്പെടുത്തി. കേസ് തന്നേയും ബാധിക്കുമെന്നും നിയമനടപടിയിൽ നിന്ന് പിന്മാറുകയോ രാഹുലിന് അനുകൂലമായി മൊഴി തിരുത്തുകയോ വേണമെന്ന് മാർട്ടിൻ പ്രക്കാട്ട് എന്നോട് അഭ്യർത്ഥിച്ചു.
2020 സെപ്റ്റംബർ രണ്ടാമത്തെ ആഴ്‌ച്ച പ്രതി കലൂർ സ്റ്റേഡിയത്തിന് സമീപം വെച്ച് എന്നെ കണ്ടു. കേസ് പിൻവലിക്കണമെന്നും തനിക്കെതിരെ നൽകിയ പരാതി കള്ളപ്പരാതിയാണെന്ന് എളമക്കര പൊലീസ് സ്റ്റേഷൻ എസ്എച്ചഒയോട് പറയണമെന്നും രാഹുൽ നിർബന്ധിച്ചു. അന്വേഷണസംഘത്തിന് മുൻപാകെ ഒപ്പിടേണ്ടതിന് മുന്നേ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റാരോപിതനായ രാഹുൽ മലയാളം സിനിമാ സംവിധായകനും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. രാഹുലിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ പ്രക്കാട്ടും സഹപ്രവർത്തകയായ ഷബ്‌നയും രാഹുലിന്റെ അമ്മയും മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിൽ പല തവണ എന്നെ കണ്ട് കൂടിക്കാഴ്‌ച്ച നടത്തി. അന്വേഷണം തുടരുന്നതിനാൽ മാർട്ടിൻ പ്രക്കാട്ടിനോ പ്രതിയായ രാഹുലിനോ എന്റെ ഫ്‌ളാറ്റ് സന്ദർശിക്കാൻ പാടില്ലാത്തതിനാൽ മാർട്ടിൻ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിൽ ചെന്ന് കാണാൻ അവർ നിർബന്ധിച്ചുകൊണ്ടിരുന്നു. അന്വേഷണം അവസാനിച്ച ഒക്ടോബർ 29ന് രാത്രി പ്രതി എന്റെ അടുക്കലെത്തി.
ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിന് കീഴിലുള്ള സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ഞാൻ. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ എന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് പിൻവലിക്കുകയോ മൊഴി മാറ്റുകയോ ചെയ്തില്ലെങ്കിൽ തകരാറുള്ള എന്റെ ഇടുപ്പെല്ല് തകർക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മുൻപത്തേപോലെ കേസിന് പിന്നാലെ ഓടാൻ ഇനി നിനക്ക് പറ്റില്ലെന്നും പറഞ്ഞു. രാഹുൽ എന്നെ അപായപ്പെടുത്തുമെന്ന് ഞാൻ ഭയന്നു. മാർട്ടിൻ പ്രക്കാട്ടിന് വേണ്ടി പല കാര്യങ്ങളും ചെയ്തതിനേക്കുറിച്ചും പ്രശ്‌നമുണ്ടാകുമ്പോൾ ആളുകളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും രാഹുൽ എന്നോട് പറഞ്ഞത് ഞാനോർത്തു.
എന്നെ ഉപദ്രവിക്കുമെന്ന ഭയത്തിൽ ഞാൻ കരഞ്ഞു. അവിടെ നിന്ന് പോകാൻ ശ്രമിച്ചു. തനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ഇപ്പോൾ മുന്നിൽ നിന്ന് പോയാൽ പുറകേ എന്റെ ഫ്‌ളാറ്റിലേക്ക് വരുമെന്നും മുൻപ് എന്നെ ചെയ്തത് വീണ്ടും ചെയ്യുമെന്നും പറഞ്ഞു. എന്റെ ഇടംകൈയിലേക്കും മാറിടത്തിലേക്കും നോക്കിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. കേസ് പിൻവലിച്ചില്ലെങ്കിൽ എന്റെ അറിവോടെയല്ലാതെ പകർത്തിയ എന്റെ നഗ്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ ഇടുമെന്നും ജീവിതം തകർത്തുകളയുമെന്നും ഞാൻ നാണം കെട്ട് മരിക്കുമെന്നും ഭീഷണിപ്പെടുത്തി. രാഹുലിന്റെ കൈയിൽ ചിത്രങ്ങളുണ്ടോ, എന്നെ ഭീഷണിപ്പെടുത്താൻ പറഞ്ഞതാണോയെന്ന് അറിയില്ല.
ഞാൻ ഉറക്കെ കരഞ്ഞു. പിറ്റേന്ന് ഓഫീസിൽ പോകാൻ എനിക്ക് ഭയമായിരുന്നു. എന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ഭയമുണ്ടായിരുന്നു. ഞാൻ ഫ്‌ളാറ്റിലെത്താൻ വ്യത്യസ്ത സമയവും വഴികളും തെരഞ്ഞെടുത്തു. എന്റെ ചിത്രങ്ങൾ എന്തെങ്കിലും ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ബ്രൗസ് ചെയ്ത് നോക്കി. പുറത്തുപോകാൻ എനിക്ക് ഭയമായിരുന്നു. ഈ സംഭവത്തിന് ശേഷം മിക്ക ദിവസവും ഞാൻ ലീവെടുത്തു. പ്രതിയുടെ ഈ പ്രവൃത്തി എനിക്ക് മരണഭയമുണ്ടാക്കി. പാനിക് അറ്റാക്കുണ്ടായതിനേത്തുടർന്ന് നവംബർ 11ന് എന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുലിനെതിരെ ഞാൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. 815/2020 ക്രൈം നമ്പറിൽ 294 (ബി), 504, 506, 354-ഡി വകുപ്പുകൾ ചുമത്തി കേസെടുത്തു. മേൽ പറഞ്ഞ വസ്തുതകൾ ചൂണ്ടിക്കാട്ടി പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഞാൻ വിശദമായ 164 മൊഴി നൽകിയിട്ടുണ്ട്.
മണി പവറും മസിൽ പവറുമുള്ള പ്രതി അടുപ്പക്കാരുടെ സഹായത്തോടെ എന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയുമാണ്. മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പ്രതിയ്‌ക്കെതിരെ നൽകിയിരിക്കുന്ന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളും എന്നിൽ സമ്മർദ്ദം ചെലുത്തി. ജാമ്യം നൽകിയപ്പോൾ ഹൈക്കോടതി നിർദ്ദേശിച്ച മൂന്നാമത്തെ നിബന്ധന പ്രതി ലംഘിച്ചു.
ശക്തരായ ഇവരോട് ഒറ്റയ്ക്ക് പോരാടാൻ ഞാൻ നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഒരു അഭിഭാഷകനെ സമീപിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നൽകിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതുവരേയ്ക്കും പ്രതിയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. മാത്രമല്ല, പ്രതിക്ക് നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടാൻ തക്ക വിധത്തിൽ സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഞാൻ കേസ് കൊടുത്ത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അറിയപ്പെടുന്ന, പണവും സ്വാധീനവുമുള്ള ഒരു സെലിബ്രിറ്റിയുടെ പിന്തുണയുള്ള പ്രതിയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസ് ഒരിക്കലും തയ്യാറായിരുന്നില്ല.
ഇരയായ ഞാൻ നീതികിട്ടുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ഭരണകൂടസംവിധാനം നീതി ഉറപ്പാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.