കോട്ടയം: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പർ ഡീലക്സ് ബസിൽ ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനി ഇതു സംബന്ധിച്ച് നൽകിയ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് ഓഫീസർ അന്വേഷണം തുടങ്ങി.

പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ചിറ്റാർ സ്വദേശിയായ ഡ്രൈവർ ഷാജഹാനെതിരേയാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിൽ കോട്ടയത്തു നിന്നാണ് പിജി വിദ്യാർത്ഥിനി കയറിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്.

യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നൽകിയത്. ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട് ഡ്രൈവർമാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ഡ്രൈവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്.

ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ ചെയ്തിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിട്ടുണ്ട്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താൻ നിരപരാധിയാണെന്നാണ് ഷാജഹാൻ പറയുന്നത്. അതേ സമയം, കെഎസ്ആർടിസിയിൽ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പൊലീസിന് കൈമാറുമെന്നും സൂചനയുണ്ട്.

ഷാജഹാൻ മുൻപ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി. കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അടക്കം ഇയാളെ ഭയമാണെന്നും പറയുന്നുണ്ട്.