- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാരണമായി മർദ്ദിച്ച അദ്ധ്യാപകനതിരെ വിദ്യാർത്ഥിയുടെ രക്ഷിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകി; കേസ് അട്ടിമറിക്കാനായി വിദ്യാഭ്യാസ ഓഫീസറുമായി ചേർന്ന് കൃത്രിമ രേഖകളുണ്ടാക്കി അദ്ധ്യാപകർ; കൃത്രിമ രേഖകളിൽ അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥി അച്ചടക്കലംഘനം നടത്തിയെന്ന് കൂട്ടിച്ചേർത്തത് വിനയായി; വിദ്യാഭ്യാസ ഓഫീസർക്കും അദ്ധ്യാപകർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അഞ്ച് വർഷം നീണ്ട നിയമപോരാട്ടം അവസാനഘട്ടത്തിലേക്ക്
കോഴിക്കോട്: അകാരണമായി മകനെ മർദ്ദിച്ച അദ്ധ്യാപകർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പിതാവ് നൽകിയ പരാതി അട്ടിമറിക്കാൻ അദ്ധ്യാപകർക്കൊപ്പം ചേർന്ന് വ്യാജരേഖ നിർമ്മിച്ച വിദ്യാഭ്യാസ ഓഫീസർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന നഈം നൗഫലിനെതിരെ വ്യാജരേഖ ചമച്ചതിനാണ് മുൻ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ടി.മോഹൻദാസ്, അദ്ധ്യാപകരായ അബ്ദുൾ ഗഫൂർ, പി ഉഷ, അഹമ്മദ് കോയ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2014-15 അദ്ധ്യായന വർഷത്തിൽ നഈം നൗഫൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മടവൂർ ചക്കാലക്കൾ ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ധ്യാപകർ നഈം നൗഫലിനെ അകാരണമായി മർദ്ദിക്കുന്നത്. മകനെ മർദ്ദിച്ച അദ്ധ്യാപകർക്കെതിരെ നഈമിന്റെ പിതാവ് നൗഫൽ ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതി അട്ടിമറിക്കാനായി വിദ്യാഭ്യാസ ഓഫീസറുടെ സഹായത്തോടെ സ്കൂളിലെ അദ്ധ്യാപകർ വ്യാജരേഖകൾ ചമയ്ക്കുകയായിരുന്നു.
കൃത്രിമ പണിഷ്മെന്റ് രജിസ്റ്റർ ഉണ്ടാക്കി വിദ്യാർത്ഥിയുടെ ഭാഗത്ത് നിന്നും നിരവധിയായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായി എന്ന് ബാലവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ അദ്ധ്യാപകർ ചേർന്നുണ്ടാക്കിയ പണിഷ്മെന്റ് രജിസ്റ്ററിൽ അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥി അച്ചടക്കലംഘന പ്രവർത്തനങ്ങൾ നടത്തിയെന്ന് രേഖപ്പെടുത്തിയാണ് പ്രതികൾക്ക് വിനയായത്. അവധി ദിവസങ്ങളിൽ പോലും എങ്ങനെയാണ് വിദ്യാർത്ഥി സ്കൂളിലെത്തി അച്ചടക്കലംഘനം നടത്തിയതെന്ന സംശയമാണ് പണിഷ്മെന്റ് രജിസ്റ്റർ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
ഇതോടെ രേഖകളുണ്ടാക്കിയവർ കുടുങ്ങി. കൃത്രിമ രേഖയുണ്ടാക്കാൻ വിദ്യാഭ്യാസ ഓഫീസറും കൂട്ടുനിന്നെന്ന് കണ്ടെത്തി. വിദ്യാർത്ഥിയെ അകാരണമായി മർദ്ദിച്ച അദ്ധ്യാപകരായ അബ്ദുൾ ഗഫൂറിനും അഹമ്മദ് കോയക്കുമെതിരെ കേസെടുക്കാൻ നേരത്തെ തന്നെ ഉത്തരവുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ 5 വർഷങ്ങളോളം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വിദ്യാഭ്യാസ ഓഫീസറായ മോഹൻദാസിനും ഉഷക്കുമെതിരെ കേസെടുക്കാൻ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ബാലവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും ബാലവകാശ കമ്മീഷനിൽ നൗഫൽ നൽകിയ പരാതി അട്ടിമറിക്കാനും വേണ്ടി മാത്രം സൃഷ്ടിച്ചതാണ് കൃത്രിമ പണിഷ്മെന്റ് രജിസ്റ്റർ എന്ന് കോടതി കണ്ടെത്തുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന നഈം നൗഫൽ ഇപ്പോൾ നിയമവിദ്യാർത്ഥിയാണ്.