- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൊഴിലാളി യൂണിയനിൽ ചേർന്നതിന്റെ പേരിൽ ആരംഭിച്ച വേട്ടയാടൽ; ഭാര്യ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ജോലിയിൽ നിന്നും സസ്പെൻഷൻ; വിരമിച്ച് 15 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ വേണ്ടി കയറി ഇറങ്ങേണ്ടി വരുന്നു; ഈ വയോധികനോട് തിരുവനന്തപുരം കാർഷിക ഗ്രാമവികസന ബാങ്ക് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത
തിരുവനന്തപുരം: 2006 ൽ പ്യൂൺ തസ്തികയിൽ നിന്നും വിരമിച്ച വയോധികന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ തിരുവനന്തപുരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്. പതിനഞ്ച് വർഷമായി ഓഫീസുകൾ കയറിഇറങ്ങി അധികാരികളെ കാണുകയും അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്തിട്ടും അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ ബാങ്ക് അധികാരികൾ തയ്യാറാകുന്നില്ലെന്ന് പരാതി.
1981 ലാണ് ഡെയ്ലി വേജസ് തസ്തികയിൽ കാര്യവട്ടം സ്വദേശി ഭാസ്കരൻ നായർ തിരുവനന്തപുരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പ്യൂണായി ജോലിക്ക് പ്രവേശിക്കുന്നത്. ആറ് വർഷം ഡെയ്ലി വേജസായി ജോലി നോക്കിയ ശേഷം 1987 മുതൽ അദ്ദേഹം അവിടത്തെ സ്ഥിരജീവനക്കാരനായി മാറി. കുറച്ചുകാലങ്ങൾക്ക് ശേഷം അവിടെ പ്രവർത്തനമാരംഭിച്ച ഒരു തൊഴിലാളി യൂണിയനിൽ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് ഭാസ്കരൻ നായരുടെ തലവര മാറുന്നത്. അദ്ദേഹത്തിന്റെ ദുരിതങ്ങൾ അവിടെ നിന്നും ആരംഭിക്കുന്നു.
താൽകാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തിയതിനെതിരെ ഒരു വിഭാഗം തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാറെ സമീപിക്കുന്നു. ജോയിന്റ് രജിസ്ട്രാർ ആ നിയമനം റദ്ദ് ചെയ്തു. അതിനെതിരെ ഹൈക്കോടതിയിൽ പോയ ഭാസ്കരൻ നായർ ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ സ്റ്റേ വാങ്ങി. എന്നാൽ പുതിയതായി വന്ന ജോയിന്റ് രജിസ്ട്രാർ പഴയ ജോയിന്റ് രജിസ്ട്രാറുടെ നടപടി പിൻവലിച്ച് അദ്ദേഹത്തിന്റെ 11 വർഷത്തെ സർവീസ് കണക്കിലെടുത്ത് എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭാസ്കരൻ നായർ ഹൈക്കോടതിയിൽ നൽകിയിരുന്ന കേസ് പിൻവലിച്ചെങ്കിലും പിടിച്ചുവച്ച ആനുകൂല്യങ്ങൾ നൽകാൻ ബാങ്ക് അധികൃതർ തയ്യാറായില്ല.
വീണ്ടും ഭാസ്കരൻ നായർ ഹൈക്കോടതിയെ സമീപിച്ചു. അതിനുശേഷം പതിവ് പോലെ ബാങ്കിലെത്തിയ ഭാസ്കരൻ നായരെ ജോലിക്ക് പ്രവേശിക്കാൻ ബാങ്ക് അധികൃതർ അനുവദിച്ചില്ല. ഭാര്യ എടുത്ത ലോൺ അടച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു ഭാസ്കരൻ നായരെ അധികൃതർ തടഞ്ഞത്. തിരിച്ചു പറഞ്ഞുവിട്ട ഭാസ്കരൻ നായരെ ക്രമവിരുദ്ധമായ അവധി അടയാളപ്പെടുത്തി സസ്പെൻഡ് ചെയ്യുകയായിരുന്നു. ബാങ്ക് അന്വേഷണ കമ്മീഷനെ വച്ച് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് 23 മാസം പുറത്തുനിർത്തിയ ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തു.
ബാങ്ക് ഭരണസമിതി കയ്യാളുന്ന രാഷ്ട്രീയപാർട്ടിയുടെ നേതാവായിരുന്ന ഒരു പ്രമുഖ അഭിഭാഷകനായിരുന്നു അന്വേഷണകമ്മീഷൻ. എന്നാൽ അദ്ദേഹത്തിനും ഭാസ്കരൻ നായർക്കെതിരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണകമ്മീഷൻ കൂടി ബാങ്കിനെ കൈവിട്ടതിനെ തുടർന്ന് ഭാസ്കരൻ നായർക്ക് ആനുകൂല്യങ്ങൾ നൽകാൻ ബാങ്ക് അധികാരികൾ നിർബന്ധിതരായി. എന്നാൽ ആനുകൂല്യങ്ങളുടെ ഒരു ഭാഗം മാത്രം നൽകി, ബാക്കി ആനുകൂല്യങ്ങൾ ആവശ്യമില്ല എന്ന് ബാങ്ക് അധികാരികൾ നിർബന്ധിച്ച് എഴുതിവാങ്ങിച്ചതായി ഭാസ്കരൻ നായർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ, വിരമിച്ച ശേഷവും ഭാസ്കരൻ നായർക്ക് ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവച്ചിരിക്കുകയാണ് ബാങ്ക് അധികൃതർ.
2006 ൽ വിരമിച്ച ശേഷം മൂന്ന് വർഷം ലോകായുക്തയിൽ കേസ് നടത്തിയാണ് 3790 രൂപ പെൻഷനും പ്രോവിഡന്റ് ഫണ്ടും ഭാസ്കരൻ നായർ നേടിയെടുത്തത്. എന്നാൽ ഒരു ഇൻക്രിമെന്റും സസ്പെൻഷൻ കാലത്തെ ബാക്കി ശമ്പളവും ഭാസ്കരൻ നായർക്ക് ഇനിയും ലഭിക്കാനുണ്ട്. നിലവിൽ 1987 മുതലുള്ള സർവീസ് മാത്രമാണ് ബാങ്ക് അംഗീകരിച്ചിട്ടുള്ളത്. എന്നാൽ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവനുസരിച്ച് 1981 മുതലുള്ള സർവീസ് അംഗീകരിക്കേണ്ടതുണ്ട്. സർക്കാർ നിയമപ്രകാരം അവസാന ശമ്പളം കണക്കാക്കിയാണ് ലീവ് സറണ്ടർ നൽകേണ്ടത്. എന്നാൽ ഏഴ് വർഷത്തെ ലീവ് സറണ്ടർ ഒന്നിച്ചു കണക്കാക്കി നൽകിയത് മൂലം ആ ഇനത്തിലും കിട്ടേണ്ട തുക പൂർണമായും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഈ ഇനങ്ങളിൽ വലിയൊരു സംഖ്യ ഭാസ്കരൻ നായർക്ക് തിരുവനന്തപുരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് നൽകാനുണ്ട്.
ഹൈക്കോടതി, ലോകായുക്ത തുടങ്ങിയ ജുഡീഷ്യൽ ബോഡികളിൽ നിന്നും അനുകൂല വിധി ഉണ്ടായിട്ടും ആനുകൂല്യങ്ങൾ പൂർണമായും നൽകാൻ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് ഭാസ്കരൻ നായരുടെ പരാതി. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ നൽകിയ പരാതിയിൽ അവരൊരു കമ്മീഷനെ നിയമിച്ചിരുന്നു. ഭാസ്കരൻ നായർക്ക് അനുകൂലമായിരുന്നു കമ്മീഷന്റെ കണ്ടെത്തലുകൾ. ആ റിപ്പോർട്ട് സംസ്ഥാന ലീഗൽ സർവ്വീസ് അഥോറിറ്റിയിലേയ്ക്ക് അയച്ചെങ്കിലും അതിൽ തുടർ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
ഈ എഴുപത്തിനാലാം വയസിൽ ഏറെ ക്ഷീണിതനാണ് ഭാസ്കരൻ നായർ. പലപ്പോഴും വക്കീൽ ഫീസ് നൽകാൻ പോലും കൈയിൽ പണമില്ലാതെ സിറ്റിങുകൾ മുടങ്ങിപ്പോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കഴിയാതെ പോയിട്ടുമുണ്ട്. എങ്കിലും അദ്ദേഹം മുടങ്ങാതെ എല്ലാ അധികാരികളുടെയും വാതിലുകൾ മുട്ടുകയാണ്. തനിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി. ഈ വാർധക്യ കാലത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ആ ആനുകൂല്യങ്ങൾ അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട്.