- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിസിയിലെ താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് റോളില്ല; എല്ലാ നിയമനങ്ങളും കുടുംബശ്രീ വഴി അട്ടിമറിക്കുന്നു; ചട്ടങ്ങൾ മറികടന്ന് സ്വന്തക്കാർക്ക് ജോലി ഉറപ്പാക്കുന്നതിനെതിരെ പരാതിയുമായി ജീവനക്കാർ
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ഇഷ്ടക്കാർക്ക് പിൻവാതിലിലൂടെ തൊഴിലുറപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി സ്ഥിരം ജീവനക്കാർ. ഇതുവരെ തുടർന്നുവന്നിരുന്ന മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പിണറായി വിജയൻ അധികാരത്തിൽ വന്ന ശേഷം നിയമനങ്ങൾ നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ മറ്റെല്ലാ ഗവൺമെന്റ് ആശുപത്രികളിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിൽ വരുന്ന ക്ലീനർ ജീവനക്കാർക്ക് മാത്രമാണ് കുടുംബശ്രീ വഴി കരാറടിസ്ഥാനത്തിൽ നിയമനം നൽകിയിരുന്നത്. എന്നാൽ ആർസിസിയിൽ ക്ലീനർ, മെ ഐ ഹെൽപ്, നഴ്സിങ് ഓർഡർലി, ഓഫീസ് അസിസ്റ്റന്റ്, ടെലിഫോൺ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ വ്യാപകമായി കുടുംബശ്രീ വഴി നിയമനങ്ങൾ നൽകി.
ഇതിനെതിരെ 2018 ൽ ആർസിസി ജീവനക്കാരുടെ സംഘടനയായ ആർസിസി സ്റ്റാഫ് അസോസിയേഷൻ അന്നത്തെ ആരോഗ്യ മന്ത്രി, ആർസിസി ഡയറക്ടർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടർ, ലേബർ കമ്മീഷണർ, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് നിയമനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൂർവാധികം ശക്തിയോടെ മേൽപ്പറഞ്ഞ തസ്തികകൾ കൂടാതെ പ്രവൃത്തിപരിചയവും വൈദഗ്ധ്യവും ആവശ്യമായ ടെക്നിക്കൽ തസ്തികകൾ ഉൾപ്പെടെയുള്ള ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ബയോമെഡിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ക്യാഷ്യർ തുടങ്ങിയ തസ്തികകളിൽ പാർട്ടി അനുഭാവികളെ യാതൊരു മാനദണ്ഡവും കൂടാതെ തുടർന്നും നിയമിക്കുകയായിരുന്നു. കരാർ അടിസ്ഥാനത്തിൽ ആർസിസിയിൽ ജോലിയിൽ പ്രവേശിച്ച വ്യക്തികളോട് സ്ഥിരം നിയമനം വാഗ്ദാനം ചെയ്ത് പണംതട്ടുന്ന ലോബികളും ആർസിസിയിൽ സജീവമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ഈ അഴിമതിക്ക് പല വ്യക്തികളും അധികാരികളും കൂട്ടുനിൽക്കുന്നതായും അവർ പറയുന്നു. ആർസിസിയെ തകർക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. ആർസിസിയിൽ തൊഴിൽ കാത്തിരിക്കുന്ന യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്ന നടപടികളാണ് അധികാരികളുടേതെന്നും ആരോപിച്ച് പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് ജീവനക്കാർ.