ഇടുക്കി: കുറഞ്ഞ പലിശയ്ക്ക് കർഷക വായ്പയും ഉൽപ്പന്നങ്ങൾക്ക് കൂടിയ തുകയും വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നും കർഷകരുടെ പക്കൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. പിടി ചാക്കോ മെമോറിയൽ കിസാൻ മിത്ര പ്രൊഡ്യൂസർ കമ്പനിയുടെ പേരിൽ നൂറുകണക്കിന് കർഷകരിൽ നിന്നാണ് ഓഹരിയായി പണം പിരിച്ചത്. പണം നൽകിയ വിവിധ കർഷകർ നൽകിയ പരാതിയിൽ വയനാട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസെടുത്തിട്ടുണ്ട്.

വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി ഉൾപ്പെടെ എട്ട് ജില്ലകളിലെ കർഷകരിൽ നിന്നാണ് കമ്പനിയുടെ പേരിൽ ഓഹരി പിരിച്ചത്. നബാർഡിൽ നിന്നും കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ, ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില, നിത്യോപയോഗ സാധനങ്ങൾ കർഷകർക്ക് ചുരുങ്ങിയ വിലയിൽ തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് കമ്പനി നൽകിയിരുന്നത്. ഇത് വിശ്വസിച്ച് ആയിരക്കണക്കിന് കർഷകരാണ് 1000 രൂപ വീതം നൽകി പിടി ചാക്കോ മെമോറിയൽ കിസാൻ മിത്ര പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമായത്. എന്നാൽ കമ്പനിയുടെ ഓഫീസ് കുറച്ചുകാലമായി അടഞ്ഞുകിടക്കുകയാണ്. ഇതോടെയാണ് പണം നൽകിയവരിൽ ചിലർ കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തിന്റെ ഓഫീസ് എട്ട് മാസം മാത്രമാണ് പ്രവർത്തിച്ചതെന്ന് കമ്പനിയുടെ ജീവനക്കാരും പറയുന്നു. കമ്പനി നബാർഡിന് കീഴിലുള്ള സ്ഥാപനമാണെന്നും പിരിച്ചുവിട്ടാലും ഓഹരി ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും കമ്പനി ഉടമകൾ വിശ്വസിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇപ്പോൾ കർഷകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കോടതി സമീപിക്കാനും ഒരുങ്ങുകയാണ്. അതിന് പുറമെ കമ്പനി ഓഫ് രജിസ്ട്രാർക്കും അവർ പരാതി നൽകിയിട്ടുണ്ട്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡിജോ കാപ്പനും സിഇഒ മനോജ് ചെറിയാനുമാണ്.

അതേസമയം കർഷക ഉടമസ്ഥതയിലുള്ള കമ്പനിയെ തകർക്കാനും ഇതിന്റെ ഭാഗമായി നിൽക്കുന്ന താനടക്കമുള്ള പൊതുപ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കാനുമുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് കിസാൻ മിത്ര മാനേജിങ് ഡയറക്ടർ ഡിജോ കാപ്പൻ പറഞ്ഞു. കേരളമൊട്ടാകെയുള്ള പഞ്ചായത്തുകളിൽ നിന്നും 300 കർഷകരെ വീതം അംഗമാക്കികൊണ്ട് ഇടനിലക്കാരില്ലാതെ മികച്ച വില കർഷികോൽപ്പന്നങ്ങൾക്ക് നേടികൊടുക്കാനും കർഷക സഹായങ്ങൾ എത്തിക്കാനുമുള്ള ശ്രമമായിരുന്നു കർഷകമിത്രയിലൂടെ ഉദ്ദേശിച്ചത്.

കർഷകരെ ഇതിന്റെ ഭാഗമാക്കുന്നതിന് ജീവനക്കാരെയും നിയമിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെന്നും തകർത്തുകൊണ്ടാണ് പ്രളയമെത്തിയത്. അതിൽ നിന്നും കരകയറി വരുമ്പോൾ കോവിഡുമെത്തി. ഈ സമയത്തൊന്നും പ്രതീക്ഷിച്ചത്ര വിള ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് കഴിഞ്ഞില്ല. ജീവനക്കാർക്ക് അതുവരെയും പ്രതിമാസം കമ്പനിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന വരുമാനം നിലച്ചതോടെയാണ് അവർ കമ്പനിക്കെതിരെ തിരിഞ്ഞത്. വരുമാനം കുറഞ്ഞതോടെ ഓഫീസും പൂട്ടുകയായിരുന്നെന്നും അല്ലാതെ കമ്പനി ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഓഫീസ് താൽക്കാലികമായി പൂട്ടിയെങ്കിലും കമ്പനി പ്രവർത്തനം തുടരുന്നുണ്ടെന്നും ഡിജോ കാപ്പൻ പറഞ്ഞു.