മല്ലപ്പള്ളി: കടുത്ത നെഞ്ചുവേദനയുമായി താലൂക്ക് ആശുപത്രിയിൽ എത്തിച്ച രോഗി ചികിൽസ കിട്ടാതെ മരിച്ച സംഭവത്തിൽ രണ്ടു ഡോക്ടർമാർക്കെതിരേ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്ത പശ്ചാത്തലത്തിൽ 11 മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു.

മാരിക്കൽ പുള്ളോലിക്കൽ പി.പി. ജോണിന്റെ (കൊച്ചുമോൻ43) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പിന്മഴ ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെങ്കല്ലിലുള്ള കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്.2021 മെയ്‌ 21 ന് ഉച്ചക്ക് ഒന്നരയോടെ നെഞ്ചുവേദനയുമായി മല്ലപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിയ കൊച്ചുമോൻ ചികിത്സ വൈകിയതോടെയാണ് മരണപ്പെട്ടതെന്ന ഭാര്യ സജിത നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുന്നതിന് മുമ്പ് മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ സംസ്‌ക്കരിക്കുകയായിരുന്നു.

തിരുവല്ല ആർ ഡി ഒ കോടതിയുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റു മോർട്ടം ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോറൻസിക് വിഭാഗം മേധാവി ഡോ ബി കെ ജെയിംസ് കുട്ടി, മല്ലപ്പള്ളി തഹസിൽദാർ എം ടി ജെയിംസ്, തിരുവല്ല ഡിവൈഎസ്‌പി രാജപ്പൻ റാവുത്തർ, മല്ലപ്പള്ളി സി ഐ ജി സന്തോഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.

കേസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സനീഷ്, ഡോ. റീന എലിസബത്ത് തോമസ് എന്നിവരാണ് പ്രതികൾ. കോടതി നിർദ്ദേശ പ്രകാരം കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കടുത്ത നെഞ്ചു വേദനയുമായി ആശുപത്രിയിൽ എത്തിച്ച ജോണിനെ കൃത്യസമയത്ത് പരിശോധിക്കാൻ ഡോക്ടർമാർ തയാറായില്ലെന്നാണ് പരാതി. അത്യാസന്ന നിലയിലായ രോഗിയെ നോക്കുന്നതിന് പകരം ഡോക്ടർമാർ തമ്മിൽ സംസാരിച്ച് സമയം കളഞ്ഞുവെന്നും ഭർത്താവ് ചികിൽസ കിട്ടാതെ മരിക്കാൻ ഇത് ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് സജിത കോടതിയെ സമീപിച്ചത്.

ജോണിനൊപ്പം വന്ന ബന്ധുക്കൾ അസഭ്യം വിളിച്ചുവെന്നും ഇതു കാരണം തങ്ങളുടെ ഡ്യൂട്ടി തടസപ്പെട്ടുവെന്നും കാട്ടി ഡോക്ടർമാർ നൽകിയ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസും കേസെടുത്തിരുന്നു. ഒന്നാം നിലയിൽ നിന്ന വനിതാ ഡോക്ടറെ താഴത്തെ നിലയിൽ നിന്ന ബന്ധുക്കൾ ചീത്ത വിളിച്ചുവെന്നാണ് പരാതി. ഇതു കാരണം മനോവിഷമം ഉണ്ടാവുകയും ഡ്യൂട്ടി ചെയ്യാൻ കഴിയാതെ വരികയും ചെയ്തുവെന്ന പരാതിയിലുണ്ട്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വകുപ്പിട്ട് എടുത്ത കേസിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.