- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിയെയും ബിജെപി നേതാക്കളെയും അവഹേളിച്ച് പല തവണ ഫേസ് ബുക്ക് പോസ്റ്റ്; പരാതി നൽകിയിട്ടും പൊലീസ് ഗൗനിച്ചില്ല; ചെങ്ങന്നൂരിലെ ബിജെപി നേതാവിനൊപ്പം മന്ത്രി സജി ചെറിയാനെയും അവഹേളിക്കുന്ന തരത്തിൽ പോസ്റ്റ് വന്നപ്പോൾ ഉടനടി നടപടി; നാഗ്പൂരിലൂള്ള പ്രതിയെ അവിടെ എത്തി പൊക്കും
ചെങ്ങന്നൂർ: കേന്ദ്രമന്ത്രി വി. മുരളീധരനെയും മറ്റ് ബിജെപി നേതാക്കളെയും അപമാനിച്ചും അവഹേളിച്ചും നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന യുവാവിനെതിരേ ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുരളീധരനെ അപമാനിച്ചതിനല്ല, സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചൊറിഞ്ഞ് പോസ്റ്റ് ഇട്ടതിനാണ് കേസ്. നാഗ്പൂരിലുള്ള പ്രതിയെ അവിടെ ചെന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്യും. പൊലീസ് സംഘം ഉടൻ തന്നെ നാഗപ്പൂരിലേക്ക് പുറപ്പെടും.
പത്തനംതിട്ട കോയിപ്രം പുല്ലാട് വരയന്നൂർ പൂവത്തുംവീട്ടിൽ സുനിൽ പുല്ലാട്, ചെങ്ങന്നൂർ ആലാ സ്വദേശി ടി.ഡി പ്രകാശ് എന്നിവർക്കെതിരേയാണ് ഐപിസി 153 വകുപ്പ പ്രകാരം കേസെടുത്തിരിക്കുന്നത്. ബിജെപി മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുൻപ് പല ബിജെപി നേതാക്കളും തങ്ങളെ അവഹേളിച്ചുവെന്ന് കാട്ടി സുനിൽ പുല്ലാടിനെതിരേ പരാതി നൽകിയിട്ടുണ്ട്. പക്ഷേ, പൊലീസ് ചെറുവിരൽ അനക്കിയില്ല. ബി. കൃഷ്ണകുമാറിന്റെ പരാതിയിൽ തനിക്കൊപ്പം മന്ത്രി സജി ചെറിയാനെ അവഹേളിച്ചുവെന്ന് തെളിവു സഹിതം ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ 31 ന് കിട്ടിയ പരാതിയിൽ ഇന്നലെയാണ് കേസ് എടുത്തത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു. സുനിൽ പുല്ലാട് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിലാണ് ടി.ഡി പ്രകാശിനെതിരേ കേസ് എടുത്തിട്ടുള്ളത്. കൃഷ്ണകുമാറും ബിഎംഎസ് നേതാവായ ചെങ്ങന്നൂർ ളാഹശേരി ശാന്തഭവനിൽ സുരേഷ്‌കുമാറും തമ്മിൽ ചെങ്ങന്നൂർ കിഴക്കേ നട ക്ഷേത്രത്തിന് മുന്നിൽ വച്ച് സംഘട്ടനം ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ദേശാഭിമാനിയിൽ ചിത്രം സഹിതം വാർത്തയും വന്നു.
ഇതിന് പിന്നാലെയാണ് സുനിൽ പുല്ലാട് കൃഷ്ണകുമാറിനെതിരേ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. അതിൽ മന്ത്രി സജിചെറിയാന്റെ ബിസിനസ് പങ്കാളിയാണ് കൃഷ്ണകുമാർ എന്ന് വിശേഷിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനെയും പോസ്റ്റിൽ അവഹേളിച്ചിട്ടുണ്ട്. സുനിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇനി ഇതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു.....കേന്ദ്രമന്ത്രി ചുരളീധരന്റെ പ്രഷ്ഠം താങ്ങി ചെങ്ങന്നൂരിൽ സംഘ പരിവാർ പ്രസ്ഥാനങ്ങളെ ഒറ്റുകൊടുത്ത് പണം സമ്പാദിക്കുന്നവനും ഇജക(ങ) കാരുടെ ആശ്രിത വത്സലനും ചെങ്ങന്നൂർ ങഘഅ സജി ചെറിയാന്റെ ബിസിനസ്സ് പങ്കാളിയുമായ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്ത് തൊഴിലാളി നേതാവ് പി. കെ സുരേഷിന് അഭിനന്ദനങ്ങൾ
......
കോഴഞ്ചേരിയിലും ഇതുപോലൊരു പി കെ സുരേഷ് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു .....കാരണം, കോഴഞ്ചരി യിൽ കാലങ്ങളായി പ്രസ്ഥാനത്തെ മുഴുവനായി വിഴുങ്ങി കൊണ്ടിരിക്കുന്ന രണ്ട് ഹോട്ടൽ മുതലാളിമാരെ നിലയ്ക്ക് നിർത്തേണ്ട സമയം അതികൃമിച്ചിരിക്കുന്നു എന്നത് തന്നെ..
പുല്ലാട് സുനിൽ ഇതാദ്യമായല്ല ബിജെപി നേതാക്കളെയും സമൂഹത്തിലെ മാന്യന്മാരെയും അധിക്ഷേപിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, സാമൂഹിക പ്രവർത്തകനും പ്രവാസിയും കോയിപ്രം മൂൻ ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാർ വല്യൂഴത്തിൽ എന്നിവരെ ഇയാൾ നിരന്തരം അവഹേളിച്ചിരുന്നു. ഇതിന്റെ പേരിൽ പത്തനംതിട്ട സൈബർ സെൽ, എസ്‌പി എന്നിവർക്ക് നിരന്തരം പരാതി നൽകിയിരുന്നു. ഒരു കേസും രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ല. എന്നാൽ, മന്ത്രി സജി ചെറിയാനും ബിജെപി നേതാവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെ പൊലീസ് സടകുടഞ്ഞ് എണീറ്റു.
പുല്ലാട് സുനിൽ നാഗപ്പൂരിലാണുള്ളത്. അവിടെ എത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. താൻ ആർഎസ്എസ് ആസ്ഥാനത്താണുള്ളതെന്നും അവിടെയെത്തി കേരളാ പൊലീസിന് അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമാണ് സുനിലിന്റെ വെല്ലുവിളി. ഇടയ്ക്ക് ഇയാൾ സ്വന്തം വീട്ടിലെത്താറുണ്ട്. വിവരമറിഞ്ഞ് എത്തുന്ന, ഇയാൾ ഫേസ്‌ബുക്കിലൂടെ അപമാനിച്ചിട്ടുള്ള നാട്ടുകാർ ഇയാളെ വീട്ടിലെത്തി പഞ്ഞിക്കിടുന്ന പതിവുമുണ്ട്. ഏറ്റവും ഒടുവിലായി നാട്ടിൽ വന്നപ്പോഴും ഇയാൾക്ക് വീട്ടിനകത്തിട്ട് അടി കിട്ടിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്