- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും സംവരണ അട്ടിമറി; സംവരണക്രമം തെറ്റിച്ച് സ്ഥിരം അദ്ധ്യാപകരെ നിയമിച്ചത് അയോഗ്യരായവരെ; 63 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിൽ ഭൂരിഭാഗത്തിലും ക്രമക്കേട്; മറിമായത്തിനെതിരെ ഗവർണർക്ക് പരാതി
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് നിരാശ നൽകുന്ന വാർത്തകളാണ് അടുത്തിടെ സർവകലാശാലകളിൽ നിന്നും കേൾക്കുന്നത്. യോഗ്യതയുള്ളവർ പുറത്താകുന്നതും ഇഷ്ടക്കാരെ തിരുകി കയറ്റുന്നതും ഒക്കെ പലപ്പോഴും കണ്ടു. ഇതുകൂടാതെയാണ് സംവരണക്രമം അട്ടിമറിക്കൽ. കാലിക്കറ്റ് സർവകലാശാലയിൽ സംവരണക്രമം തെറ്റിച്ച് അയോഗ്യരായ സ്ഥിരം അദ്ധ്യാപകരെ നിയമിച്ചതായാണ് പുതിയ ആരോപണം. മൂപ്പതിൽ അധികം പഠന വകുപ്പുകളിലാണ് നിയമനം. അടുത്തിടെ സർവ്വകലാശാല 63 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് നടത്തിയ നിയമനത്തിൽ ഭൂരിഭാഗവും സംവരണം സംബന്ധിച്ച നിയമങ്ങൾ തെറ്റിച്ചാണ് നടത്തിയത്. സിന്റിക്കേറ്റംഗം ഡോ. റഷീദ് അഹ്മദാണ്, ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.
ഭിന്നശേഷി സംവരണം തെറ്റായ രീതിയിൽ നടപ്പാക്കിയതാണ് സംവരണക്രമം തെറ്റാൻ കാരണം. സർവ്വീസ് ചട്ടങ്ങൾ പ്രകാരം ഇ. ടി. ബി. വിഭാഗത്തിന് നൽകേണ്ട രണ്ട്, ഇരുപത്തിയെട്ട്, അമ്പത്തിനാല് സംവരണ ഊഴങ്ങൾ ഭിന്ന ശേഷിക്കാർക്ക് നീക്കിവെച്ചത് മൂലം എല്ലാ പഠന വകുപ്പുകളിലെയും ഓപ്പൺ / സംവരണ ക്രമങ്ങൾ തെററുകയായിരുന്നു. ഇതോടെ ഇപ്പോൾ നിയമനം ലഭിച്ച മുപ്പതോളം അദ്ധ്യാപകർ പുറത്ത് പോവേണ്ടി വരും.
ബാക്കിയുള്ളവരെ പുനക്രമീകരണത്തിലൂടെ നിലനിർത്താനാവും. ഇപ്പോൾ ആളില്ലെന്ന് പറഞ്ഞ് ഒഴിച്ചിട്ട ഭിന്നശേഷി സംവരണ സീറ്റുകളിൽ യഥാർത്ഥത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉണ്ടെന്നും എന്നാൽ ക്രമംതെറ്റിച്ച് ഊഴം കണക്കാക്കിയതിനാൽ രണ്ട് ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടമായെന്നും പരാതിയിൽ ആരോപിക്കുന്നു.
സംവരണക്രമം തെറ്റിയതറിഞ്ഞതോടെ നിയമനം കിട്ടാതെ പോയ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു തുടങ്ങി. ഇതിനകം അസിസ്റ്റന്റ് പ്രൊഫസർ നിയമനം സംബന്ധിച്ച ഏഴ് കേസുകളിൽ ഹൈക്കോടതി സർവ്വകലാശാലക്ക് നോട്ടീസ് അയച്ച് കഴിഞ്ഞു.
സംവരണ നയത്തിലെ അപാകത മൂലം കേരള സർവ്വകലാശാലയിലെ 58 അദ്ധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഈയിടെയാണ്. വിധി ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കയാണ്.
കൃത്യമായ സംവരണ മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ സർവ്വകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കൂടാതെ സംസ്ഥാനത്തെ എയിഡഡ് കോളജുകളിലെ അദ്ധ്യാപക ഒഴിവുകളിലെ ഭിന്ന ശേഷിക്കാർക്കുള്ള 1996 മുതലുള്ള ബാക്ക് ലോഗ് നികത്തണമെന്ന ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചതോടെ എയിഡഡ് മേഖലയിലെ നിയമനവും പ്രതിസന്ധിയിലാണ്. ഭിന്നശേഷി സംവരണത്തിന് സംസ്ഥാനത്ത് ഹോറിസോണ്ടൽ റിസർവേഷൻ നടപ്പാക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം.
മുമ്പ് മുന്നോക്ക സംവരണവും അട്ടിമറിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായത്തിന് അർഹതപ്പെട്ട 10 അദ്ധ്യാപക തസ്തികകൾ ഒഴിവാക്കി സംവരണ റോസ്റ്റർ തയാറാക്കി നടത്തിയ അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഏപിലിൽ ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
നിയമന അട്ടിമറി മറച്ചു വയ്ക്കാൻ സർവകലാശാല റോസ്റ്റർ പൂഴ്‌ത്തി വയ്ക്കുകയായിരുന്നു 116 അദ്ധ്യാപക തസ്തികകളിലേക്ക് 2020 നവംബറിലാണ് കാലിക്കറ്റ് സർവകലാശാല അഭിമുഖം തുടങ്ങിയത്. സർക്കാരും, പിഎസ്‌സി അടക്കം നിയമന ഏജൻസികളും കഴിഞ്ഞ വർഷം തന്നെ മുന്നാക്ക സംവരണം ഉറപ്പാക്കി ഉത്തരവിറക്കിയിരുന്നു. സർക്കാരിന്റെയും പിഎസ്‌സിയുടെയും ചട്ടങ്ങൾ പാലിച്ചു മാത്രമേ സർവകലാശാലയ്ക്ക് നിയമനം നടത്താൻ പാടുള്ളൂ. എന്നാൽ സംവരണ റോസ്റ്റർ തയാറാക്കിയപ്പോൾ മുന്നാക്ക സംവരണ ഊഴം ഉൾപെടുത്തിയില്ല.
റോസ്റ്ററിലെ 9, 19, 29 തുടങ്ങിയ ഊഴങ്ങളായിരുന്നു നിയമപ്രകാരം മുന്നാക്ക സംവരണ തസ്തികളായി നിശ്ചയിക്കേണ്ടിയിരുന്നത്. മുന്നാക്ക സമുദായത്തിൽപെട്ട ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ നൽകിയ കേസിലെ വിധിയിൽ നിയമന സമയത്ത് നിലവിലുള്ള ചട്ടമനുസരിച്ചായിരിക്കണം സംവരണം കണക്കാക്കേണ്ടതെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് സംവരണ അട്ടിമറി നടന്നത്.
മറുനാടന് മലയാളി ബ്യൂറോ