ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെ നെഹ്രുട്രോഫി വാർഡിലെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു. വാർഡിനെ പ്രതിനിധീകരിച്ച ജയമ്മയുടെ ഒറ്റമുറി ചായ്‌പ്പിലേക്ക് ഇത്തവണ ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ പദവി എത്തുമെന്ന പ്രതീക്ഷ. എന്നാൽ നേതൃത്വത്തിന്റെ തീരുമാനം മറിച്ചായതോടെ പ്രതിഷേധം അണപൊട്ടി. അർഹിച്ച സ്ഥാനം ജയമ്മയ്ക്കു കൊടുക്കാത്തതിനെതിരേയുള്ള പ്രതിഷേധം പാർട്ടി പ്രവർത്തകരുടെ മാത്രമല്ല സാധാരണക്കാരുടേതുംകൂടിയാണെന്ന് ഇപ്പോൾ തിരിച്ചറിയുകയാണ്.

കയർത്തൊഴിലാളി ക്ഷേമ നിധി ബോർഡിൽക്കിട്ടിയ ജോലി സിപിഎം. നിർദ്ദേശപ്രകാരം ഉപേക്ഷിച്ച് മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിനിറങ്ങുമ്പോൾ ജയമ്മയ്ക്കു വരുമാനം ഇല്ലാതായി. ഭർത്താവ് ആർ. ഷീൻ ഹൗസ് ബോട്ട് ജീവനക്കാരനാണ്. മക്കളില്ല. രണ്ടുപേർക്കു കഴിയാനുള്ളത് ഷീൻ കൊണ്ടുവരുന്നതുകൊണ്ട് ജയമ്മ പൂർണസമയ പ്രവർത്തകയായി. നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും ജയമ്മയുണ്ട്. അതുകൊണ്ടാണ് അവർ ആർത്തിരമ്പി പ്രതിഷേധമായി നഗരത്തിലേക്കുവന്നത്. പാർട്ടി തീരുമാനത്തിനെതിരേ പ്രകടനം നടത്തിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയിട്ടും പ്രതിഷേധാഗ്നി കെട്ടിട്ടില്ല.

നെഹ്രുട്രോഫി സ്റ്റാർട്ടിങ് പോയന്റിനുസമീപം കായലോരത്ത് ഒരു ഒറ്റമുറി ചായ്‌പ്പ്. പണിതിട്ടും പൊങ്ങാത്ത തറയുടെ അവശിഷ്ടങ്ങൾ. അല്പം അലങ്കാരമായുള്ളതു തിരഞ്ഞെടുപ്പുകാലത്ത് അച്ചടിച്ച ജയമ്മയുടെ ഒരു ചിത്രം മാത്രം. സ്ഥലത്തിന് ഇതുവരെ പട്ടയംകിട്ടിയിട്ടില്ല. പലവട്ടം പലതലത്തിൽ ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ഇതാണ് ജയമ്മയുടെ ആകെയുള്ള സമ്പാദ്യം.

സ്‌കൂട്ടറിൽ പോകുന്ന ജയമ്മ ആരെങ്കിലും നടന്നുപോകുന്നതുകണ്ടാൽ വിളിച്ചുകയറ്റും. ബാലസംഘം, എസ്.എഫ്.ഐ. എന്നിവയിലൂടെയാണ് സിപിഎം. ഏരിയകമ്മിറ്റിയംഗവും ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായത്. ഇതിനുപുറമേ നിരവധി വർഗസംഘടനകളുടെയും ചുമതലക്കാരിയാണ്. പാർട്ടിയുടെ അച്ചടക്കംവിട്ട് അവർ ഒന്നുംചെയ്യില്ലെന്നു സമീപവാസികൾ പറയുന്നു.