- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ ഥാർ നൂറുശതമാനവും എന്റെതാണ്; അഹിന്ദുക്കൾ പങ്കെടുക്കാൻ പാടില്ലെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിൽ പങ്കെടുക്കില്ലായിരുന്നു. പുനർലേലം നടത്താൻ ഹൈക്കോടതി പറഞ്ഞിട്ടുമില്ല': ഗുരുവായുരിലെ ഥാർ ലേലത്തിൽ ഗൂഢാലോചന ആരോപിച്ച് ആദ്യം ഥാർ സ്വന്തമാക്കിയ അമൽ മുഹമ്മദ് അലി
തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാർ പുനർ ലേലത്തിൽ പോയത് 43 ലക്ഷം രൂപയ്ക്കാണ്. 14 പേർ പങ്കെടുത്ത ലേലത്തിൽ അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേഷ് ദുബായിൽ വ്യവസായിക്കാണ് വാഹനം ലഭിച്ചത്. സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറലായിരുന്നു ഗുരുവായൂരപ്പന്റെ ഥാർ.
അതേസമയം, ഗുരുവായൂരിലെ ഥാർ ലേലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ഥാർ സ്വന്തമാക്കിയ അമൽ മുഹമ്മദ് അലി. ലേലം വിവാദമായപ്പോൾ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി പറഞ്ഞത്. പുനർലേലം ചെയ്യാൻ കോടതി പറഞ്ഞിട്ടില്ല. ദേവസ്വം ബോർഡിനും കമ്മീഷണർക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അമൽ ആരോപിച്ചു. ഒരു ടി വി ചാനലിനോടായിരുന്നു അമലിന്റെ പ്രതികരണം.
'ഒരു തവണ വാഹനം ലേലം ചെയ്താൽ അത് ആ വ്യക്തിക്ക് കൊടുക്കണം. ആ ഥാർ 9454 എന്ന വാഹനം ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്ന് ഞാൻ വിളിച്ചെടുത്ത വാഹനമാണ്. അത് നൂറ് ശതമാനവും എന്റേതാണ്. അന്ന് അവിടെ ലേലം വിളിക്കാൻ ആളില്ലായിരുന്നു എന്നത് എന്റെ കുറ്റമായി കാണാനാവില്ല.ഇത്രയും ബഹളം നടന്നിട്ടും ഇന്നും ലേലം വിളിക്കാൻ പരമാവധി 15 പേരാണ് ഉണ്ടായിരുന്നത്. ലേലത്തിൽ അഹിന്ദുക്കൾ പങ്കെടുക്കാൻ പാടില്ലെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിൽ പങ്കെടുക്കില്ലായിരുന്നു. പുനർലേലം നടത്താൻ ഹൈക്കോടതി പറഞ്ഞിട്ടുമില്ല.' അമൽ പറഞ്ഞു.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ ജീപ്പാണ് ഇന്നലെ പുനർലേലം ചെയ്തത്. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനർലേലം. നാൽപതിനായിരം രൂപയായിരുന്നു നിരതദ്രവ്യം. ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇത് ദേവസ്വം ബോർഡിന് കൂടുതൽ ലാഭം ഉണ്ടാക്കുകയും ചെയ്തു.
ഗുരുവായൂരിൽ നടത്തിയ ലേലത്തിൽ വാഹനം ആദ്യം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി. മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ പൊതുലേലത്തിലാണ് ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലി സ്വന്തമാക്കിയത്.
ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചതോടെ ലേലതീരുമാനത്തിൽ ആശയക്കുഴപ്പമായി. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
പുനർലേലത്തിൽ 14 പേർ പങ്കെടുത്തു. ലേലവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെയാണ് ലേലത്തിന് കൂടുതൽ ശ്രദ്ധ നൽകിയതും. ലേലത്തിൽ കൂടുതൽ തുക പറഞ്ഞ അങ്ങാടിപ്പുറത്തുകാരന് അത് നൽകാൻ ദേവസ്വവും തീരുമാനിക്കുകയുമായിരുന്നു. കാർ ലേലത്തിൽ പിടിച്ചയാൾ 43 ലക്ഷത്തിന് പുറമേ ജി എസ്ടി കൂടി അടയ്ക്കേണ്ടതാണ്.
2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ഥാർ എസ്യുവിയെ വിപണിയിൽ അവതരിപ്പിച്ചത്.
2020ൽ നിരത്തിൽ എത്തിയതിനു ശേഷം പുതിയ മഹീന്ദ്ര ഥാറിനെ തേടി 19 ലധികം അവാർഡുകളും എത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിൽക്കുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും മഹീന്ദ്ര ഥാർ ആണ്.
മറുനാടന് മലയാളി ബ്യൂറോ