- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേതൃത്വത്തിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ കള്ളം പ്രചരിപ്പിക്കുന്നു; രാജി ആവശ്യപ്പെട്ട എംഎൽഎമാരുടെ 'എണ്ണത്തിലും' പൊരുത്തക്കേട്; തെറ്റുകളുടെ തമാശയെന്ന് അമരീന്ദർ സിങ്; കോൺഗ്രസിലെ മുതർന്ന നേതാക്കൾ മോഹനിദ്രയിലെന്ന് വിമർശനം
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട നേതൃത്വം, ആ കെടുകാര്യസ്ഥത മറച്ചുവെക്കാൻ മനഃപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന് ഹരീഷ് റാവത്തും രൺദീപ് സുർജെവാലയും പറയുന്ന എംഎൽഎമാരുടെ എണ്ണത്തിൽ പോലും പൊരുത്തക്കേടുണ്ടെന്ന് അമരീന്ദർ പരിഹസിച്ചു. തെറ്റുകളുടെ തമാശ എന്നാണ് അമരീന്ദർ ഇതിനെ വിശേഷിപ്പിച്ചത്.
പഞ്ചാബ് കോൺഗ്രസിലെ 79 എംഎൽഎമാരിൽ 78 പേരും അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തെഴുതിയെന്ന രൺദീപ് സുർജെവാലയുടെ അവകാശവാദത്തിന് പിന്നാലെയാണ് ക്യാപ്റ്റന്റെ പ്രതികരണം.
തലേദിവസം ഹരീഷ് റാവത്ത് പത്രപ്രസ്താവനയിൽ പറഞ്ഞത്, വിഷയവുമായി ബന്ധപ്പെട്ട് 43 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തെഴുതിയെന്നാണ്. ഇപ്പോൾ തോന്നുന്നത് നവ്ജ്യോത് സിദ്ദുവിന്റെ തമാശനാടകത്തിന്റെ പ്രഭാവം മുഴുവൻ പാർട്ടിയിലും വ്യാപിച്ചിരിക്കുന്നു എന്നാണ്. അടുത്ത തവണ അവർ അവകാശപ്പെടും, 117 എംഎൽഎമാരും എനിക്കെതിരെ കത്തെഴുതിയെന്ന്- അമരീന്ദർ പറഞ്ഞു.
ഇതാണ് പാർട്ടിയിലെ സ്ഥിതി. അവരുടെ നുണകൾ പോലും അവർക്ക് മര്യാദയ്ക്ക് ഏകോപിപ്പിക്കാൻ സാധിക്കുന്നില്ല. കോൺഗ്രസ് ആകെ താറുമാറായ അവസ്ഥയിലാണ്. ഓരോ ദിവസവും പ്രതിസന്ധി ഗുരുതരമാവുകയാണ്.
വലിയൊരു വിഭാഗം മുതിർന്ന നേതാക്കളും പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് മോഹനിദ്രയിലാണ്. ഭീഷണിക്ക് വഴങ്ങിയാണ് 43 എംഎൽഎമാർ രാജി ആവശ്യപ്പെട്ട് കത്തയച്ചതെന്നും അമരീന്ദർ ആരോപിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിയിൽ ഹൈക്കമാന്റ് ഇടപെട്ടതും അമരീന്ദറിന്റെ രാജിയിൽ കലാശിച്ചതും.
അതേ സമയം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് .ബിജെപിയുമായി സഖ്യനീക്കത്തിനെന്ന് സൂചന. പാർട്ടി രൂപീകരണത്തിന് പിന്നാലെ ചർച്ച നടക്കുമെന്ന് റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആശിർവാദത്തോടെയാണ് നീക്കം. ആരോടും തൊട്ടുകൂടായ്മയില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നുമായിരുന്നു നേരത്തെ കോൺഗ്രസ് വിട്ട അമരീന്ദർ സിങ് പ്രതികരിച്ചത്.
പുതിയ പാർട്ടി രൂപീകരണത്തിനുള്ള അമരീന്ദർ സിംഗിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇരുപത് എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന അദ്ദേഹം കർഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അമരീന്ദർ സിങ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു.
അമരീന്ദർ സിങ് തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്നത് പൂർണ്ണമായും ഒഴിവാക്കി. ഇപ്പോൾ മുൻ സൈനികൻ, മുന്മുഖ്യമന്ത്രി എന്ന് മാത്രമേ ട്വിറ്ററിൽ ഇദ്ദേഹം സ്വയം വിശേഷണം നൽകിയിട്ടുള്ളു.
പഞ്ചാബിൽ സിദ്ദു നിർദ്ദേശിച്ച സിദ്ധാർത്ഥ് ചതോപാധ്യയുടേതടക്കം പേരുൾപ്പെടുത്തിയാണ് ഡിജിപിമാരുടെ പട്ടിക സർക്കാർ കേന്ദ്രത്തിന് അയച്ചിരിക്കുന്നത്. എജിയുടെ നിയമനത്തിൽ ഹൈക്കാമാന്ഡ് നിലപാടും നിർണ്ണായകമാകും. വരുന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനമനുസരിച്ച് രാജി കാര്യത്തിൽ തുടർനിലപാടെന്നാണ് സിദ്ദുവുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങൾ പറയുന്നത്.
ന്യൂസ് ഡെസ്ക്