- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിക്കേറ്റ് നീരു വന്ന കാലിൽ ചവിട്ടി ആനപ്പുറത്തേക്ക് കയറ്റം; നീരു വന്ന കാൽ മുകളിലേക്കുയർത്താൻ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാന്റെ കണ്ണില്ലാത്ത ക്രൂരത; ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ ജീവനെടുത്തതുകൊടിയ പീഡനം; തെളിവ് ദൃശ്യങ്ങൾ പുറത്തു വിട്ട് ആനപ്രേമി സംഘം
ആലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം പാപ്പാന്മാരുടെ കൊടിയ പീഡനമാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. കരുനാഗപ്പള്ളിയിൽ എഴുന്നള്ളിപ്പിനായി കൊണ്ടു പോയ ശേഷം ഹരിപ്പാട് ക്ഷേത്രത്തിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളും എഴുന്നള്ളിപ്പിനായി കൊണ്ടു പോയ സ്ഥലങ്ങളിലെ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന പേരിലുള്ള ആനപ്രേമി സംഘമാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
പരിക്കേറ്റ് നീരു വന്ന കാലിൽ ചവിട്ടി ആനപ്പുറത്തേക്ക് പാപ്പാൻ കയറുന്നു. നീരു വന്ന കാൽ മുകളിലേക്കുയർത്താൻ പെടാപ്പാട് പെടുന്ന വിജയകൃഷ്ണനെ ശാസിച്ചു കൊണ്ട് പാപ്പാൻ കണ്ണില്ലാത്ത ക്രൂരത കാട്ടുകയായിരുന്നു. പരിക്കേറ്റ് നീരുവന്ന വലതുകാൽ നടക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് വീഡിയോ ദൃശ്യം കാണുമ്പോൾ മനസ്സിലാക്കാം. ഇത്രയും ഗുരുതരമായ അവസ്ഥയിലായിരുന്ന ആനയെയാണ് വിവിധ ക്ഷേത്രങ്ങളിലേക്ക് എഴുന്നള്ളിപ്പിനായി ദേവസ്വം ഡെപ്യൂട്ടി കമ്മീഷ്ണർ അയച്ചത്.
ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ ഇത് പരിഗണിക്കാതെ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷ്ണർ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് കൊടുത്തിരുന്നു.
ഈ സമയങ്ങളിൽ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകൾ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്. അവശനായ വിജയകൃഷ്ണനെ പിന്നീട് ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു. ജനുവരി 28-നാണ് വിജയകൃഷ്ണനെ മറ്റു ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിനായി അമ്പലപ്പുഴയിൽനിന്നു കൊണ്ടുപോയത്. അതിനിടെ ആനയുടെ നില മോശമായെന്നറിഞ്ഞ് അമ്പലപ്പുഴയിൽനിന്ന് ആനപ്രേമികൾ പോയി കണ്ടിരുന്നു.
വിവരമറിഞ്ഞ് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടർന്ന് ചികിത്സ നൽകിയിരുന്നു. പിന്നീട് കഴിഞ്ഞ 26ന് രാത്രിയിൽ ലോറിയിൽ അമ്പലപ്പുഴയിൽ എത്തിക്കുകയായിരുന്നു. വലതുകാലിലെ മുറിവ് വലുതായി നിൽക്കാനാവാത്തവിധം അവശതയിലായിരുന്നു. അതുമൂലം ഇത്തവണ അമ്പലപ്പുഴ ഉത്സവത്തിന് എഴുന്നള്ളിച്ചില്ല. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ വന്നതിനുശേഷവും ആനയെ മർദ്ദിച്ചിരുന്നു. ക്രൂരമർദ്ദനമാണ് വിജകൃഷ്ണനെ അമ്പലപ്പുഴക്ക് നഷ്ടപ്പെടാൻ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥലത്തെത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാതെ ആനയുടെ ജഡം മാറ്റാൻ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ബോർഡംഗം തങ്കപ്പൻ എന്നിവരെ പ്രതിഷേധക്കാർ തടഞ്ഞു. രോക്ഷാകുലരായി മാറിയ ജനങ്ങൾ ചെരുപ്പും കുപ്പികളും ഇവർക്ക് നെരെ വലിച്ചെറിഞ്ഞു. പൊലീസും ഇലക്ഷൻ ഡ്യൂട്ടിക്കായി എത്തിയ സി.ആർ.പി.എഫുകാരുമാണ് നാട്ടുകാരുടെ അക്രമണത്തിൽ നിന്നും രക്ഷപെടുത്തിയത്.
നാട്ടുകാരുമായി ആദ്യം ചർച്ച നടത്തിയെങ്കിലും അനുകൂലമായ നിലപാട് പ്രസിഡന്റ് സ്വീകരിച്ചില്ല. ഇത് ജനങ്ങളെ പ്രകോപിപ്പിച്ചു. ദേവസ്വം പ്രസിഡന്റിന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് ഈരിവിടുകയും ആനപിണ്ഡവും വാഴയും മറ്റുമൊക്കെ വാരി വാഹനത്തിന് മേൽ ഇടുകയും ചെയ്തു. ഒടുവിൽ വിജയകൃഷ്ണന്റെ പാപ്പാന്മാരായ പ്രദീപ്, അനിയപ്പൻ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്യുമെന്നും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറെ ചുമതലകളിൽനിന്നു മാറ്റിനിർത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചതോടെയാണ് ജനങ്ങൾ ശാന്തരായത്. ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ വനംവകുപ്പിന്റെ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്തും. അതിനായി ആനയുടെ ഭൗതികശരീരം രാത്രി കോന്നിയിലേക്കു കൊണ്ടുപോയി. കോന്നിയിൽത്തന്നെയാകും മറവുചെയ്യുക.
ഗജവീരൻ വിജയകൃഷ്ണൻ വ്യാഴാഴ്ച പകൽ 11.45-നാണ് ചരിഞ്ഞത്. വ്യാഴാഴ്ച രാവിലെ കുളിപ്പിച്ചശേഷം നടത്തുമ്പോൾ ആനത്തറയിൽ വീഴുകയായിരുന്നു. 54 വയസ്സുണ്ടായിരുന്നു. ദേവസ്വം ബോർഡിന്റെയും പാപ്പാന്മാരുടെയും പീഡനമാണ് ആനയുടെ അന്ത്യത്തിനിടയാക്കിയതെന്നാരോപിച്ച് നടന്ന ഭക്തജനങ്ങളുടെയും ആനപ്രേമികളുടെയും പ്രതിഷേധം മണിക്കൂറുകളോളം ക്ഷേത്രപരിസരത്ത് സംഘർഷത്തിനിടയാക്കി. പ്രതിഷേധക്കാർക്കുനേരെ രണ്ടുതവണ പൊലീസ് ലാത്തിവീശിയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ തലയെടുപ്പുള്ള ആനകളിൽ മുൻനിരക്കാരനായിരുന്നു പൊതുവേ ശാന്തസ്വഭാവക്കാരനായ വിജയകൃഷ്ണൻ. അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞതിനുശേഷം 1989 മാർച്ച് 23-ന് ഉത്സവക്കൊടിയേറ്റുദിവസമാണ് വിജയകൃഷ്ണനെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. അന്ന് 22 വയസ്സ്. രാമചന്ദ്രൻ എന്ന പാപ്പാനായിരുന്നു ആനയെ നോക്കിയിരുന്നത്.
അദ്ദേഹം വിരമിച്ചതിനുശേഷം അമ്പലപ്പുഴ സ്വദേശിയായ ഗോപനായിരുന്നു പാപ്പാൻ. കഴിഞ്ഞ ജനുവരിയിൽ ഇയാൾ സ്ഥലം മാറിപ്പോയി. പിന്നീട് ഒന്നാം പാപ്പാനായി വന്നത് തിരുവനന്തപുരം സ്വദേശി പ്രദീപാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡും ശ്രീകൃഷ്ണസ്വാമിക്ഷേത്ര വികസനട്രസ്റ്റും ചേർന്ന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ആനയെ വാങ്ങിയത്. വളരെവേഗം ഭക്തജനങ്ങളുടെ പ്രിയങ്കരനായി മാറിയ വിജയകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം തിടമ്പേറ്റിയിട്ടുണ്ട്. 2019-ലെ തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ദേവസ്വത്തിന്റെ എഴുന്നള്ളത്തിനു മുന്നിൽനിന്ന അഞ്ചാനകളിലൊന്ന് വിജയകൃഷ്ണനായിരുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.