തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം തീരമേഖലകൾ കേന്ദ്രീകരിച്ച് കോടികളുടെ തിമിംഗല ഛർദിയുടെ കച്ചവടം. കോഡ് ഭാഷയിലൂടെയും വീഡിയോകളിലൂടെയും സാധനം വിൽപ്പനയ്ക്കെത്തും. പെട്ടെന്ന് പിടിയിലാകാതിരിക്കാൻ പല തന്ത്രങ്ങളും കച്ചവടസംഘം ഉപയോഗിക്കുന്നു. ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുള്ള സംഘടനകളുമുള്ളതായി വിവരം.

ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദിക്ക് കോടികളാണ് അന്താരാഷ്ട്ര മാർക്കറ്റിൽ വിലയുള്ളത്. ഇതിന്റെ കടത്തും പിടുത്തവും ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണ്. എന്നിട്ടും നിർബാധം കച്ചവടം തുടരുകയാണ്. മയക്ക് മരുന്ന് ഉൾപ്പെടെ നിരോധിത വസ്തുക്കളുടെ വിൽപ്പന നടത്തുന്ന സംഘങ്ങളാണ് ഇത്തരം ഇടപാടുകൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

ഇന്ന് ഉള്ളൂർ കേന്ദ്രീകരിച്ച് 17 കോടിയുടെ ഡീൽ നടക്കാൻ സാധ്യതയുണ്ടെന്ന വിവരം മറുനാടന് ലഭിച്ചു. ഉള്ളൂർ ഭാഗത്തെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് 17 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടക്കുമെന്നാണ് സൂചന. രാജൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് തിമിംഗല ഛർദി വിൽപ്പന നടത്തുന്നതെന്നാണ് വിവരം. കേരളത്തിന്റെ പലഭാഗത്തു നിന്നും ആംബർഗ്രീസ് വാങ്ങി അന്താരാഷ്ട്ര മാർക്കറ്റിൽ വിൽപ്പന നടത്തുന്നത് കോയമ്പത്തൂർ സ്വദേശികളാണ്. ഇവിടെയും അവർ തന്നെയാണ് ഇടപാടിന് എത്തുന്നതെന്നാണ് അറിയുന്നത്.

തിരുവനന്തപുരം സ്വദേശികളായ ഇസഹാക്ക്, ബിനു എന്നിവരാണ് ഇടനിലക്കാർ. ഇടനിലക്കാർക്കിടയിലെ തർക്കങ്ങളിൽ നിന്നാണ്് പലപ്പോഴും വിവരം ചോർന്ന് പൊലീസിന് കിട്ടുന്നതും ഇത്തരക്കാർ പിടിയിലാകുന്നതും. ആംബർ ഗ്രീസ് വിൽപ്പനയും കൈവശം സൂക്ഷിക്കുന്നതും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഇതേ സംഘത്തിലെ വർക്കല സ്വദേശിനിയുടെ വീട്ടിൽ 77 കിലോയോളം ആംബർ ഗ്രീസ് സൂക്ഷിച്ചിട്ടുള്ളതായാണ് വിവരം. ഇതിന് 77 കോടി രൂപ വില ലഭിക്കും. കൊല്ലം തീരദേശ അനുബന്ധ പ്രദേശങ്ങളിലും ആംബർ ഗ്രീസ് വിൽപ്പന വ്യാപകമാണ്. കോടികളുടെ കള്ളപ്പണം ഒഴുകുന്ന ഇത്തരം ഇടപാടുകളിൽ കൊല്ലം മേഖലകളിൽ ചില തീവ്രവാദ ഗ്രൂപ്പുകളും സജീവമാണ്.

കോഡ് ഭാഷയിലൂടെയാണ് കച്ചവടം ഉറപ്പിക്കുന്നത്. സാധനം കൈയിലുണ്ടെന്ന കോഡ് ആദ്യം നൽകും. തുടർന്ന് വിഡിയോ കോഡ് കൊടുക്കും. എവിടെയാണ് സാധനമുള്ളത്, എന്നു മുതൽ ലഭ്യമായിരിക്കും തുടങ്ങി തൂക്കം വരെയുള്ള കാര്യങ്ങൾ അതിവിദഗ്ധമായി വീഡിയോ കോഡ് വഴി അറിയിക്കും. ഏതു സ്ഥലത്താണോ സാധനമുള്ള അവിടുത്തെ അന്നത്തെ പത്രമെടുക്കും. അതിന് മുകളിൽ ഡേറ്റും എഡിഷൻ ഏതെന്നും വ്യക്തമാകുന്ന വിധം സാധനം വയ്ക്കും.

ദിനപത്രത്തിന്റെ ഒരു വശത്തായി വ്യക്തമായി കാണും വിധം തൂക്കവും മറ്റും മറ്റൊരു പേപ്പറിൽ എഴുതി വയ്ക്കും. സാധനത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തിക്കാണിക്കുന്ന നാണയ പരിശോധനയും വീഡിയോയിൽ കാണാം. ആംബർ ഗ്രീസിന് മുകളിലേക്ക് അഞ്ചു രൂപ നാണയം പതിപ്പിച്ചാണ് സംഗതി ഒറിജിനൽ ആണെന്ന് വ്യക്തമാക്കുന്നത്.