- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യമായി പെരുമാറുന്ന ശാന്ത സ്വഭാവക്കാരി; ഷാഹിദയെ കുറിച്ച് നാട്ടുകാർക്ക് പറയാൻ മോശമൊന്നുമില്ല; അങ്ങനെയൊരു മാതാവ് മകനെ കഴുത്തറുത്തുകൊന്നപ്പോൾ ഹൃദയം തകർന്ന് പൂളക്കാട്ടുകാർ; മദ്രസ അദ്ധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണി; ഏതാനും മാസങ്ങളായി മദ്രസയിൽ ജോലിക്ക് പോയിരുന്നില്ല; ഭർത്താവിനെയും ചോദ്യം ചെയ്തു പൊലീസ്
പാലക്കാട്: ഹൃദയം തകർക്കുന്ന വാർത്ത കേട്ടവർ ആദ്യം പറഞ്ഞത് അതൊന്നും സത്യമാകരുതേ എന്ന്. എന്നാൽ, പിന്നീട് യഥാർത്ഥ്യമാണെന്ന് അറിഞ്ഞപ്പോൾ പലരും കണ്ണുനീർ തുടച്ചു. ഒരു മാതാവിന് എങ്ങനെ ഇങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്നായിരുന്നു ചോദിച്ചത്. പൂളക്കാട്ട് ആറു വയസുകാരൻ ആമിലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതിൽ പൂളക്കാട്ട് ഗ്രാമം കണ്ണീരു തുടച്ചു തീരുന്നില്ല. അവരെ നടുക്കിയത് ആ കൊടും കൃത്യം ചെയ്തത് സ്വന്തം മാതാവും പൊതുവെ ശാന്ത സ്വഭാവക്കാരിയുമായ ഷാഹിദ ആണെന്നതായിരുന്നു.
മദ്രസ അദ്ധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. ഏതാനും മാസങ്ങളായി അവർ മദ്രസയിൽ ജോലിക്ക് പോകുന്നില്ല. പാലക്കാട് എസ്പി. ആർ വിശ്വനാഥ് സ്ഥലത്തെത്തി. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭർത്താവിനേയും ചോദ്യംചെയ്തുവരുന്നു. മറ്റെന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഇവർക്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഷാഹിദയെ കുറിച്ച് നാട്ടുകാർക്കും നല്ലതുമാത്രമാണ് പറയാനുള്ളത്.
ഞായറാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. നഗരത്തിന് സമീപമുള്ള പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശിയായ സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആമിലിനെ കഴുത്തുറത്തുകൊല്ലുകയായിരുന്നു. മാതാവ് തന്നെയാണ് താൻ മകനെ കൊന്നതായി പൊലീസിനെ അറിയിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്.
കണ്ണാടി പഞ്ചായത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്തതെന്ന് പൊലീസ് പറയുന്നു. കാല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു.
പുലർച്ചെ 3-30 തോടെ ലാളിച്ച് വളത്തിയ മകന്റെ കഴിത്തിൽ കത്തിവച്ചത് പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലെന്നാണ് നാട്ടുകാരും വീട്ടുകാരും വിശ്വസിക്കുന്നത്. ഭർത്താവ് സുലൈമാൻ പ്രവാസിയായിരുന്നു. കുറച്ചുകാലമായി നാട്ടിൽ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. ഇന്നലെ താമസിച്ചാണ് താൻ ജോലി കഴിഞ്ഞെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇയാളെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ദൈവകൽപ്പന പ്രകാരമാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരൻ ആമിലിനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്തുകൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല.
മകനെ ബലി നൽകിയതാണെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ ഷാഹിദ കഴുത്തറുത്തുകൊന്നതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവറാണ് ഭർത്താവ് സുലൈമാൻ. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബലി നൽകുന്നതിന് ഇവർക്ക് മറ്റാരെങ്കിലും ഉപദേശം നൽകിയിരുന്നോ എന്ന് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഹം ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് വീട്ടിൽ കൊണ്ടുവരും. തുടർന്ന് പൂളക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മറുനാടന് മലയാളി ബ്യൂറോ