- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയിന്ററുടെ പേരിൽ 50 ലക്ഷം ലോൺ; സഹകരണ ചട്ടങ്ങൾ പ്രകാരം ഒരാൾക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപ; കരുവന്നൂർ ഭാഗത്തെ മിക്ക ആളുകൾക്കും ലോൺ കിട്ടി! ഇഡി അന്വേഷണ സാധ്യത തേടി അമിത് ഷാ; എല്ലാം സിപിഎമ്മിനും അറിയാം
തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ 125 കോടിയിലേറെ രൂപയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് സാധ്യത തേടും. നിയമപരമായി ഇഡിക്ക് ഈ കേസ് അന്വേഷിക്കാൻ കഴിയുമോ എന്നതാണ് കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. സഹകരണ ബാങ്കുകളിലെ ഇത്തരം തട്ടിപ്പുകളിൽ പരിശോധനയ്ക്ക് കേന്ദ്ര സർക്കാരിന് അവസരമൊരുക്കുന്ന തരത്തിൽ ഇടപെടലുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സഹകരണ വകുപ്പിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകും.
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ പൊലീസ് പ്രതിചേർത്ത മുൻ മാനേജർ ക്രമവിരുദ്ധമായി അനുവദിച്ചത് 26 കോടി രൂപയുടെ വായ്പകളെന്നു വിവരം. 50 ലക്ഷം വീതം 52 പേർക്കു വായ്പ നൽകിയ കൂട്ടത്തിൽ മാനേജറുടെ മാതാപിതാക്കൾ, ഭാര്യ, ഭാര്യാപിതാവ് തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരും വായ്പ എടുത്തത് അറിഞ്ഞിട്ടില്ല. അതായത് ഇവരുടെ പേരിലേക്ക് എത്തി പണം മറ്റാരോ കൊണ്ടു പോയെന്നാണ് സംശയം. ഇതെല്ലാം വലിയ ഗൂഢാലോചനയുടെ സാധ്യതകളാണ് തുറന്നിടുന്നത്.
ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് 125 കോടിയാണെന്നാണ് പ്രഥമിക വിലയിരുത്തൽ. എന്നാൽ ഇത് 300 കോടി കവിയും. സിപിഎം പാർട്ടി നേതാക്കൾക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന വിലയിരുത്തൽ സജീവമാണ്. സിപിഎം അന്വേഷണം സംഘവും കണ്ടെത്തിയതായി സൂചനയുണ്ട്. സഹകരണ വകുപ്പു നടത്തുന്ന അന്വേഷണത്തിനു സമാന്തരമായാണു പാർട്ടി ഇത് അന്വേഷിച്ചത്. എന്നാൽ 6 വർഷം മുൻപു ഇതേക്കുറിച്ചു വിവരം കിട്ടിയിട്ടും പാർട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ഇക്കാര്യം മറച്ചു വച്ചുവെന്ന വസ്തുതയും ഉണ്ട്. ഇത് സിപിഎം പ്രാദേശിക നേതാക്കളെ വെട്ടിലാക്കും.
സംസ്ഥാനത്ത് സിപിഎം നയിക്കുന്നൊരു ബാങ്കിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ഷാജനും മുൻ എംപി പി.കെ.ബിജുവാണ് അന്വേഷണം നടത്തിയത്. ക്രമക്കേടുകൾ അവരും കണ്ടെത്തി. ഭൂമി നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഒരു പാർട്ടി അംഗം നൽകിയ പരാതിയെത്തുടർന്നാണു ജില്ലാ കമ്മിറ്റി അന്വേഷിച്ചത്. ഏതായാലും ഈ വിഷയത്തിൽ പാർട്ടി നടപടി എടുക്കും. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനും ഭാര്യയ്ക്കും ജില്ലാ പഞ്ചായത്ത് മുൻ അംഗത്തിനും ഇതേക്കുറിച്ചു വിവരുമുണ്ടായിരുന്നുവെന്നാണു പാർട്ടിക്കു ലഭിച്ച വിവരം.
സിപിഎം നേതാക്കളിൽ പലരും ഗുണഭോക്താക്കളായിരുന്നുവെന്നു വ്യക്തമായ സൂചനയുണ്ട്. ഇക്കാര്യം പാർട്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ സഹകരണ സംഘത്തിന്റെ ചുമതലയുള്ള പാർട്ടി നേതാവും രണ്ടു ലോക്കൽ സെക്രട്ടറിമാരും ഒരു ഏരിയ കമ്മിറ്റി മുൻ അംഗത്തിനും പങ്കുണ്ടെന്നാണു സൂചന. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ തട്ടിപ്പെന്നാണ് പ്രാഥമിക സൂചനകൾ. അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന സംശയവും സജീവമാണ്.
സഹകരണ ബാങ്ക് വായ്പാ ചട്ടങ്ങൾ പ്രകാരം ഒരാൾക്കു പരമാവധി അനുവദിക്കാവുന്ന വായ്പാത്തുക 50 ലക്ഷം രൂപയാണ്. ഈ വായ്പാ പരിധി മറികടന്നാൽ അന്വേഷണം ഉണ്ടായേക്കുമെന്നതിനാൽ കൃത്യം 50 ലക്ഷം രൂപ വീതം ഒട്ടേറെപ്പേർക്കു വായ്പ നൽകിയാണു പ്രതികൾ തട്ടിപ്പു നടത്തിയത്. മുൻ മാനേജർ 52 പേർക്കായി 26 കോടി രൂപ വായ്പയായി നൽകിയപ്പോൾ, പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാരൻ വഴി 48 പേർക്ക് 24 കോടി രൂപയും വായ്പ അനുവദിച്ചു. കമ്മിഷൻ ഏജന്റ് വഴിക്കും 26 കോടി രൂപ വായ്പയായി അനുവദിച്ചു. 3 പ്രതികളിലൂടെ മാത്രം വായ്പയായി പോയത് 76 കോടി രൂപ. ഇതൊന്നും ആരും തിരിച്ചടചചില്ല.
ഇരിങ്ങാലക്കുട മൂർക്കനാട് ഭാഗത്തെ പെയിന്റിങ് തൊഴിലാളിയുടെ പേരിലും 50 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. പലിശ സഹിതം വായ്പ 78 ലക്ഷം രൂപയുടെ കുടിശികയായി ഉയർന്നിട്ടുണ്ട്. തൊഴിലാളിയുടെ പേരിൽ വായ്പ എടുത്തതു വ്യാജരേഖ ചമച്ചാണോ എന്ന കാര്യം അന്വേഷണത്തിന്റെ പരിധിയിൽ വരും. ദിവസക്കൂലിക്കാരായ മറ്റു 2 പേരുടെ കൂടി പേരിൽ 50 ലക്ഷം വീതം വായ്പ അനുവദിച്ചെന്നും വിവരമുണ്ട്. ഇവരെല്ലാം നിയമപരമായി ഇപ്പോൾ കടക്കാരാണ്.
മറുനാടന് മലയാളി ബ്യൂറോ