- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂർ റീസർവേ ഓഫിസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാകാതെ; ഒരു വർഷത്തേക്ക് ലീവ് ചോദിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്; 28 വയസുകാരനായ അംജദിന്റെ തൂങ്ങി മരണം ഉദ്യോഗസ്ഥ പീഡനത്തിന്റെ തുടർകഥ; പ്രതിഷേധവുമായി സർവീസ് സംഘടനകളും
കൊല്ലം: മലപ്പുറം തിരൂർ റീ സർവേ സൂപ്രണ്ട് ഓഫിസിലെ സെക്കൻഡ് ഗ്രേഡ് സർവേയർ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കാവുർ പെരിനാട് കൊയ്പള്ളിൽ വീട്ടിൽ സുരേന്ദ്രബാബുവിന്റെ മകൻ അംജാദിനെ(28)യാണ് എടരിക്കോടുള്ള താമസമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഫെബ്രുവരിയിലാണ് ഇദ്ദേഹം തിരൂരിൽ ജോലിയിൽ പ്രവേശിച്ചത്.
വെള്ളിയാഴ്ച രാവിലെ തിരൂർ താഴെപ്പാലത്തുള്ള റീസർവേ സൂപ്രണ്ട് ഓഫിസിൽ ഹാജരായിരുന്നു. അറ്റൻഡ് രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കാതിരിക്കുകയും കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ 6 ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചതും സഹപ്രവർത്തകർക്കിടയിൽ അവനെ മേലുദ്യഗസ്ഥർ കുറ്റപ്പെടുത്തിയും അനാവശ്യ കാരണങ്ങൾ പറഞ്ഞ് അംജദിനെ മനസികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പിതാവ് സുരേന്ദ്രബാബു മറുനാടനോട് പറഞ്ഞു. ഓഫീസിലെ ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ധം കൂടുതലാണെന്ന് വെള്ളിയാഴ്ച രാവിലെ പിതാവിനെ ഫോണിൽ വിളിച്ച് അംജദ് പറഞ്ഞിരുന്നു. വീട്ടിൽ യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളൊ മറ്റ് പ്രശ്നങ്ങളും ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. സഹപ്രവർത്തകർക്കും പ്രിയങ്കരനായിരുന്നു അംജദ്. ഓഫിസിൽ നിന്നും ഉച്ചയ്ക്ക് താമസസ്ഥലത്തേക്ക് പോയി അംജദ് ആത്മഹത്യ ചെയ്യുകയായിരുന്നു.
റീസർവേ ഡയറക്ടറുടെ പരിശോധന നടക്കേണ്ട ദിവസമായിരുന്നു ഇന്ന്. ഒരു വർഷത്തെ ജോലിയുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള ഫീൽഡ് പരിശോധന നിശ്ചയിച്ചിരുന്നത് ശനിയാഴ്ചയായിരുന്നു. അംജദിന്റെ മരണത്തിന് ശേഷവും റീസർവേ വിഭാഗത്തിലെ മേലാധികാരികൾ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി സമീർ പറഞ്ഞു. സഹപ്രവർത്തകരുടെ പ്രതിഷേധത്തെ ഭയന്നായിരിക്കാം മേലുദ്യോഗസ്ഥർ തുടർ നടപടികളിൽ പോലും സഹകരിക്കാത്തതെന്ന് ജീവനക്കാർ പറയുന്നത്. പിതാവ് :സുരേന്ദ്രബാബു, മാതാവ് : ഷീല, സഹോദരി ആരതി, സഹോദരി ഭർത്താവ് വിജീഷ്.
അംജദിന്റെ മരണത്തിലെ മേലുദ്യോഗസ്ഥ പീഡനം അന്വേഷണം വേണം : അഡ്വ. ഉമ്മർ എംഎൽഎ
തിരൂർ റീസർവേ സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരൻ അംജദ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് അഡ്വ.ഉമ്മർ എംഎൽഎ. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ജീവനക്കാർ പറയുന്നത്. ഇത് അന്വേഷിക്കണമെന്ന് വകുപ്പ് മന്ത്രിയോട് അവശ്യപ്പെട്ടതായി എംഎൽഎ പറഞ്ഞു.
ജീവനക്കാരന്റെ ആത്മഹത്യ സമഗ്ര അന്വേഷണം നടത്തണം : എസ്.ഇ.യു
തിരൂർ റിസർവേ ഒഫീസിലെ ജീവനക്കാരന്റെ ആത്മഹത്യ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫീസിലുണ്ടായിട്ടും ഹാജർ പുസ്തകത്തിൽ ഒപ്പ് വെക്കാൻ അനുവദിക്കാതെയും ഭീഷണിപ്പെടുത്തിയും വകുപ്പ് മേധാവികൾ പീഡിപ്പിച്ചും ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കുകയായിരുന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ( എസ്.ഇ.യു) ജനറൽ സെക്രട്ടറി സമീർ വി.പി മറുനാടനോട് പറഞ്ഞു.