കൊച്ചി: നടിയെ അക്രമിച്ച കേസ് പുതിയ മാനം തേടുമ്പോൾ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം കൊച്ചിയിൽ പുരോഗമിക്കുന്നു.നടിയെ അക്രമിച്ച വിഷയത്തിൽ സംഘടന കൈക്കൊള്ളുന്ന നിലപാട് തന്നെയാവും പ്രധാനമായും യോഗത്തിൽ ചർച്ചയാകുന്നത്.ഇതിനൊപ്പം കേസിൽ സംഘടനയുടെ ട്രഷററായ നടൻ സിദ്ദിഖിനെതിരെയുള്ള വെളിപ്പെടുത്തലും ചർച്ചയാകും.ആദ്യം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതിരുന്ന മുതിർന്ന താരങ്ങളുൾപ്പടെ ഇപ്പോൾ ദിലീപിനെതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ യോഗത്തിലെ തീരുമാനം നിർണ്ണായകമാകും.ദിലീപിനെതിരെ അമ്മ കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന് ഇപ്പോൾ തന്നെ ആവശ്യം ശക്തമായിരിക്കുകയാണ്.

ഇതിനുപുറമെ അമ്മക്കെതിര വിമർശനവുമായി നടി പത്മപ്രിയ രാവിലെ രംഗത്ത് വന്നിരുന്നു.അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂ. എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞിരുന്നു.പ്രസ്താവനയ്ക്ക് തൊട്ട്പിന്നാലെ ചേരുന്ന യോഗമായതിനാൽ തന്നെ ഇതും ചർച്ചയ്ക്ക് വഴിവെക്കും.

ഷമ്മിതിലകനെതിരെയുള്ള നടപടിയാണ് തുടക്കത്തിൽ യോഗം കൂടുതൽ പ്രധാന്യം നൽകിയത്.ഈ സാഹചര്യത്തിലാണ് നടിയെ അക്രമിച്ച കേസ് വീണ്ടും സജീവ ചർച്ചയാകുന്നത്.എങ്കിലും ഷമ്മി തിലകനെതിരെയുള്ള അച്ചടക്ക നടപടിയും യോഗം കൈക്കൊണ്ടേക്കും. അമ്മയുടെ യോഗം മൊബൈലിൽ പകർത്തി എന്നാണ് ഷമ്മിതിലകനെതിരെയുള്ള വിമർശനം.എന്നാൽ പകർത്താൻ പാടില്ലെന്ന് നിയമമില്ലെന്നായിരുന്നു ഷമ്മിയുടെ പ്രതികരണം.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ എക്സിക്യൂട്ടിവ് മീറ്റിങ് ആണിത്.