ദുബായ്: ദുബായ് പൊലീസിനൊപ്പം 42 വർഷം സേവനം അനുഷ്ഠിച്ച മലയാളി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് പയ്യോളി സ്വദേശി കുഴിപരപ്പിൽ അമ്മദ്(61) ആണ് ഈ മാസം അവസാനത്തോടെ ജോലി അവസാനിപ്പിച്ച് ജനിച്ച മണ്ണിലേയ്ക്ക് തിരികെ പോരുന്നത്. 21 വയസ്സുള്ളപ്പോഴാണ് അമ്മദ് എന്ന യുവാവ് ജോലിതേടി യുഎഇയിലെത്തുന്നത്. അമ്മദ് എന്ന ആ ചെറുപ്പക്കാരനെ യുഎഇ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും സ്വപ്‌ന തുല്യമായ ജീവിതം സമ്മാനമായി നൽകുകയുമായിരുന്നു. ഇന്ന് ഈ മണലാരണ്യത്തോട് വിട ചൊല്ലുമ്പോൾ തന്റെ ജീവിതം മനോഹരമാക്കി നൽകിയ് യുഎഇയുടെ ഭരണാധികാരികളോടും ദുബായ് പൊലീസിനോടുമുള്ള കൃതജ്ഞതയാൽ തുളുമ്പുകയാണ് ഇദ്ദേഹത്തിന്റെ മനസ്സ്.

42 വർഷം മുൻപ്, 1978 മെയ്യിലാണ് അമ്മദ് ജോലി തേടി യുഎഇയിലെത്തിയത്. ജോലി തേടി അലഞ്ഞ ഇദ്ദേഹം ഒക്ടോബർ നാലിന് ദുബായ് പൊലീസിൽ ഓഫീസ് ബോയിയായി ജോലിയിൽ പ്രവേശിച്ചതോടെയാണ് തലവര മാറി മറിഞ്ഞത്. സ്വപ്‌നം കണ്ട ജീവിതം സ്വന്തമാക്കാൻ ദുബായ് പൊലീസ് സ്‌റ്റേഷൻ അദ്ദേഹത്തിന് ഒപ്പം നിൽക്കുക ആയിരുന്നു. അൽ മുല്ല പ്ലാസയ്ക്കടുത്തെ ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലായിരുന്നു ആദ്യ നിയമനം. അലി ഖൽഫാനായിരുന്നു അന്ന് അവിടുത്തെ മേധാവി. നീണ്ട 20 വർഷം അവിടെ സേവനത്തിലേർപ്പെട്ടു. അതിനിടെ അലി ഖൽഫാൻ അടക്കമുള്ള ഉന്നത പൊലീസുകാരുമായി സൗഹൃദ ബന്ധമുണ്ടാക്കാനും അമ്മദിന് കഴിഞ്ഞു.

തുടർന്ന് രണ്ട് വർഷം ജുമൈറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു. അവിടെ നിന്ന് അൽ സഫയിലെ പൊലീസ് അക്കാദമിയിൽ എത്തിയ അദ്ദേഹം അവിടെ 18 വർഷവും ജോലി നോക്കി. ഏറ്റവും ഒടുവിൽ സേവനമനുഷ്ഠിച്ച ജുമൈറയിലെ പൊലീസ് അക്കാദമിയിൽ നിന്നാണ് വിരമിക്കുന്നത്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയതാണ് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നതെന്ന് അമ്മദ് പറയുന്നു. മൂത്തമകൻ അബ്ദുല്ല ബിരുദത്തിന് ശേഷം ദുബായിൽ മലബാർ ഗോൾഡിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ഹബീബ് റഹ് മാൻ നാട്ടിൽ ഫിസിയോതെറാപിസ്റ്റാണ്. മകൾ ഹസീബാ നൗഫൽ നാട്ടിൽ അദ്ധ്യാപികയുമാണ്.

890 ദിർഹമായിരുന്നു ആദ്യ ശമ്പളം. കൂടാതെ, താമസവും ഭക്ഷണവും സൗജന്യമായി ലഭിച്ചു. പിന്നീട് തുക കൂടിക്കൂടി പിരിയുന്നതുവരെ നാലായിരത്തോളം ദിർഹം ശമ്പളം ലഭിച്ചുകൊണ്ടിരുന്നു. ആദ്യകാലത്ത് രണ്ട് വർഷത്തിലൊരിക്കൽ ഒരു മാസം നാട്ടിൽ പോയി വരുമായിരുന്നു. പിന്നീട് ഇത് വർഷത്തിലൊരുമാസമായി. ഏറ്റവുമൊടുവിൽ വർഷത്തിൽ രണ്ട് മാസത്തോളം നാട്ടിൽ നിൽക്കാനും അമ്മദിന് അനുവാദം ലഭിച്ചു. അവധിക്കാല വേതനത്തോടൊപ്പം പൊലീസുദ്യോഗസ്ഥർ സമ്മാനങ്ങളും തന്നുവിടാറുണ്ടെന്ന് അമ്മദ് പറയുന്നു. ആദ്യം ജോലി ചെയ്ത ഹെഡ് ക്വാർട്ടേഴ്‌സിന്റെ മേധാവി അലി ഖൽഫാൻ എല്ലാ റമസാനും വിളിച്ച് സമ്മാനം നൽകും. അതുപോലെ മറ്റു പൊലീസുദ്യോഗസ്ഥരുമായും മികച്ച ബന്ധം സൂക്ഷിക്കാനായതും നേട്ടമായി കരുതുന്നു.

ഇതിനിടെ ബന്ധുക്കളെയും നാട്ടുകാരെയുമടക്കം ഒട്ടേറെ പേരെ ദുബായ് പൊലീസിൽ ഓഫീസ് ബോയിമാരായി ജോലിയിൽ കയറാൻ സഹായിച്ചതും സംതൃപ്തി നൽകുന്നു. പൊലീസ് സ്‌റ്റേഷനിലെത്തുന്ന മലയാളികൾക്ക് വേണ്ട സഹായവും അമ്മദ് ചെയ്തു നൽകാറുണ്ട്. എന്നാൽ, നേർവഴിക്കല്ലാത്ത ഒരു കാര്യത്തിനും ആരും അമ്മദിനെ സമീപിക്കുകയും വേണ്ട. ജോലിയിലെ ഈ ആത്മാർഥത തന്നെയാണ് തനിക്ക് ഇത്രയും വർഷം ദുബായ് പൊലീസിൽ യാതൊരു തടസ്സവുമില്ലാതെ സേവനം ചെയ്യാൻ സാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു.