വാമോസ് അമിഗോ പുതുവത്സരം യുവജനങ്ങളോടൊപ്പം ആഘോഷിച്ചു; ഈ വര്‍ഷം സാമൂഹ്യ സേവനങ്ങള്‍ക്ക് മുന്‍ഗണന

Update: 2025-12-31 11:52 GMT

ഷിബു പോള്‍ തുരുത്തിയില്‍

ബ്രിസ്‌ബെയ്ന്‍ ഓസ്‌ട്രേലിയ:വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, 2026-ല്‍ സാമൂഹിക ഉത്തരവാദിത്വം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഘടന നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ഈ വര്‍ഷം പ്രായമായവര്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും, യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകര്‍ഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമായി വാമോസ് അമിഗോ പ്രഖ്യാപിച്ചത്. മുതിര്‍ന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉള്‍പ്പെടുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ കഴിവുകള്‍ സമൂഹ നന്മയ്ക്കായി വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ, പ്രചോദന പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ പുതുവത്സരത്തെ അര്‍ത്ഥവത്താക്കുകയാണ് വാമോസ് അമിഗോയുടെ ലക്ഷ്യമെന്ന് സംഘടന നേതൃത്വം അറിയിച്ചു.

Similar News