ഓണക്കളികളും, പാട്ടുകളും തിരുവാതിരകളിയും ആല്‍ബനി മല്ലൂസിന്റെ ഓണാഘോഷം വര്‍ണാഭമായി
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആല്‍ബനിയില്‍ ആല്‍ബനി മല്ലൂസിന്റെ ഓണാഘോഷം വര്‍ണാഭമായി. സെപ്റ്റംബര്‍ 14-ന് നടന്ന ആഘോഷപരിപാടികള്‍ എംപി റിക്ക് വില്‍സണ്‍, എംഎല്‍എ സ്‌കോട്ട് ലെറി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ജോസ് ഐസക് ഓണസന്ദേശം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ജോബിസണ്‍ ജേക്കബ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തനിമ വിളിച്ചോതുന്ന വിവിധ ആഘോഷപരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
ഓണക്കളികള്‍, പാട്ടുകള്‍, നൃത്തങ്ങള്‍, തിരുവാതിര തുടങ്ങിയ വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വാശിയേറിയ വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു. എംപിയും എംഎല്‍എയും തിരുവാതിരകളി ആസ്വദിക്കുകയും കേരള തനിമയുള്ള ഓണസദ്യയില്‍ പങ്കുചേരുകയും ചെയ്തു. ആശംസകള്‍ അറിയിച്ചുകൊണ്ട് എംപി റിക്ക് വില്‍സണ്‍, എംഎല്‍എ സ്‌കോട്ട് ലെറി എന്നിവര്‍ സംസാരിച്ചു.
55 കുടുംബങ്ങള്‍ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു.ആല്‍ബനിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കുടുംബങ്ങളെ എം.പി. പൊന്നാട അണിയിച്ചും എം.എല്‍.എ. മൊമന്റോ നല്‍കിയും ആദരിച്ചു. പരിപാടികള്‍ക്ക് കമ്മിറ്റി കണ്‍വീനേഴ്‌സ് ജോബിസണ്‍ ജേക്കബ്, എലീസ, റോബിന്‍, രോഹിത്, റോഷന്‍, ഹരി, എന്നിവര്‍ നേതൃത്വം നല്‍കി.