വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
തൃശ്ശൂര്‍ : വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തൃശ്ശൂര്‍ അന്തിക്കാട് സ്വദേശിനിയായ 25 വയസ്സുകാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവാഴ്ച രാവിലെ 7.45 നാണു സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിവരമറിഞ്ഞ അയല്‍വാസികള്‍ ഉടന്‍തന്നെ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി.
കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം തൃപ്രയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് മനു പി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മിഥിന്‍ ഇ.എം എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മിഥിന്‍ അമ്മയും കുഞ്ഞുമായുളള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് മനു തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.