ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം : ഡിസംബര്‍ 15ന് എറണാകുളത്ത്; ആഘോഷ സമിതി രൂപികരിച്ചു
കൊച്ചി : മാള്‍വാ രാജ്യത്തിന്റെ മഹാറാണിയും ഭാരതത്തിന്റെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പരിഷ്‌ക്കര്‍ത്താവുമായിരുന്ന ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ ത്രിശതാബ്ദി ആഘോഷത്തിനായി എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ സമിതി രൂപികരിച്ചു.
സ്വാമി അനഘാമൃതാനന്ദപുരി, റിട്ട.ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന്‍, ആര്‍.വി.ബാബു, ഡോ.അര്‍ച്ചന എന്നിവര്‍ രക്ഷാധികാരികളായ സമിതിയുടെ പ്രസിഡന്റായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ചെയര്‍മാന്‍ മധു എസ്.നായര്‍, വര്‍ക്കിംഗ് പ്രസിഡന്റായി ശബരിമല അയ്യപ്പ സേവാ സമാജം അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ്.ജെ.ആര്‍.കുമാര്‍, ജനറല്‍ കണ്‍വീനറായി ആര്‍.സുധേഷ്, ജോയിന്റ് ജനറല്‍ കണ്‍വീനറായി പി.പി.രാജന്‍, ട്രഷററായി കെ.വി.സത്യന്‍ അടക്കം 51അംഗ സമിതിയെ തെരഞ്ഞെടുത്തു.
ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 3 മണിക്ക് എറണാകുളം ശിവ ക്ഷേത്ര പരിസരത്ത് നിന്നും തുടങ്ങുന്ന, അഹല്യാബായി ഹോള്‍ക്കരുടെ വേഷധാരികളായ 300 ബലികമാര്‍, വിവിധ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, കാവടി എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ശോഭായാത്രയും തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് രാജേന്ദ്ര മൈതാനിയില്‍ വെച്ച് സാംസ്‌കാരിക സമ്മേളനവും നടത്തുവാന്‍ ആഘോഷ സമിതി തീരുമാനിച്ചു.