'ഈ ആനകള്‍ ഇടയില്ല'; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമര്‍പ്പിച്ച് വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ്
കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ആലപ്പുഴ ജില്ലയിലെ രണ്ട് പ്രമുഖ ക്ഷേത്രങ്ങളില്‍ റോബോട്ടിക് ആനകളെ സമര്‍പ്പിച്ചു. വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് (VFAES) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ജീവനുള്ള ആനകള്‍ക്ക് പകരം അത്യാധുനികമായ ഈ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേര്‍ത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രലേക്കുമാണ് റോബോട്ടിക് ആനകളെ കൈമാറിയത്. 'നീലംകുളങ്ങര വിഷ്ണുദാസന്‍', 'ഓംകാരേശ്വരം രാമസേനാപതി' എന്നീ റോബോട്ടിക് ആനകളെ പൂര്‍ണ്ണമായ ആചാരങ്ങളോടെ ക്ഷേത്രസമിതികള്‍ ഏറ്റുവാങ്ങി.
ചാലക്കുടിയിലെ ഫോര്‍ ഹീ- ആര്‍ട്സ് ക്രിയേഷന്‍സ് ആര്‍ട്ടിസ്റ്റ് പ്രശാന്ത് പ്രകാശിന്റെ നേതൃത്വത്തില്‍ ഫൈബറും റബ്ബറും ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചത്. പത്തടി ഉയരവും 500 കിലോ ഭാരവുമുള്ള ഈ റോബോട്ടിക് ആനകളുടെ കണ്ണുകള്‍, ചെവികള്‍, തുമ്പിക്കൈ, വാല്‍ എന്നിവ ചലിക്കുന്നവയാണ്. എഴുന്നള്ളത്ത് സമയത്ത് നാല് പേര്‍ക്ക് വരെ ഇവയുടെ പുറത്ത് കയറാന്‍ സാധിക്കും. പാരമ്പര്യവും ആചാരപ്പൊലിമയും ഒട്ടും ചോര്‍ന്നുപോകാതെ തന്നെ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.
2025 മാര്‍ച്ച് ഒന്നിനും 2026 ജനുവരി രണ്ടിനും ഇടയിലുള്ള വെറും പത്ത് മാസത്തിനിടെ കേരളത്തില്‍ 20 ആനകളാണ് ചരിഞ്ഞതെന്ന് വി.എഫ്.എ.ഇ.എസ് ചൂണ്ടിക്കാട്ടുന്നു. 'ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, എന്നാല്‍ അവ മറ്റൊരു ജീവിയുടെ കണ്ണുനീരില്‍ കെട്ടിപ്പടുക്കേണ്ടവയല്ല. ഉത്സവപ്പറമ്പുകളിലെ അമിതമായ ശബ്ദകോലാഹലങ്ങളും ചുട്ടുപൊള്ളുന്ന വെയിലും ആനകളില്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും അവ അക്രമാസക്തരാകാനും ഭയാനകമായ ദുരന്തങ്ങള്‍ സംഭവിക്കാനും കാരണമാകുന്നു. കാടുകളില്‍ സ്വതന്ത്രമായി കഴിയേണ്ട ആനകളെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് മാറ്റുന്നത് അവയുടെ അകാല മരണത്തിനും കാരണമാകുന്നു. അടുത്തകാലത്തതായി ഉത്സവങ്ങള്‍ക്ക് വരുന്ന ആനകളുമായി ബന്ധപ്പെട്ട അപകടങ്ങളും പാപ്പാന്മാരുടെ ദാരുണ അന്ത്യവുമെല്ലാം നിലവിലെ രീതികള്‍ മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണന്ന് വി.എഫ്.എ.ഇ.എസ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറഞ്ഞു.
'ആനകളും വെടിക്കെട്ടും പണ്ടേ മുതല്‍ നമ്മുടെ ക്ഷേത്രോത്സവങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഭാഗങ്ങളാണ്. പക്ഷേ, സുരക്ഷയ്ക്കും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, രണ്ടും ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ജീവജാലങ്ങളോട് കാരുണ്യം കാണിക്കാന്‍ ഈ നൂതന സംരംഭം സഹായിക്കും.' നീലംകുളങ്ങര ക്ഷേത്ര സമിതി പ്രസിഡന്റ് പി. ആര്‍. പുരുഷന്‍ പറഞ്ഞു.
മനോഹരമായ റോബോട്ടിക് ആനയെ സ്‌പോണ്‍സര്‍ ചെയ്ത വോയ്സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സിലെ (വിഎഫ്എഇ) അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിന്റെ ധാര്‍മ്മിക, സുരക്ഷാ പ്രശ്നങ്ങളെയുംകുറിച്ച് ക്ഷേത്രങ്ങളില്‍ അവബോധം വളരുന്നു വരുകയാണെന്ന് ഓംകാരേശ്വരം ക്ഷേത്ര സമിതി പ്രസിഡന്റ് എന്‍.ആര്‍. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
നേരത്തെ തമിഴ്നാട്ടിലെ ശ്രീ ശങ്കരന്‍ കോവിലിലും തൃശ്ശൂര്‍ ചക്കംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലും സംഘടന റോബോട്ടിക് ആനകളെ നല്‍കിയിരുന്നു. കൂടാതെ, നിലമ്പൂരില്‍ 340 കാട്ടാനകള്‍ക്കായി സുരക്ഷിത ഇടനാഴി ഉറപ്പാക്കാന്‍ നാല് ഏക്കര്‍ ഭൂമി വിട്ടുനല്‍കിയതും പശ്ചിമ ബംഗാളില്‍ 'എലിസെന്‍സ്' എഐ സാങ്കേതികവിദ്യയിലൂടെ ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കിയതും സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
