തായ് യുവതിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സുഖ പ്രസവം

Update: 2025-07-25 11:00 GMT

കൊച്ചി: തായ്‌ലന്റ് സ്വദേശിനിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സുഖ പ്രസവം. മസ്‌ക്കറ്റില്‍ നിന്നും മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യുവതി ആരോഗ്യവാനായ ആണ്‍കുട്ടിയെ പ്രസവിച്ചത്.

വിമാന യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് അടിയന്തര പരിചരണം നല്‍കിയത്. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിശീലന സജ്ജരായ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് വിമാനത്തിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം സാധ്യമാക്കിയത്.

ഇതേ സമയം പൈറ്റലറ്റുമാര്‍ ഈ വിവരം എടിസിയെ അറിയിച്ച് മുന്‍ഗണനയോടെ വിമാനം മുംബൈയില്‍ ഇറക്കി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് സഹായത്തിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ വനിത ജീവനക്കാരിയും ആശുപത്രിയിലേക്ക് ഒപ്പം പോയി. യാത്രക്കാരിയായ നഴ്‌സും സഹായത്തിനെത്തിയതോടെ വിമാനം ലാന്റ് ചെയ്യുന്നതിന് 45 മിനിറ്റ് മുന്‍പ് തന്നെ സുഖപ്രസവം സാധ്യമായി.

യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ലാന്റ് ചെയ്യിച്ച് ആശുപത്രിയിലേക്ക് മാറ്റാനായത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരുടെ പരിശീലന മികവിന് പുറമെ കരുണയും സഹാനുഭൂതിയും കൂടിയാണ് വരച്ചുകാട്ടുന്നത്. യുവതിയുടേയും കുഞ്ഞിന്റേയും മടക്കയാത്ര സംബന്ധിച്ച് മുംബൈയിലെ തായ്‌ലന്റ് കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Tags:    

Similar News