നാലാമത് ജി- ടെക് മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

Update: 2026-02-14 14:04 GMT

കൊച്ചി: യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇന്‍ഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. 15ന് പുലര്‍ച്ചെ 4.30ന് ഇന്‍ഫോപാര്‍ക്ക് ക്യാംപസിലാണ് മാരത്തണ്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നത്. സന്‍സ്‌കാര സ്‌കൂളിന് എതിര്‍വശം ഒരുക്കിയിട്ടുള്ള സ്റ്റാര്‍ട്ടിങ് പോയിന്റില്‍നിന്നും ആരംഭിക്കുന്ന മാരത്തണ്‍, ഇന്‍ഫോപാര്‍ക്ക് ഫേസ് 1,2, രാജഗിരി വാലി, കിന്‍ഫ്ര എക്‌സിബിഷന്‍ സെന്റര്‍, സ്മാര്‍ട്ട്സിറ്റി എന്നിവയിലൂടെ പ്രവേശിച്ചു തിരികെ ഫിനിഷിങ് പോയിന്റില്‍ എത്തിച്ചേരും.

റണ്ണേഴ്‌സിന്റെ ആരോ?ഗ്യ സംരക്ഷണത്തിനായി സണ്‍റൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രാഥമിക മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള ആരോഗ്യ സേവനങ്ങള്‍ ഒന്നിടവിട്ട പോയിന്റുകളില്‍ ഒരുക്കും. ഇതിനായി അഞ്ഞൂറിലധികം വരുന്ന വളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കും. മാരത്തണ്‍ കടന്നുപോകുന്ന ഇടങ്ങളിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഹരിതചട്ടപ്രകാരമാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്നും ഒറ്റത്തവണ ഉപയോഗ്യയോഗ്യമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ മാരത്തണ്‍, 3 കിലോമീറ്റര്‍ റണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കൊച്ചി മേയര്‍ വി കെ മിനിമോള്‍, മറ്റു രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'നോ ടു ഡ്രഗ്‌സ്, യെസ് ടു ഫിറ്റ്‌നസ്' (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് മാരത്തണിന്റെ പ്രമേയം.

Similar News